Latest Videos

എവിടെയെങ്കിലും കണ്ടിട്ടുണ്ടോ പറമ്പിൽ വളർത്തിയെടുത്ത് വിൽക്കുന്ന കസേരകൾ, വില ആറുലക്ഷം..!

By Web TeamFirst Published Jan 2, 2024, 9:33 PM IST
Highlights

6 മുതൽ 7 ലക്ഷം വരെയാണ് ഇവിടെ ഒരു കസേരയുടെ വില. എന്നാലും ഒരു കസേരയ്ക്ക് ഇത്ര വിലയോ എന്നാണോ ചിന്തിക്കുന്നത്. അത്ര വലിയ തുക ഈടാക്കുന്നതിനും ദമ്പതികൾ അവരുടേതായ കാരണങ്ങൾ പറയുന്നുണ്ട്.

പറമ്പിൽ പച്ചക്കറിയും പഴങ്ങളും നട്ടു വളർത്തുകയും അത് വിൽക്കുകയും ചെയ്യുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ, പറമ്പിൽ കസേരകൾ വളർത്തി അത് വിൽക്കുന്നവരെ കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ട് അല്ലേ? എന്നാൽ, ഡെർബിഷെയർ ഡെയ്ൽസിലെ യുകെ ദമ്പതികളായ ഗാവിനും ആലീസ് മൺറോയും ഇതാണ് ചെയ്യുന്നത്. 

ഈ ദമ്പതികൾ നോക്കി നടത്തുന്നത് ഒരു 'ഫർണിച്ചർ ഫാമാ'ണ്. അവിടെ, മരങ്ങൾ നട്ടുപിടിപ്പിക്കുകയും അത് കസേരകളായി 'വിളവെടു'ക്കുകയും ചെയ്യുകയാണ് ചെയ്യാറ്. വില്ലോ, ഓക്ക്, അമേരിക്കൻ സൈക്കാമോർ തുടങ്ങിയ മരങ്ങളാണ് ദമ്പതികൾ ഇവിടെ നട്ടു വളർത്തുന്നത്. ഇനി നിങ്ങൾക്ക് ഈ ഫർണിച്ചർ ഫാമിൽ നിന്നും കസേര വാങ്ങണം എന്നുണ്ടെങ്കിൽ ഒരു ഏഴ് വർഷം മുമ്പെങ്കിലും ഓർഡർ നൽകണം. ചിലപ്പോൾ അഞ്ചോ ആറോ വർഷങ്ങൾ കൊണ്ട് കസേര കിട്ടാനും മതി. 

6 മുതൽ 7 ലക്ഷം വരെയാണ് ഇവിടെ ഒരു കസേരയുടെ വില. എന്നാലും ഒരു കസേരയ്ക്ക് ഇത്ര വിലയോ എന്നാണോ ചിന്തിക്കുന്നത്. അത്ര വലിയ തുക ഈടാക്കുന്നതിനും ദമ്പതികൾ അവരുടേതായ കാരണങ്ങൾ പറയുന്നുണ്ട്. ഇവരുടെ ഫർണിച്ചർ ഫാമിൽ ചെയ്യുന്നത് മരങ്ങൾ കസേരയുടെ ആകൃതിയിൽ വളർത്തി എടുക്കുക എന്നതാണ്. 'സാധാരണയായി ഫർണിച്ചർ നിർമ്മിക്കണമെങ്കിൽ മരം വളർന്ന് വലുതായി അത് മുറിച്ചെടുക്കുകയൊക്കെ വേണം. 50 വർഷം വളർത്തിയാണ് ചിലപ്പോൾ ഒരു മരം മുറിക്കുന്നുണ്ടാവുക. എന്നാൽ, ഇതെല്ലാം ഒഴിവാക്കാനായിട്ടാണ് മരങ്ങൾ കസേരകളുടെ ആകൃതിയിൽ തന്നെ വളർത്തി എടുക്കുന്നത്. അത് നല്ല അധ്വാനമുള്ള ജോലിയാണ്' എന്ന് ദമ്പതികൾ പറയുന്നു. 

എന്നാൽ, വർഷങ്ങളോളം കാത്തിരിക്കണമെങ്കിലും, ലക്ഷങ്ങൾ നൽകണമെങ്കിലും ഇവരുടെ കസേരകൾക്ക് നല്ല ഡിമാൻഡാണ്. Full Grown എന്ന പേജിൽ ഇവർ തങ്ങളുടെ ഫർണിച്ചർ ഫാമുകളിൽ നിന്നുള്ള ചിത്രങ്ങളും വീ‍ഡിയോകളും എല്ലാം പങ്കിടാറുണ്ട്. ഗാവിനും ആലീസും റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ സ്വർണമെഡൽ ജേതാക്കളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!