ഇലകളുടെ ഭംഗിയുമായി കലാഡിയം; നടീല്‍വസ്തു തണുപ്പുകാലത്ത് സൂക്ഷിച്ചുവെക്കാം

By Web TeamFirst Published Jan 31, 2021, 8:22 AM IST
Highlights

കലാഡിയം യഥാര്‍ഥത്തില്‍ ഇലച്ചെടിയാണെങ്കിലും കൗതുകമുള്ള പൂക്കളുമുണ്ടാകാറുണ്ട്. ചെറിയ പാളമടല്‍ അല്ലെങ്കില്‍ കൊതുമ്പിന്റെ ആകൃതിയിലുള്ള പൂക്കള്‍ക്ക് ഇതളുകളുണ്ടാകില്ല. 

ആകര്‍ഷകമായ ഇലകളോടുകൂടിയ കലാഡിയം വേനല്‍ക്കാലത്ത് നമ്മുടെ പൂന്തോട്ടത്തില്‍ ശോഭിച്ചുനില്‍ക്കുന്ന ഇലച്ചെടിയാണ്. മഴക്കാലത്തും തണുപ്പുകാലത്തും ഇലകളുടെ നിറം ചെറുതായൊന്ന് മങ്ങുന്നത് കാണാം. ഈ ചെടിയുടെ മണ്ണിനടിയിലുള്ള ഭൂകാണ്ഡം കുഴിച്ചെടുത്ത് തണുപ്പുകാലത്ത് പ്രത്യേകമായി സൂക്ഷിച്ച് വെച്ച ശേഷം നടാന്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ആരോഗ്യമുള്ള തൈകള്‍ വളര്‍ത്തിയെടുക്കാം. കലാഡിയം ചെടി വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വേരുകള്‍ അധികം ആഴത്തില്‍ വളരുന്നതല്ലാത്തതിനാല്‍ കുഴിച്ചെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വേരുകള്‍ക്ക് ക്ഷതം പറ്റാതെ പിഴുതെടുത്ത് ഭൂകാണ്ഡത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് വെള്ളമൊഴിച്ച് ഒഴിവാക്കണം. അതിനുശേഷം പത്രക്കടലാസില്‍ വെച്ച് ഈര്‍പ്പമില്ലാത്ത സ്ഥലത്ത് വെച്ച് ഉണക്കിയെടുക്കണം. വേരുകള്‍ പരിശോധിച്ച് അഴുകിയ ഭാഗങ്ങളുണ്ടെങ്കില്‍ മുറിച്ചുകളയണം. ഒരാഴ്ചയില്‍ കൂടുതല്‍ ചൂടുള്ള അന്തരീക്ഷത്തില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാതെ ഈ കിഴങ്ങ് പോലുള്ള ഭാഗം സൂക്ഷിക്കണം.

ചെടിയുടെ മുഴുവന്‍ ഭാഗങ്ങളും ഉണങ്ങി ഇലകള്‍ ബ്രൗണ്‍ നിറത്തിലാകുമ്പോള്‍ എളുപ്പത്തില്‍ ഭൂകാണ്ഡത്തില്‍ നിന്നും പിഴുതെടുക്കാവുന്നതാണ്. ഉണങ്ങാനെടുക്കുന്ന സമയം വ്യത്യാസപ്പെടാം. തിടുക്കപ്പെടാതെ പൂര്‍ണമായും ഭൂകാണ്ഡം ഉണങ്ങിയ ശേഷം സൂക്ഷിച്ചുവെക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അഴുകാന്‍ സാധ്യതയുണ്ട്.

മുഴുവന്‍ ഇലകളും ഒഴിവാക്കിയ ശേഷം വേരുകള്‍ ചെത്തിക്കുറച്ച് വെട്ടിയൊരുക്കി നിര്‍ത്തണം. ഇപ്രകാരം തയ്യാറാക്കിയ ഭൂകാണ്ഡം അഥവാ ഭൂമിക്കടിയില്‍ വളരുന്ന കിഴങ്ങ് പോലെയുള്ള ഭാഗം വെര്‍മിക്കുലൈറ്റും പീറ്റ് മോസും മണലും കലര്‍ന്ന നടീല്‍ മിശ്രിതത്തില്‍ ഒരിഞ്ച് അകലം വരത്തക്കവിധത്തില്‍ ക്രമീകരിക്കണം. ഈ സമയത്ത് സള്‍ഫര്‍ അടങ്ങിയ കുമിള്‍നാശിനി സ്‌പ്രേ ചെയ്യാറുണ്ട്. ഈ ഭൂകാണ്ഡത്തിന് മുകളില്‍ മൂന്ന് ഇഞ്ച് കനത്തില്‍ നടീല്‍ മിശ്രിതമിട്ട് മൂടണം. ഈ പാത്രം നേരിട്ട് സൂര്യപ്രകാശം പതിക്കാത്ത വരണ്ട സ്ഥലത്ത് സൂക്ഷിക്കണം. തണുപ്പുകാലത്ത് സൂക്ഷിക്കുമ്പോള്‍ നടീല്‍ മിശ്രിതം ഉണങ്ങിയിരിക്കണം.

മഞ്ഞുകാലം മാറിക്കഴിഞ്ഞാല്‍ സൂക്ഷിച്ചുവെച്ച ഭൂകാണ്ഡം പൂന്തോട്ടത്തിലേക്ക് നടാവുന്നതാണ്. നല്ല നീര്‍വാര്‍ച്ചയുള്ള നടീല്‍ മിശ്രിതം തയ്യാറാക്കി മുകുളങ്ങള്‍ വന്നു തുടങ്ങിയ ഭൂകാണ്ഡത്തിന്റെ ഭാഗം മുകളിലേക്ക് വരത്തക്ക വിധത്തില്‍ നടണം.

കൃത്യമായ ഇടവേളകളില്‍ നനയ്ക്കുകയും ഈര്‍പ്പം നിലനിര്‍ത്താനായി പുതയിടല്‍ നടത്തുകയും ചെയ്യണം. ശലഭത്തിന്റെ ലാര്‍വകളും മുഞ്ഞകളും കലാഡിയത്തിന്റെ ഇലകള്‍ നശിപ്പിക്കാറുണ്ട്. ഇത്തരം കീടങ്ങളെ നിരീക്ഷണത്തിലൂടെ കണ്ടെത്തി ഒഴിവാക്കുകയാണ് നല്ലത്. ആക്രമണം കൂടുതലായാല്‍ ബാസിലസ് തുറിന്‍ജിയെന്‍സിസ് പ്രയോഗിക്കാവുന്നതാണ്. ഭൂകാണ്ഡത്തിനെ ബാധിക്കുന്ന റൈസോക്ടോണിയ, പൈത്തിയം എന്നീ കുമിള്‍ രോഗങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

കലാഡിയം യഥാര്‍ഥത്തില്‍ ഇലച്ചെടിയാണെങ്കിലും കൗതുകമുള്ള പൂക്കളുമുണ്ടാകാറുണ്ട്. ചെറിയ പാളമടല്‍ അല്ലെങ്കില്‍ കൊതുമ്പിന്റെ ആകൃതിയിലുള്ള പൂക്കള്‍ക്ക് ഇതളുകളുണ്ടാകില്ല. ഇതാണ് ചെടിയുടെ പ്രത്യുത്പാദനാവയവവും. കുഞ്ഞുപൂക്കള്‍ക്ക് നാരങ്ങയുടെ മണത്തിന് തുല്യമായ ഗന്ധവും ഉണ്ടാകും. ഇത് ഇലകളുടെ ഭംഗി ഒരിക്കലും നശിപ്പിക്കുന്നുമില്ല.

കലാഡിയം വീട്ടിനകത്ത് വളര്‍ത്തുമ്പോള്‍ മിതമായ പ്രകാശം ആവശ്യമാണ്. ഉച്ചസമയത്തെ സൂര്യപ്രകാശം പതിച്ചാല്‍ ഇലകള്‍ സൂര്യതാപം കാരണം കരിഞ്ഞ പോലെയാകും. പെബിള്‍സ് നിറച്ച സോസറില്‍ വെള്ളം നിറച്ച് ചെടി വളര്‍ത്തുന്ന പാത്രത്തിനടിയില്‍ വെക്കണം. വെള്ളം ബാഷ്പീകരിക്കുമ്പോള്‍ ചെടിക്ക് ആവശ്യമുള്ള ആര്‍ദ്രത നിലനിര്‍ത്താന്‍ പറ്റും. 

click me!