
കേരളത്തിന്‍റെ മിക്ക വീടുകളിലും അനിവാര്യമായ രുചി ഘടകമാണ് കാന്താരി മുളക്. രുചി കൊണ്ടും ഔഷധ ഗുണങ്ങൾ കൊണ്ടും വിപണിയിൽ ഏറെ ഡിമാൻഡുള്ള ഒന്നാണ് കാന്താരി മുളക്. കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും മറ്റ് മുളക് വിഭാഗങ്ങളെ അപേക്ഷിച്ച് വിലയിലും ആവശ്യകതയിലും എന്നും കാന്താരി ഒരു പടി മുന്നിൽ തന്നെയാണ്. വിപണിയിൽ ഇതിന് സ്ഥിരമായ ആവശ്യകതയുണ്ട്. അതുകൊണ്ടുതന്നെ ചെറുകിട കർഷകർക്ക് കുറഞ്ഞ നിക്ഷേപത്തിൽ നല്ല വരുമാനം നേടാൻ കഴിയുന്ന വിളയാണ് ഇത്.
മാര്‍ച്ച് അവസാനമാണ് കാന്താരി മുളക് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ മാസം. കാന്താരി മുളക് മികച്ച വിളവ് നൽകുന്നതിനായി വെള്ളം കെട്ടിനിൽക്കാത്ത, ഓർഗാനിക് പദാർത്ഥങ്ങളാൽ സമൃദ്ധമായ മണൽ - ചെളി മിശ്രിതം കലർന്ന മണ്ണാണ് ഉത്തമം. കൃഷിയ്ക്ക് മുൻപ് മണ്ണ് നന്നായി മറിച്ചിളക്കി ജൈവവളം ചേർക്കുന്നതും നല്ലതാണ്.
തൈകൾ മുളപ്പിച്ചതിന് ശേഷം 25–30 ദിവസങ്ങൾക്ക് ശേഷം കൃഷിസ്ഥലത്തേക്ക് മാറ്റി നടാം. വിത്ത് പാകുമ്പോൾ അധികം ആഴത്തിൽ പോകാതെ വേണം പാകാൻ. എങ്കിൽ മാത്രമേ തൈ വേരുകൾ പൊട്ടാതെ പറിച്ചു നടാൻ സാധിക്കുകയുള്ളൂ. നടുമ്പോൾ തൈകൾ തമ്മിൽ ഏകദേശം 45 സെന്‍റീമീറ്റർ ദൂരം പാലിക്കുന്നതും നല്ലതാണ്.
ബയോകൊമ്പോസ്റ്റ്, ജൈവ വളങ്ങൾ എന്നിവ നിശ്ചിത ഇടവേളകളിൽ നൽകുക. രാസവളങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം കാന്താരി മുളകിന് വിപണിയിൽ കൂടുതൽ വില ലഭിക്കുന്നത് “ഓർഗാനിക്” ഉൽപ്പന്നമായിരിക്കുമ്പോഴാണെന്നത് തന്നെ.
തൈകൾക്ക് മിതമായ ജലസേചനം മതിയാകും. അധികജലം വേരുകൾ ചീയാൻ ഇടയാക്കും. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ കൃഷിക്കായി തെരഞ്ഞെടുക്കരുത്. ഒരു സെന്‍റ് സ്ഥലത്ത് ശരാശരി 250–300 കാന്താരി മുളക് ചെടികൾ വളർത്താനാകും. നല്ല പരിപാലനത്തിൽ ഓരോ ചെടിയിൽ നിന്നും 400–600 ഗ്രാം വരെ ഉൽപ്പാദനം ലഭിക്കും.