
ഏഷ്യയിലെയും ആഫ്രിക്കയിലെയും യൂറോപ്പിലെയുമെല്ലാം ചരിത്രം പരിശോധിച്ചാല്‍ ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മാതളം അഥവാ ഉറുമാമ്പഴം എന്നറിയപ്പെടുന്ന പഴത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇറാനില്‍ ഉത്ഭവിച്ച ഈ പഴം ഈജിപ്ത്, ചൈന, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, ഇറാഖ്, ഇന്ത്യ, ബര്‍മ, സൗദി അറേബ്യ എന്നിവിടങ്ങളിലും വ്യാപകമായി കൃഷി ചെയ്യാനാരംഭിച്ചു. അമേരിക്കയില്‍ ഈ പഴച്ചെടി ആദ്യമായി വളര്‍ത്തിയത് സ്പാനിഷ് മിഷനറിമാരാണ്. വീടിന് പുറത്ത് വളര്‍ത്തി വിളവെടുക്കുന്ന ചെടിയാണെങ്കിലും പാത്രങ്ങളില്‍ വളര്‍ത്തിയും പഴങ്ങള്‍ പറിച്ചെടുക്കാം.
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിലാണ് മാതളം കൃഷി ചെയ്യുന്നത്. വീട്ടിനകത്തും അനുയോജ്യമായ അന്തരീക്ഷത്തില്‍ വളര്‍ത്താവുന്നതാണ്. സ്വപരാഗണം നടക്കുന്ന ചെടിയായതിനാല്‍ ഒരൊറ്റ ചെടി വളര്‍ത്തിയാലും പഴങ്ങളുണ്ടാക്കാം. കൃഷി ചെയ്താല്‍ രണ്ടാമത്തെ വര്‍ഷമാണ് പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നത്.
വീടിന് പുറത്തായാലും അകത്തായാലും വളര്‍ത്താനായി ഏകദേശം 38 ലിറ്റര്‍ ഉള്ളളവുള്ള പാത്രം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വേരുകളുള്ള ചെടി പാത്രത്തില്‍ നട്ട ശേഷം നന്നായി നനയ്ക്കണം. നല്ല സൂര്യപ്രകാശം ആവശ്യമുള്ളതിനാല്‍ തണുപ്പുകാലത്ത് വീട്ടിനുള്ളില്‍ അത്യാവശ്യം ചൂട് നിലനില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി വെച്ചാല്‍ മതി.
വളങ്ങള്‍ മണ്ണില്‍ ചേര്‍ത്ത് കൊടുത്താല്‍ നനയ്ക്കണം. ആദ്യത്തെ രണ്ടു വര്‍ഷങ്ങളില്‍ നവംബര്‍, ഫെബ്രുവരി, മെയ് മാസങ്ങളിലാണ് വളം നല്‍കുന്നത്. അതിനുശേഷം നവംബറിലും ഫെബ്രുവരിയിലും മാത്രം വളപ്രയോഗം നടത്തിയാല്‍ മതി. 10 ശതമാനം നൈട്രജനും 10 ശതമാനം ഫോസ്ഫറസും 10 ശതമാനം പൊട്ടാഷും അടങ്ങിയ വളമാണ് നല്‍കുന്നത്.
ഒരു വര്‍ഷത്തിന് ശേഷം കൊമ്പുകോതല്‍ നടത്താം. ഇപ്രകാരം കേടുവന്ന കൊമ്പുകള്‍ വെട്ടിമാറ്റിയും ശാഖകള്‍ ക്രമീകരിച്ചും പാത്രങ്ങളില്‍ വളര്‍ത്തിയെടുത്താല്‍ രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് മാതളം പറിച്ചെടുക്കാനാകും.