
സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങളോട് മല്ലടിച്ച് കൃഷിയില്‍ നൂറ് മേനി വിളവെടുക്കുന്നവരാണ് പുല്‍പ്പള്ളി പഞ്ചായത്തിലുള്‍പ്പെട്ട വനഗ്രാമമായ ചേകാടിക്കാര്‍. എല്ലാ വര്‍ഷവും വിളവെടുപ്പ് കാലമായാല്‍ മാന്‍ മുതല്‍ ആന വരെ ചേകാടിക്കാരുടെ വയലിലെത്തുമെന്നത് ഉറപ്പാണ്. കര്‍ഷകര്‍ ഏറുമാടങ്ങള്‍ കെട്ടി ഉറക്കമിളച്ചിരുന്നാണ് ഈ സമയങ്ങളിലെല്ലാം തങ്ങളുടെ വിളകള്‍ സംരക്ഷിക്കുന്നത്. മൃഗങ്ങളെ തുരത്താന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടും ഇവയെല്ലാം പരാജയപ്പെട്ടു. കര്‍ഷകരുടെ ദുരിതത്തിന് അതുറിവരുത്താനായി ചേകാടിയിലെ വയലുകള്‍ക്ക് മുകളില്‍ വന്യമൃഗ പ്രതിരോധത്തിന്‍റെ കൂടി ഭാഗമായി ഡ്രോണ്‍ പറപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചേകാടിപ്പാടങ്ങളില്‍ ഇനി വിളവെടുപ്പ് കാലമായാല്‍, ആകാശത്ത് ഡ്രോണുകള്‍ കാവല്‍ നില്‍ക്കും. കാര്‍ഷിക വികസന - കര്‍ഷക ക്ഷേമവകുപ്പും ആത്മ വയനാടും ചേര്‍ന്ന് ഡ്രോണ്‍ ഉപയോഗിച്ച് പാടശേഖരങ്ങളില്‍ ജൈവപ്രതിരോധം തീര്‍ക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് ചേകാടിയില്‍ ആരംഭിച്ചത്.
കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിന് പുറമെ രോഗ, കീട പ്രതിരോധത്തിനും വിളസംരക്ഷണത്തിനുമായി ഡ്രോണ്‍ ഉപയോഗിച്ച് ജൈവലായനി തളിക്കുന്നതാണ് പദ്ധതി. നൂറ് ഏക്കര്‍ പാടശേഖരത്തില്‍ മൂന്ന് തവണകളായാണ് ലായനി തളിക്കുക. ആദ്യതവണ വളര്‍ച്ചക്ക് ആവശ്യമായ സമ്പൂര്‍ണയും രണ്ടാം തവണ രോഗ, കീട പ്രതിരോധത്തിന് സ്യൂഡോമോണസും മൂന്നാം തവണ വന്യമൃഗങ്ങളെ തുരത്തുന്നതിന് ഹെര്‍ബോലീവ് പ്ലസ്സുമാണ് തളിക്കുന്നത്. ആദ്യതവണ തളിച്ചതിന് ശേഷം 10 ദിവസം കഴിഞ്ഞാണ് രണ്ടാമത് തളിക്കുക. വന്യമൃഗ പ്രതിരോധത്തിനുള്ളത് വിളവെടുപ്പിന് തൊട്ടുമുമ്പായിരിക്കും തളിക്കുക.പുതിയ പദ്ധതിയിലെങ്കിലും തങ്ങളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കപ്പെടുമെന്ന പ്രതീക്ഷ കര്‍ഷകര്‍ പങ്കുവെച്ചു. നിലവില്‍ ഗ്രാമത്തിലെ ജനജീവിതം വന്യമൃഗശല്ല്യത്താല്‍ ദുസ്സഹമാണ്. വനത്താല്‍ ചുറ്റപ്പെട്ടതായതിനാല്‍ തന്നെ ഗ്രാമവഴികളില്‍ മുമ്പില്ലാത്ത വിധം ആനയുടെയും കടുവകളുടെയും സാന്നിധ്യം വര്‍ദ്ധിച്ചു. പുല്‍പ്പള്ളി നഗരത്തില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പോയാല്‍ പോലും പകല്‍ അവസാനിക്കുന്നതിന് മുമ്പ് വീട്ടിലെത്തിയെങ്കില്‍ ജീവന്‍ പോകുമെന്നതാണ് അവസ്ഥയെന്ന് ഗ്രാമവാസികള്‍ ചൂണ്ടിക്കാട്ടി.
ജോലിക്കും മറ്റും ഗ്രാമത്തിന് പുറത്തേക്ക് പോകുന്നവര്‍ പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍ ആശങ്കയോടെയാണ് കാട്ടുവഴികള്‍ താണ്ടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കൊമ്പന് മുമ്പിലകപ്പെട്ട ഓട്ടോ യാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പാളക്കൊല്ലി-ചേകാടി റൂട്ടിലെ വെട്ടത്തൂര്‍, കുണ്ടുവാടി, പൊളന്ന, വിലങ്ങാടി തുടങ്ങിയ പ്രദേശങ്ങളിലും പാക്കം-കുറുവ ദ്വീപിലും പന്നിക്കലിലും കാട്ടാനകള്‍ ദിവസവും എത്തുന്നുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. മറ്റൊരു സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. സീതാ മൗണ്ട് കൊല്ലം കുടിയില്‍ ഷിജുവിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഷിജു വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെങ്കിലും സ്‌കൂട്ടര്‍ തരിപ്പണമാക്കിയാണ് ആന പിന്‍മാറിയത്. വിലങ്ങാടിക്കടുത്ത് വെട്ടത്തൂര്‍ കവലയില്‍ വെച്ചായിരുന്നു സംഭവം. അന്ന് വനപാലകര്‍ സ്ഥലത്തെത്തിയാണ് ആനയെ മേഖലയില്‍ നിന്ന് തുരത്തിയത്.