തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർവർ ഡൗൺ, പേയ്‌മെന്റ് ഫെയിൽ, സ്ലോ ലോഡിങ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത.
കൂടുതൽ വേഗതയും പുതിയ ഫീച്ചറുകളുമായി ഐആർസിടിസി പുതിയ വെബ്സൈറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
പുതിയ വെബ്സൈറ്റ് ഓഗസ്റ്റിലെ രണ്ടാം ആഴ്ചയിലോ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചോ പ്രവർത്തനം ആരംഭിച്ചേക്കും. എന്നാൽ ഔദ്യോഗിക ലോഞ്ച് തീയതി ഐആർസിടിസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
തത്കാൽ ബുക്കിങ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന പോപ്പ്-അപ്പുകൾ, പരസ്യ ബാനറുകൾ, ആവർത്തിച്ചുള്ള ക്യാപ്ച പരിശോധനകൾ എന്നിവ കുറയും
പുതിയ സംവിധാനത്തിൽ ബുക്കിങ് സമയത്ത് തന്നെ യാത്രക്കാർക്ക് ഇഷ്ടമുള്ള സീറ്റ് അല്ലെങ്കിൽ ബെർത്ത് തിരഞ്ഞെടുക്കാൻ കഴിയും. നിലവിലെ സംവിധാനത്തേക്കാൾ കൂടുതൽ സൗകര്യപ്രദമായ അനുഭവമാണ് ലക്ഷ്യം.
വിവിധ ദിവസങ്ങളിലെ ടിക്കറ്റ് നിരക്കുകൾ ഒരുമിച്ച് കാണാൻ ഫെയർ കലണ്ടർ സൗകര്യവും. യാത്രാ തീയതിയിൽ ഇളവ് വരുത്താൻ കഴിയുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ കണ്ടെത്താൻ ഇത് സഹായിക്കും.
സ്ലീപ്പർ മുതൽ എസി ടു ടയർ വരെ എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരേ സ്ക്രീനിൽ പരിശോധിക്കാം. വിവിധ ഇന്ത്യൻ ഭാഷകൾക്കും പുതിയ വെബ്സൈറ്റിൽ പിന്തുണ ലഭിക്കും.
ഭിന്നശേഷിക്കാർ, വിദ്യാർഥികൾ, രോഗികൾ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള ഇളവ് ടിക്കറ്റുകളും പുതിയ പ്ലാറ്റ്ഫോമിലൂടെ എളുപ്പത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്.
പുതിയ പ്ലാറ്റ്ഫോമിന് ഒരു മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകൾ കൈകാര്യം ചെയ്യാനാകും. സർവർ തകരാർ, ബുക്കിങ് പരാജയം, പേമെന്റ് തടസം തുടങ്ങിയ പ്രശ്‍നങ്ങൾ കുറയും