Latest Videos

യൂറോപ്യൻ രാജ്യങ്ങളിലെ 'പറുദീസയിലെ കനി' മലപ്പുറത്തും വിളഞ്ഞു; വിജയന്‍ പിള്ളയുടെ പരീക്ഷണം ഹിറ്റ്

By Web TeamFirst Published Jul 15, 2022, 11:06 PM IST
Highlights

ഗാഗ് ഫ്രൂട്ടിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ വിജയന്‍ പിള്ള അങ്കമാലി സ്വദേശിയില്‍നിന്ന് വിത്തുകള്‍ കൊണ്ടുവന്നാണ് പരീക്ഷണം നടത്തിയത്

മലപ്പുറം: യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന 'പറുദീസയിലെ കനി' എന്ന ഗാഗ് ഫ്രൂട്ട് നാട്ടിലും വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് പുഴക്കാട്ടിരിയിലെ വിജയന്‍ പിള്ള. വൈവിധ്യ നിറത്തില്‍ മുള്ളന്‍ചക്കയുടെ രൂപസാദൃശ്യമുള്ള ഈ പഴം മുറിച്ചാല്‍ കൊക്കോ കായക്ക് സമാനവും ഉള്ളില്‍ കടും ചുവപ്പ് നിറവുമാണ്. ഗാഗ് ഫ്രൂട്ടിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ വിജയന്‍ പിള്ള അങ്കമാലി സ്വദേശിയില്‍നിന്ന് വിത്തുകള്‍ കൊണ്ടുവന്നാണ് പരീക്ഷണം നടത്തിയത്.

ഔഷധ ഗുണങ്ങള്‍ അറിഞ്ഞും വൈവിധ്യവര്‍ണങ്ങള്‍ കണ്ടുമാണ് ഇദ്ദേഹം ഗാഗ് ഫ്രൂട്ട് കൃഷി പരീക്ഷണം തുടങ്ങിയത്. തുടക്കത്തില്‍ വിളവ് കുറവായിരുന്നെങ്കിലും പിന്നീട് നല്ല വിളവ് ലഭിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഇത് അടുത്തിടെയാണ് കേരളത്തില്‍ ചുവടുറപ്പിച്ച് തുടങ്ങിയത്. ആണ്‍ചെടിയും പെണ്‍ചെടിയും ഉണ്ടങ്കിലേ കായ്ഫലം ലഭിക്കൂ. കൊക്കോ കായപോലെ ഉള്ളില്‍ കാണുന്ന ഭാഗമാണ് ഭക്ഷ്യയോഗ്യമായത്. പള്‍പ്പ് വേര്‍തിരിച്ചെടുത്ത് ജ്യൂസാക്കി കുടിക്കുകയും ചെയ്യാം.

മുറ്റംമൂടി പാഷന്‍ ഫ്രൂട്ട്, മുറ്റത്ത് കൗതുകക്കാഴ്ചയുടെ പച്ചപ്പ്

സൗന്ദര്യവര്‍ധക വസ്തുക്കള്‍, തൊലിക്ക് നിറംവെക്കുന്ന എണ്ണകള്‍, വൈറ്റമിന്‍ ഔഷധം എന്നിവക്കെല്ലാം ഗാഗ് ഫ്രൂട്ട് ഉപയോഗിക്കാറുണ്ട്. കാണാന്‍ കുഞ്ഞനാണെങ്കിലും വൈറ്റമിനുകളുടെ കലവറയാണ് ഗാഗ് ഫ്രൂട്ട്. മറ്റ് പഴങ്ങളെ അപേക്ഷിച്ച് മധുരം കുറവാണ്. ഗാഗ് ഫ്രൂട്ടിന്റെ തൈകളും വിത്തും ഇദ്ദേഹം വില്‍പ്പന നടത്തുന്നുണ്ട്.

മലപ്പുറത്ത് വെട്ടിയിട്ട വാഴ കുലച്ചു, കാഴ്ച കാണാൻ ആളുകളും

അതേസമയം മലപ്പുറത്ത് നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത വെട്ടിയിട്ട വാഴ കുലച്ചെന്നതാണ്. മലപ്പുറം ചെണ്ടക്കോട് മുല്ലപ്പള്ളി വീട്ടില്‍ അന്‍വര്‍ അഹ്‌സനിയുടെ വീട്ടുമുറ്റത്തെ വെട്ടിക്കളഞ്ഞ വാഴയാണ് കുലച്ചത്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കൗതുക കാഴ്ചയായിരിക്കുകയാണ് ഇതോടെ ഈ വാഴ. കേട് വന്നതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പാണ് വീട്ടുകാര്‍ ഞാലിപ്പൂവന്‍ വാഴ വെട്ടിക്കളഞ്ഞത്. എന്നാൽ, വെട്ടിയിട്ടെങ്കിലും അടിവശം വീഴാതെ നില്‍ക്കുന്നുണ്ടായിരുന്നു. ഈ ഭാഗത്താണ് ഇപ്പോൾ വാഴ കുലച്ചിരിക്കുന്നത്. ഇപ്പോള്‍ ഏകദേശം കുലച്ച് നാല് പടലയോളം പുറത്ത് വന്നിട്ടുണ്ട്. സംഭവം അറിഞ്ഞതോടെ വാഴക്കുല കാണാന്‍ നിരവധി പേര്‍ ഈ വിട്ടുമുറ്റത്ത് എത്തുന്നുണ്ട്.

click me!