Latest Videos

നമ്മളുപയോ​ഗിക്കുന്ന പല പച്ചക്കറികളും നമ്മുടെ നാട്ടുകാരല്ല, കടൽ കടന്നെത്തിയ ആ പച്ചക്കറികൾ ഏതെല്ലാം? 

By Web TeamFirst Published Nov 1, 2023, 5:12 PM IST
Highlights

നമുക്ക് ഏറെ പ്രിയപ്പെട്ടതും എന്നാൽ മറ്റൊരിടത്തുനിന്നും നമ്മുടെ നാട്ടിലേക്ക് വന്നതുമായ മറ്റൊരു പച്ചക്കറിയാണ് നമ്മുടെ വെണ്ടക്ക. ആഫ്രിക്കയാണ് വെണ്ടക്കയുടെ ജന്മദേശം.

ദിനമെന്നോണം നാം ഇന്ത്യക്കാർ നമ്മുടെ ഭക്ഷണമുണ്ടാക്കാൻ ഉപയോ​ഗിക്കുന്ന അനേകം പച്ചക്കറികളുണ്ട്. ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക് എന്നിവയെല്ലാം അതിൽ പെടുന്നു. എന്നാൽ, നമ്മളുപയോ​ഗിക്കുന്ന പല പച്ചക്കറികളും നമ്മുടെ രാജ്യത്ത് ഉത്ഭവിച്ചതല്ല. മറിച്ച് പല രാജ്യങ്ങളിൽ നിന്നായി വന്നവയാണ്. അത്തരത്തിലുള്ള ചില പച്ചക്കറികൾ ഏതാണ് എന്ന് നോക്കാം. 

ഉരുളക്കിഴങ്ങ്

നിരവധി വിഭവങ്ങളുണ്ടാക്കാൻ നാം ഉപയോ​ഗിക്കുന്ന പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. സാമ്പാറടക്കമുള്ള കറികളും മസാല ബോണ്ട അടക്കമുള്ള കടികളും അതിൽ പെടുന്നു. നോർത്ത് ഇന്ത്യയിലാവട്ടെ ബിരിയാണിയിൽ വരെ ഉരുളക്കിഴങ്ങ് പ്രധാനഘടകമായിരിക്കുന്ന നാടുകളുണ്ട്. എന്നാൽ, ഈ ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടുകാരനല്ല. മറിച്ച് തെക്കേ അമേരിക്കയിലെ ആന്തിസ് പ്രദേശത്ത് നിന്നും വന്നതാണ്. 17 -ാം നൂറ്റാണ്ടിൽ പോർച്ചു​ഗീസുകാരാണ് ഇന്ത്യയിലേക്ക് ഉരുളക്കിഴങ്ങ് കൊണ്ടുവരുന്നത്. 

തക്കാളി

തക്കാളിയും നമുക്ക് ഏറെ പ്രധാനിയായ ഒരു പച്ചക്കറി തന്നെ. തക്കാളി ഇല്ലാത്ത അടുക്കളകൾ കേരളത്തിൽ ചുരുക്കമായിരിക്കും. എന്തിന് ഇന്ന് പലരും സ്വന്തം വീട്ടിൽ തന്നെ ആവശ്യത്തിനുള്ള തക്കാളികൾ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, മധ്യ, തെക്കേ അമേരിക്കയിൽ കൃഷി ചെയ്യുന്നതായിരുന്നു തക്കാളി. അതും പോർച്ചു​ഗീസുകാർ തന്നെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 

മുളക്

നമുക്ക് പച്ചമുളക് ഇല്ലാത്ത കറികളും തോരനും ഒക്കെ കുറവായിരിക്കും അല്ലേ? നേരത്തെ പറഞ്ഞതുപോലെ പച്ചമുളകില്ലാത്ത മലയാളി അടുക്കളകൾ കുറവായിരിക്കും. എന്നാൽ, ഈ പച്ചമുളകും കൊളോണിയൽ യു​ഗത്തിൽ പോർച്ചു​ഗീസുകാർ തന്നെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 

വെണ്ടക്ക

നമുക്ക് ഏറെ പ്രിയപ്പെട്ടതും എന്നാൽ മറ്റൊരിടത്തുനിന്നും നമ്മുടെ നാട്ടിലേക്ക് വന്നതുമായ മറ്റൊരു പച്ചക്കറിയാണ് നമ്മുടെ വെണ്ടക്ക. ആഫ്രിക്കയാണ് വെണ്ടക്കയുടെ ജന്മദേശം. അടിമക്കച്ചവടത്തിന്റെ ഭാ​ഗമായിട്ടാണ് ഇന്ത്യയിലേക്ക് വെണ്ടക്ക എത്തിയത്. 

കാരറ്റ്

കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ കൃഷി ചെയ്യുന്ന പച്ചക്കറിയാണ് കാരറ്റ്. നമ്മുടെ പല വിഭാവങ്ങളിലും കാരറ്റ് പ്രധാനി തന്നെ. എന്നാൽ, കാരറ്റിന്റെ ജന്മദേശം മധ്യേഷ്യയാണ്. സിൽക്ക് റോഡ് ട്രേഡ് വഴിയാണ് ഇന്ത്യയിൽ കാരറ്റ് എത്തുന്നത്. 

കോളിഫ്ലവർ, കാബേജ്, ബ്രൊക്കോളി, കാപ്സിക്കം തുടങ്ങിയവയും ഇതുപോലെ നമ്മുടെ നാട്ടുകാരല്ല. 

വായിക്കാം: മനുഷ്യന്റെയും മൃ​ഗങ്ങളുടെയും ജീവന് ഭീഷണി, പാരിസ്ഥിതികാഘാതം; ചൈനീസ് മാഞ്ച നിരോധിച്ച് തമിഴ്നാട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:

youtubevideo

click me!