
ലാഭം നോക്കി കൃഷിയിൽ മാറ്റം പരീക്ഷിക്കുകയാണ് കർഷകർ. അധികം കഷ്ടപ്പാടില്ലാതെ വൻ തുക ലാഭം നേടാൻ കഴിയുന്ന കൃഷിരീതികളെ കുറിച്ചാണ് അന്വേഷണം. അത്തരത്തിൽ ഒന്നാണ് തിപ്പലി കൃഷി. കേരളത്തിന്റെ കാലാവസ്ഥയും തിപ്പലി കൃഷിക്ക് അനുയോജ്യമാണ്. ഔഷധഗുണങ്ങൾ ധാരാളമുള്ള തിപ്പലിക്ക് വിദേശത്തുനിന്ന് പോലും ആവശ്യക്കാർ ഏറെ എത്താറുണ്ട്. കൃഷി ചെയ്യാന്‍ മനസ്സും താത്പര്യവുമുണ്ടെങ്കില്‍ നൂറുമേനി കൊയ്യാനാകുന്ന ഒന്നാണിത്. ഐടി കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തുന്നവർ വരെ കൃഷിയിലേക്ക് തിരിയുന്ന കാലമാണിത്. കൃഷിയിൽ നൂതന രീതികളും പുത്തൻ ട്രെൻഡുകളും നടപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒന്നുതന്നെയാണ് തിപ്പലി കൃഷി. ആത്മാർത്ഥമായി ഒരു കൈ നോക്കിയാൽ വൻ ലാഭം കൊയ്യാന്‍ കഴിയുമെന്ന് അനുഭവസ്ഥർ പറയുന്നു.
തിപ്പലി പലതരം ഉണ്ട്. ചെറുതിപ്പലി, വന്‍തിപ്പലി, നീര്‍തിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി എന്നിവയെല്ലാം കേരളത്തിൽ കൃഷി ചെയ്യാറുള്ളവയാണ്. കായകള്‍ ഉണ്ടായതിന് ശേഷം ഇത് കറുത്ത നിറമാകുന്നു. ഇത്തരത്തിൽ രൂപമാറ്റം സംഭവിച്ച ശേഷമാണ് ഉണക്കിയെടുത്ത് ഔഷധമായി ഉപയോഗിക്കുന്നത്. ഇപ്പോൾ പോളിത്തീൻ ബാഗുകളിലാണ് തിപ്പലി കൂടുതലായും നടുന്നത്. മണ്ണും മണലും ചാണകപ്പൊടിയും ചേർത്ത് നിറച്ച് പോളിത്തീൻ കവർ ഒരുക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് നീളമുള്ള തണ്ടുകള്‍ നട്ട് വേര് പിടിപ്പിച്ചെടുക്കുന്നു.
എന്നാൽ തുറസ്സായ സ്ഥലങ്ങൾ ഈ കൃഷിക്ക് അനുയോജ്യമല്ല. തണൽ കൂടുതലുള്ള സ്ഥലങ്ങളാണ് വളർച്ചയ്ക്ക് ഉത്തമം. ചില സമയങ്ങളില്‍ ഔഷധ വിപണിയില്‍ ആയിരത്തിനു മുകളിൽ ഒരു കിലോയ്ക്ക് വില ലഭിക്കാറുണ്ട്. കാഴ്ചയിൽ കുരുമുളക് ചെടിയോട് വളരെയധികം സാമ്യമുണ്ട് തിപ്പലിക്ക്. എന്നാല്‍ കുരുമുളക് വളരുന്നത് പോലെ ഉയരത്തില്‍ ഇവ വളരുകയില്ല. കുരുമുളകിന്റെ വിവിധയിനങ്ങളെ തിപ്പലിയുമായി ഗ്രാഫ്റ്റ് ചെയ്ത് പ്രതിരോധശേഷി കൂടിയ തൈകള്‍ ഉല്പാദിപ്പിക്കാറുമുണ്ട് കർഷകർ.