Latest Videos

തെങ്ങ് ചതിക്കില്ല, പക്ഷേ കേരാ ഫെഡ്! ഒന്നും രണ്ട് കോടിയല്ല, 18 കോടിയാണ് കര്‍ഷകർക്ക് കൊടുക്കാനുള്ളത്, ദുരിതം

By Web TeamFirst Published Nov 4, 2023, 3:17 PM IST
Highlights

വിലിയിടിവില്‍ നിന്ന് നാളികേര കര്‍ഷകരെ രക്ഷിക്കാനാണ് താങ്ങ് വിലക്ക് പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ കേരാ ഫെഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: പച്ചത്തേങ്ങ സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് കേരാ ഫെഡ് നല്‍കാനുള്ളത് 18 കോടിയോളം രൂപ. പണം കുടിശ്ശികയായതോടെ നഷ്ടം സഹിച്ചും പൊതുവിപണിയില്‍ തേങ്ങ വില്‍ക്കേണ്ട അവസ്ഥയിലാണ് നാളികേര കര്‍ഷകര്‍. സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്തതാണ് കേരാ ഫെഡിനെ പ്രതിസന്ധിയിലാക്കുന്നത്. വിലിയിടിവില്‍ നിന്ന് നാളികേര കര്‍ഷകരെ രക്ഷിക്കാനാണ് താങ്ങ് വിലക്ക് പച്ചത്തേങ്ങ സംഭരിക്കാന്‍ സര്‍ക്കാര്‍ കേരാ ഫെഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ വിറ്റ തേങ്ങയുടെ വില കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണമെന്നതാണ് കര്‍ഷകരുടെ സ്ഥിതി. കേരാ ഫെഡ് പച്ചത്തേങ്ങ സംഭരിച്ച വകയില്‍ കിട്ടേണ്ട തുക കഴിഞ്ഞ മൂന്നു മാസമായി കര്‍ഷകര്‍ക്ക് കുടിശ്ശികയാണ്. കിലോയ്ക്ക് 34 രൂപയാണ് താങ്ങുവില. പൊതു വിപണിയില്‍ 29 രൂപ വരെയാണുള്ളത്. നഷ്ടമാണെങ്കിലും തേങ്ങ വിറ്റാല്‍ ഉടന്‍ തന്നെ പണം കിട്ടുമെന്നതിനാല്‍ പൊതു വിപണിയെ ആശ്രയിക്കുകയാണ് കര്‍ഷകര്‍ ഭൂരിഭാഗവും.

കേരാ ഫെഡ് 60 കേന്ദ്രങ്ങള്‍ വഴിയാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. സംസ്ഥാന സര്‍ക്കിരില്‍ നിന്നുള്ള ഫണ്ട് കേരാ ഫെഡിന് കിട്ടാത്തതാണ് ഇത്രയധികം കുടിശ്ശിക വരാന്‍ കാരണം. പൊതു വിപണിയിലെ തേങ്ങയുടെ വിലയും താങ്ങുവിലയും തമ്മില്‍ എത്ര രൂപയാണോ വ്യത്യാസം വരുന്നത് ആ തുകയാണ് സര്‍ക്കാര്‍ കേരാ ഫെഡിന് നല്‍കേണ്ടത്.

ഇതിനു പുറമേ സംഭരണത്തിന് വരുന്ന കൈകാര്യ ചെലവും സര്‍ക്കാര്‍ നല്‍കണം. ഈ പണം സര്‍ക്കാര്‍ കൃത്യസമയത്ത് കൈമാറാത്തതാണ് കേരാ ഫെഡിനെ വലയ്ക്കുന്നത്. 20 കോടിയിലധികം രൂപ സര്‍ക്കാര്‍ കേരാ ഫെഡിന് നല്‍കാനുണ്ട്. കര്‍ഷകര്‍ക്ക് നല്‍കാനുള്ള പണം ഈ മാസം പകുതിയോടെ കൊടുത്തു തീര്‍ക്കുമെന്നാണ് കേരാ ഫെഡ് അധികൃതരുടെ വിശദീകരണം.

ഭാര്യയുടെ സഹപാഠിയെ പറഞ്ഞ് പേടിപ്പിച്ചു; മുറ്റത്ത് 2 പൊതി കൊണ്ടിട്ടു, പണം തന്നില്ലെങ്കിൽ...; അവസാനം കുടുങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!