
വ്യത്യസ്തതയുണ്ടെങ്കിൽ മാത്രമേ കൃഷിയിൽ ഈ പുതിയ കാലഘട്ടത്തിൽ വിജയം കൊയ്യാനാകൂ. നമ്മുടെ നാട്ടിൽ ആർക്കും പരീക്ഷിക്കാവുന്നതും എളുപ്പത്തിൽ ലാഭം കൊയ്യാനാവുന്നതുമായ ഒരു കൃഷിയാണ് രാമച്ചം. ഇപ്പോൾ ഒരുകിലോ രാമച്ചം വേരിന് 500 രൂപയ്ക്ക് അടുത്താണ് വില. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ ലാഭം എളുപ്പമാണെന്ന് പരിചയസമ്പന്നരായ കർഷകർ പറയുന്നു. ഇന്ത്യയിൽ പലയിടത്തും കൃഷിയുണ്ടെങ്കിലും കേരളത്തിലെ ഇനത്തിന് ആവശ്യക്കാർ ഏറെയാണ്. വളരെ എളുപ്പത്തിൽ എവിടെയും കൃഷി ചെയ്യാം എന്നതാണ് രാമച്ചം കൃഷിയെ പ്രിയപ്പെട്ടതാക്കുന്നത്. മണൽ കലർന്ന മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. പുരയിടത്തിന്റെ അതിർത്തികളിൽ നട്ടുവളർത്തുന്നതിലൂടെ മണ്ണൊലിപ്പ് തടയാനാകും എന്ന പ്രത്യേകതയും ഇതിനുണ്ട്.
മേൽമണ്ണ് ഉഴുതുമറിച്ച് കല്ലും കട്ടയും നീക്കുകയാണ് ആദ്യപടി. പിന്നീട് കാലിവളമോ കമ്പോസ്റ്റോ അടിവളമായി ചേർക്കണം. ഇതിലാണ് രാമച്ചം ചിനപ്പുകൾ നൽകേണ്ടത്. രണ്ടു മീറ്റർ ഉയരത്തിൽ വരെ രാമച്ചം വളരും. നല്ല സൂര്യപ്രകാശം അത്യാവശ്യമാണ്. നല്ല വലിപ്പമുള്ള ഒരു ചെടിയുടെ വേരിന് 30 സെന്റീമീറ്ററിൽ കൂടുതൽ നീളം ഉണ്ടാകും. ഒരു ഹെക്ടർ സ്ഥലത്തുനിന്ന് അഞ്ചു ടൺ വരെ വേരുലഭിക്കും. കാലവർഷത്തിന്റെ തുടക്കത്തിലാണ് രാമച്ചം കൃഷി ചെയ്യാൻ ഉത്തമം. അങ്ങനെ ചെയ്താൽ മികച്ച വിളവ് ലഭിക്കുമെന്ന് അനുഭവസമ്പന്നരായ കർഷകർ ഉറപ്പു നൽകുന്നു. നിശ്ചിത അകലത്തിലാണ് ചിനപ്പുകൾ നടേണ്ടത്. നിശ്ചിത ഇടവേളകളിൽ ആവശ്യത്തിന് വളം നൽകണം. സ്ഥല പരിമിതിയുള്ളവർക്ക് ഗ്രോബാഗിലും പരീക്ഷണം നടത്താവുന്നതാണ്.
കൃഷി കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് വിളവെടുപ്പ്. വിളവെടുക്കുന്നതിനും ഒരു പ്രത്യേക ശൈലിയുണ്ട്. ആദ്യം മണ്ണിനുമുകളിലുള്ള ഇലകളും മറ്റും മുറിച്ചുനീക്കുക. പിന്നീട് ചുവടുകിളച്ച് വേരുകൾ പുറത്തെടുത്ത് മണ്ണുനീക്കി വൃത്തിയാക്കാം. ഇത് നന്നായി ഉണക്കി കെട്ടുകളാക്കണം. ആയുർവേദ ഉല്പന്നങ്ങൾ നിർമ്മിക്കാനും ചികിത്സയ്ക്കും ഒരു പ്രധാന ഘടകമാണ് രാമച്ചം. തലയണ കിടക്ക തുടങ്ങിയവ നിർമ്മിക്കാനും രാമച്ചം ഉപയോഗിക്കാറുണ്ട്. കഴുകി വൃത്തിയാക്കി ഉണക്കിയെടുത്ത വേരുകൾക്കാണ് വില കൂടുതൽ. എന്നാൽ, മണ്ണുപുരണ്ട വേരുകൾക്കും ആവശ്യക്കാർ ഉണ്ട്.