
കൊച്ചി: പ്ലാസ്റ്റിക് ക്രിസ്മസ് ട്രീകൾക്കു പകരം കൃഷിവകുപ്പ് അവതരിപ്പിച്ച പ്രകൃതിദത്ത ക്രിസ്മസ് ട്രീകൾ ഹിറ്റാകുന്നു. എറണാകുളം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള, സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ ഇത്തരം ക്രിസ്മസ് ട്രീകളുടെ വിൽപ്പന തകൃതിയാണ്. വിദേശരാജ്യങ്ങളിലും മറ്റും ക്രിസ്മസ് ട്രീ ഒരുക്കാൻ ഉപയോഗിക്കുന്ന പൈൻ വർഗ്ഗത്തിൽപ്പെട്ട എട്ടു മാസത്തോളം പ്രായമുള്ള അരോക്കേറിയ(കുന്തിരിക്ക) ചെടികളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൃഷിവകുപ്പിന്റെ 'ഗ്രീൻ ക്രിസ്മസ്' പദ്ധതിയുടെ ഭാഗമാണിത്.
ക്രിസ്മസ് തീം അനുസരിച്ച് പെയിന്റടിച്ച 8 ഇഞ്ച് വലുപ്പമുള്ള മൺചട്ടികളിൽ വളർത്തിയ രണ്ടടി പൊക്കമുള്ള ചെടികളാണ് വിൽപനക്കുള്ളത്. രണ്ട് തട്ടു വരെ ഇലകളുള്ള ചെടികൾക്ക് 300 രൂപയും അതിനുമുകളിലുള്ളവയ്ക്ക് 400 രൂപയുമാണ് വില.
വിൽപ്പനയ്ക്ക് തയ്യാറാക്കിയ 500 ക്രിസ്മസ് ട്രീകളിൽ പാതിയിലേറെയും വിറ്റു തീർന്നതായി, സംസ്ഥാന വിത്തുൽപാദന കേന്ദ്രം മേധാവി (അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ) ലിസിമോൾ ജെ. വടക്കൂട്ട് അറിയിച്ചു. രണ്ടുവർഷം വരെ ചെടികൾ ചട്ടിയിൽ വളർത്താം. നിലത്ത് വച്ചുപിടിപ്പിച്ചാൽ വർഷങ്ങളോളം ക്രിസ്മസ് ട്രീ ഒരുക്കാൻ ഉപയോഗിക്കാം.
വിത്തുൽപാദന കേന്ദ്രത്തിലേക്ക് കരമാർഗം വഴിയില്ല. ആലുവ- കാലടി റൂട്ടിൽ കിഴക്കേ ദേശത്തുള്ള തൂമ്പാക്കടവിൽ നിന്ന് ചങ്ങാടത്തിൽ എത്തിച്ചേരാം (കടവിൽ മണി സ്ഥാപിച്ചിട്ടുണ്ട്). ഫോൺ: 9048910281, 7012476077.