24 ലക്ഷം രൂപയുടെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചു കാർഷികരം​ഗത്തേക്ക്, ഇന്ന് രണ്ട് കോടിയുടെ വരുമാനം

By Web TeamFirst Published Sep 25, 2021, 12:08 PM IST
Highlights

ഉയർന്ന യോഗ്യത ഉണ്ടായിരുന്നിട്ടും, ഒരു കർഷകനാകാനാണ് സച്ചിൻ ആഗ്രഹിച്ചത്. എന്നാൽ, ഈ തീരുമാനം ശരിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ പിന്നീടുളള ജീവിതം തെളിയിച്ചു. 

ഇന്ന് മിക്കവരും മികച്ച ജോലിയും, ശമ്പളവും സ്വപ്‍നം കാണുന്നവരാണ്. ഇതിനാവശ്യമുള്ള ബിരുദങ്ങൾ നേടാൻ എല്ലാവരും അങ്ങേയറ്റം കഠിനാധ്വാനം ചെയ്യുന്നു. വർഷങ്ങളോളം ഉറക്കമൊഴിച്ചിരുന്ന് പഠിച്ച്, ഒടുവിൽ ആരും മോഹിക്കുന്ന ജോലി നേടി കഴിയുമ്പോൾ, തന്റെ തീരുമാനം തെറ്റായിരുന്നു എന്ന് തോന്നിയാലോ? ഇതല്ല ഞാൻ ആഗ്രഹിച്ചതെന്ന് തിരിച്ചറിഞ്ഞാലോ? ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ (Bilaspur, Chattisgarh) സ്വദേശിയായ സച്ചിൻ കാലെ (Sachin Kale) -യ്ക്ക് സംഭവിച്ചതും അത് തന്നെയാണ്. പിഎച്ച്ഡി, എൽഎൽബി, ബിടെക്, എംബിഎ തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കിയ അദ്ദേഹം ഇരുപത്തിനാല് ലക്ഷം രൂപ ലഭിക്കുന്ന ജോലി സ്വന്തമാക്കി. എന്നാൽ, പിന്നീടാണ് അദ്ദേഹം മനസ്സിലാകുന്നത്, തന്റെ സന്തോഷം ഇതിലായിരുന്നില്ല എന്ന്.    

സച്ചിൻ ഒരു സാധാരണ ഇടത്തരം കുടുംബത്തിലാണ് ജനിച്ചു വളർന്നത്. അദ്ദേഹത്തെ പഠിപ്പിക്കാൻ ആ കുടുംബം വളരെ ശ്രദ്ധിച്ചിരുന്നു. സച്ചിനും നന്നായി പഠിക്കാൻ ഉത്സാഹം കാട്ടി. 2003 -ൽ നാഗ്പൂർ യൂണിവേഴ്സിറ്റി(Nagpur University )യിൽ നിന്ന് അദ്ദേഹം ബി.ടെക് നേടി. എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ യശ്വന്ത്റാവു ചവാനിൽ നിന്ന് എംബിഎയും (ഫിനാൻസ്) ബിരുദം നേടി. തുടർന്ന്, സച്ചിന് എൻടിപിസിയിൽ (സിപാറ്റ്) ജോലി ലഭിച്ചു. 2007 -ൽ, സച്ചിൻ കുറച്ച് കൂടി മികച്ച ജോലിക്കായി ടെക്റോ സിസ്റ്റം ലിമിറ്റഡിലേക്ക് മാറി. ജീവിതത്തിന്റെ ഈ ഘട്ടത്തിലുടനീളം, തന്റെ പ്രായത്തിലുള്ള മറ്റാരെയും പോലെ, ഏറ്റവും ഉയർന്ന ശമ്പളമുള്ള ജോലി നേടുക എന്നതായിരുന്നു സച്ചിന്റെ ലക്ഷ്യം.

ജോലിയോടൊപ്പം, സച്ചിൻ പഠനം തുടരുകയും ഗുരു ഗാസിദാസ് സർവകലാശാലയിൽ നിന്ന് എൽഎൽബിയും നാഗ്പൂർ സർവകലാശാലയിൽ നിന്ന് മാനേജ്മെന്റിൽ പിഎച്ച്ഡിയും നേടി. അദ്ദേഹത്തിന്റെ ഈ അധ്വാനം കണ്ട് ചുറ്റുമുള്ളവർ അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്റെ ബിരുദങ്ങൾ ഗുരുഗ്രാമിലെ പഞ്ച് ലോയിഡിൽ ഉയർന്ന ശമ്പളമുള്ള ഒരു ജോലിയ്ക്ക് അദ്ദേഹത്തെ അർഹനാക്കി. അവിടെ അദ്ദേഹത്തിന് 24 ലക്ഷം രൂപയുടെ പാക്കേജ് ലഭിച്ചു. അങ്ങനെ അദ്ദേഹം  ആഗ്രഹിച്ച രീതിയിലുള്ള ഒരു ആർഭാട ജീവിതം നയിക്കാൻ അദ്ദേഹത്തിനായി. ഒരാൾ പ്രതീക്ഷിക്കുന്ന എല്ലാ ആഡംബരങ്ങളും അദ്ദേഹം സ്വന്തമാക്കി.  

ഗുരുഗ്രാമിൽ ജോലി ചെയ്യുമ്പോഴും സച്ചിൻ സ്വന്തം നാടായ ബിലാസ്പൂർ സന്ദർശിക്കാൻ മറന്നില്ല. അങ്ങനെ ജീവിതം മുന്നോട്ട് പോകെ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ സച്ചിൻ താല്പര്യപ്പെട്ടു. ഒടുവിൽ, 2014 -ൽ അദ്ദേഹം സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ തീരുമാനിച്ചു. എന്ത് ചെയ്യുമെന്ന് ചിന്തിക്കുമ്പോഴാണ് മുത്തശ്ശന്റെ കൃഷിയോടുള്ള സ്നേഹം സച്ചിൻ ഓർത്തത്. അത് അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അങ്ങനെ സച്ചിനും ഒരു കർഷകനാകാൻ തീരുമാനിച്ചു. തന്റെ ഈ തീരുമാനത്തെക്കുറിച്ച് അദ്ദേഹം കുടുംബത്തെ അറിയിച്ചു. ഇത്രയൊക്കെ പഠിച്ച്, ലക്ഷങ്ങൾ ശമ്പളമുള്ള ജോലി നേടിയിട്ട് ഒടുവിൽ അതെല്ലാം വലിച്ചെറിയുന്നത് സച്ചിന്റെ വീട്ടുകാർക്ക് ഒട്ടും സഹിച്ചില്ല.

ഒരു കർഷകനാകാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അച്ഛൻ എതിർത്തു. 'പിന്നെ എന്തിനാണ് നീ ഇത്രയ്ക്ക് പഠിച്ചത്? കഷ്ടപ്പെട്ട് ജോലി നേടിയത്', അച്ഛൻ വിഷമത്തോടെ മകനോട് ചോദിച്ചു. എന്നാൽ അതിന് സച്ചിന് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല. എന്നാലും, തന്റെ ആഗ്രഹം പിന്തുടരാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് സച്ചിൻ 'ഇന്നൊവേറ്റീവ് അഗ്രിലൈഫ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി രജിസ്റ്റർ ചെയ്തു. 2015 -ൽ, അദ്ദേഹം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്ക് എടുക്കുകയും, ഉയർന്ന ശമ്പളമുള്ള ആ ജോലി ഉപേക്ഷിക്കുകയും ചെയ്തു.

അന്നുമുതൽ, സച്ചിൻ ഒരു മുഴുവൻ സമയം കർഷകനായി മാറി. ഒരു സാധാരണ കർഷകൻ ചെയ്യുന്നതെല്ലാം അദ്ദേഹം ചെയ്തു. തന്റെ പൂർവ്വിക കൃഷിഭൂമിയിൽ ട്രാക്ടർ ഓടിക്കുന്നത് മുതൽ വിളകൾ ഗവേഷണം ചെയ്ത് തെരഞ്ഞെടുക്കുന്നത് വരെ എല്ലാം. ഉയർന്ന ബിരുദങ്ങൾ കരസ്ഥമാക്കിയ സച്ചിൻ കൃഷിരീതികളെക്കുറിച്ച് ഗവേഷണം നടത്തി. തന്റെ സാങ്കേതിക വിദ്യകളിൽ നിന്ന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സച്ചിന് കഴിഞ്ഞു. മറ്റ് കർഷകർക്ക് കാർഷിക ഉപദേശം നൽകാൻ കൺസൾട്ടന്റുമാരെ അദ്ദേഹം നിയമിച്ചു. വെറും രണ്ട് വർഷത്തെ കാലയളവിൽ, എഴുപതോളം കർഷകർ സച്ചിന്റെ കമ്പനിയുമായി സഹകരിച്ചു. ഇത് തന്റെ ജോലിയിൽ നിന്ന് സമ്പാദിച്ചതിന്റെ എട്ട് മടങ്ങ് അധികം സമ്പാദിക്കാൻ അദ്ദേഹത്തിനെ സഹായിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ വാർഷിക വരുമാനം രണ്ട് കോടിയായി.

ഉയർന്ന യോഗ്യത ഉണ്ടായിരുന്നിട്ടും, ഒരു കർഷകനാകാനാണ് സച്ചിൻ ആഗ്രഹിച്ചത്. എന്നാൽ, ഈ തീരുമാനം ശരിയായിരുന്നു എന്ന് അദ്ദേഹത്തിന്റെ പിന്നീടുളള ജീവിതം തെളിയിച്ചു. തന്റെ കോർപ്പറേറ്റ് ജോലിയെക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, ഇപ്പോൾ നല്ല മനഃസമാധാനമുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നെങ്കിലും തന്റെ കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്ന് അദ്ദേഹം ഇന്ന് സ്വപ്‍നം കാണുന്നു.  

click me!