
പൈനാപ്പിൾ കൃഷി കേരളത്തിലെ കർഷകർക്ക് പുതുമയുള്ളതല്ല. എന്നാൽ, ഒരല്പം പണച്ചിലവുള്ള ഒന്നുതന്നെയാണ് പൈനാപ്പിൾ കൃഷി. അതുതന്നെയാണ് പുത്തൻ പരീക്ഷണങ്ങൾക്ക് മുതിരാൻ പൈനാപ്പിൾ കർഷകരെ പ്രേരിപ്പിക്കുന്നത്. ഗ്രോ ബാഗിലും ചെടിച്ചട്ടിയിലുമുള്ള പൈനാപ്പിൾ കൃഷിയാണ് ഇപ്പോൾ ട്രെൻഡ്. പണ്ടുമുതലേ അലങ്കാര പൈനാപ്പിൾ ഗ്രോ ബാഗുകളിലും ചെടിച്ചട്ടികളിലും വളർത്താറുണ്ട്. എന്നാൽ, സാധാരണ പൈനാപ്പിൾ ഗ്രോബാഗിൽ വളർത്താം എന്ന് തെളിയിച്ചിരിക്കുകയാണ് കർഷകർ. പണച്ചെലവ് വളരെ കുറവ് എന്നതാണ് ഗ്രോ ബാഗ് പൈനാപ്പിൾ കൃഷിയുടെ ഒരു ഗുണം.
അല്പം വലിപ്പമുളള ഗ്രോ ബാഗോ ചെടിച്ചട്ടിയോ അതുമല്ലെങ്കിൽ ചാക്കോ സംഘടിപ്പിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ചട്ടിയുടെ ഏറ്റവും അടിയിൽ കുറച്ച് തൊണ്ടുകൾ നിരത്തണം. ആവശ്യമായ വെള്ളം തടഞ്ഞു നിർത്താൻ വേണ്ടിയാണിത്. അതിനുശേഷം തയ്യാറാക്കിയ പോട്ടിംഗ് മിശ്രിതം ചട്ടിയുടെ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. ഇനി ചെടി നടാം.
ആവശ്യത്തിന് മൂത്ത പൈനാപ്പിളിന്റെ മുകൾഭാഗത്തുള്ള ഇലയോടു കൂടിയ ഭാഗം നടാനായി ഉപയോഗിക്കാം. പൈനാപ്പിൾ ചെടിയുടെ വശങ്ങളിൽ നിന്ന് വളർന്നുവരുന്ന തൈകളും നടാൻ ഉപയോഗിക്കുന്നവർ ഉണ്ട്. ആദ്യം ഇത്തരത്തിൽ ശേഖരിച്ച വിത്ത് കുറച്ചുദിവസം തണലത്ത് ഉണക്കണം. തുടർന്ന് ഫംഗിസൈഡുകൾ പുരട്ടി ഉണക്കാം. ഇനി പോട്ടിംഗ് മിശ്രിതം നിറച്ച ചട്ടിയുടെ ഒത്തനടുവിലായി തൈകൾ വെച്ചുപിടിപ്പിക്കാം. ഇത്തരത്തിൽ കൃഷി ചെയ്യുമ്പോൾ ആഴ്ചയിൽ ഒരിക്കലാണ് നനയ്ക്കേണ്ടത്. ആവശ്യത്തിൽ കൂടുതൽ വെള്ളം ഒഴിച്ചാൽ ചെടികൾ ചീഞ്ഞുപോകും.
പൈനാപ്പിൾ കൃഷിയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കത്തി പ്രയോഗം. പാതിവിളവാകുന്നതോടെ കായുടെ മുകളിലെ ഇലയോടുകൂടിയ ഭാഗം കത്തികൊണ്ട് മുറിച്ചുകളയുന്ന രീതിയാണിത്. കത്തിപ്രയോഗത്തിലൂടെ വലിപ്പം പരമാവധി കൂട്ടാൻ കഴിയും. വിളവിന് ശേഷം ചട്ടിയിൽ ഒരുകന്നുമാത്രം നിൽക്കാൻ അനുവദിച്ചാൽ ഉടൻതന്നെ വീണ്ടും വിളവെടുക്കാൻ കഴിയും. എന്തായാലും ഗ്രോബാഗുകളിലെ പൈനാപ്പിൾ കൃഷി കേരളത്തിൽ പ്രചാരം നേടുകയാണ്. വീട്ടിലെ ചെറിയ ആവശ്യങ്ങൾക്കുള്ള പൈനാപ്പിളുകൾ ഇത്തരത്തിൽ എല്ലാവർക്കും വളർത്തിയെടുക്കാമെന്ന് കൃഷി ആരംഭിച്ചവർ പറയുന്നു.