ചതിക്കില്ല, ലക്ഷങ്ങൾ കൊയ്യാം, തുളസി കൃഷിയിൽ നിന്നും

Published : Nov 11, 2025, 03:01 PM IST
Tulsi

Synopsis

കുറഞ്ഞ മുതൽ മുടക്കിൽ ഉയർന്ന വരുമാനം നേടാൻ സഹായിക്കുന്ന ഒന്നാണ് ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ തുളസി കൃഷി. രാമ തുളസി, കൃഷ്ണ തുളസി തുടങ്ങിയ ഇനങ്ങൾക്ക് ഔഷധ നിർമ്മാണ കമ്പനികളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും വലിയ ആവശ്യകതയുണ്ട്.  

കാർഷിക മേഖലയിൽ പുതിയ പരീക്ഷണങ്ങളുടെ കാലമാണ്. കാലാവസ്ഥാ മാറ്റങ്ങളെ പേടിക്കാതെ തന്നെ നൂറുമേനി വിജയം ഉറപ്പാക്കുന്ന കൃഷി രീതികളോടാണ് ഇന്ന് കൂടുതൽ പേർക്കും പ്രിയം. അക്കൂട്ടത്തിലേക്ക് നമുക്ക് ചേർത്തുവെക്കാം തുളസി കൃഷി. ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ തുളസി കുറഞ്ഞ ചിലവിൽ കൂടുതൽ വരുമാനം ഉറപ്പാക്കുന്ന കൃഷിയായി പരിഗണിക്കാം.

മരുന്നും ഭക്തിയും

പ്രധാനമായും മരുന്ന് നിർമാണത്തിനാണ് തുളസി ഉപയോഗിക്കുന്നത്. അതിനാൽ ഗുണമേന്മയുള്ള തുളസി ഇലകൾക്ക് വിപണി ഒരു പ്രശ്നമേയാകില്ല. രണ്ട് ഏക്കറിൽ കൃഷി ചെയ്താൽ മാസം ഒരു ലക്ഷത്തോളം വരുമാനം നേടാം. ചിലവാകട്ടെ ഇരുപതിനായിരം രൂപയിൽ താഴെ മാത്രം. മുതൽ മുടക്ക് കുറവാണെന്നതിനൊപ്പം ഏറെക്കാലം ഒരേ ചെടിയിൽ നിന്ന് ആദായം ലഭിക്കുമെന്നതും തുളസി കൃഷിയുടെ സാധ്യതകൾ വിപുലമാക്കുന്നു. വീടുകളിൽ തന്നെയുള്ള

ചെടിയിൽ നിന്ന് വിത്ത് ശേഖരിച്ച് പാകി മുളപ്പിച്ചും കൃഷി തുടങ്ങാം. ഇടവേളകളിൽ ജൈവ വളം നൽകണം. കൃഷി ഭൂമി ഇല്ലെങ്കിൽ ഗ്രോ ബാഗിലോ മട്ടുപ്പാവിലോ കൃഷി ആരംഭിക്കാം. ക്ഷേത്രങ്ങളിലേക്കും ധാരാളം തുളസി ആവശ്യമായി വരാറുണ്ട്. കൃഷ്ണ തുളസിക്കാണ് ആവശ്യക്കാരേറെയും. കേരളത്തിലേക്ക് തുളസി കൂടുതലും എത്തുന്നത് ഇപ്പോൾ തമിഴ്നാട്ടിൽ നിന്നാണ്. അതായത്, തുളസി കൃഷി വഴി ലക്ഷങ്ങൾ അയൽ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നെന്നർത്ഥം.

ഡിമാൻഡ് ഉള്ള തുളസി ഇനങ്ങൾ

1. രാമ തുളസി (Sri Tulsi / Ocimum sanctum)

ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഇനമാണ് രാമ തുളസി. സുഗന്ധവും ഔഷധ മൂല്യവും രാമ തുളസിക്ക് കൂടുതലാണ്. കഷായം, ചായ, ഗുളിക, കാൻസർ - ആന്‍റി ഓക്‌സിഡൻറ് ഔഷധങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു. ഡ്രൈ ലീഫും ഓയിൽ ഉല്പാദനത്തിനും വലിയ ഡിമാൻറുണ്ട്.

2. കൃഷ്ണ തുളസി (Krishna Tulsi / Purple Basil)

ഇലക്കും തണ്ടിനും വയലറ്റ് പോലെയുള്ള കറുപ്പ് - പർപ്പിൾ നിറമാണ് കൃഷ്ണ തുളസിക്ക്. ആന്‍റിബാക്ടീരിയൽ, ആന്‍റിവൈറൽ ഗുണങ്ങളും ഇതിന് ഏറെയാണ്. ആയുർവേദ കഷായം, ചവർക്കറി, നാച്ചുറൽ ഹർബൽ ഡ്രിങ്ക്സ് എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്നു. ചില സമയങ്ങളില്‍ രാമ തുളസിയേക്കാൾ കൃഷ്ണ തുളസിക്ക് വിലയും കൂടാറുണ്ട്.

3. വന തുളസി (Vana Tulsi / Wild Forest Basil)

വനമേഖലകളിൽ സ്വാഭാവികമായി വളരുന്ന ഇനമാണ് വന തുളസി. ശക്തമായ സുഗന്ധമാണ് ഇതിന്‍റെ പ്രത്യേകത്. തുളസി ചായ, ക്യാപ്സ്യൂൾ, പൗഡർ, എക്സ്ട്രാക്റ്റ് കമ്പനികൾക്ക് ഏറെ ആവശ്യമുള്ളതും വന തുളസിയാണ്. ഉണക്കിയ വന തുളസിയുടെ ഇലക്ക് നല്ല വിപണി വില ലഭിക്കുന്നു.

4.കപൂർ തുളസി (Kapoor Tulsi)

വളരെ ശക്തമായ സുഗന്ധമുള്ള തുളസി ഇനമാണ് കപൂർ തുളസി. കൊതുകിനെ അകറ്റാൻ കമ്പനി ഉൽപ്പന്നങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ഹർബൽ സ്പ്രേ, എയർ പ്യൂരിഫയർ, ഓയിൽ എന്നിവയ്ക്കും കപൂർ തുളസിയാണ് ഉപയോഗിക്കുന്നത്.

ഔഷധ കൃഷിക്ക് സാമ്പത്തിക സഹായം നൽകുന്ന നിരവധി കമ്പനികൾ ഇന്ന് രംഗത്തുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ സന്നദ്ധരായാൽ ഇവരിൽ നിന്ന് സാമ്പത്തിക സഹായവും ഉറപ്പാക്കാം. തുളസി കൃഷിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് മുന്നോട്ട് വന്നാൽ നിരാശരാകേണ്ടി വരില്ലെന്ന് ചുരുക്കം.

 

PREV
Read more Articles on
click me!

Recommended Stories

ശതാവരി -കിഴങ്ങിനും ഇലയ്ക്കും നല്ല ഡിമാൻഡാണ്, അറിയാം കൃഷിയും പരിപാലനവും
മധുരക്കിഴങ്ങ് കൃഷി വർഷം മുഴുവൻ ലാഭം; കൃഷി തുടങ്ങേണ്ടത് എങ്ങനെ?