ജോലി ഉപേക്ഷിച്ച് തായ്പേ‍ര കൃഷിയിലേ​ക്ക്, ഒരൊറ്റ വിളയിൽ നിന്നും ലക്ഷങ്ങൾ!

By Web TeamFirst Published Feb 9, 2022, 10:36 AM IST
Highlights

ഒരേക്കറിൽ ഏകദേശം 540 പേരച്ചെടികൾ നടാമെന്ന് അദ്ദേഹം പറയുന്നു. 2021-ൽ ആദ്യത്തെ വിളവെടുപ്പ് കഴിഞ്ഞു. ഉൽപ്പന്നങ്ങൾ 86 ലക്ഷം രൂപയ്ക്ക് അദ്ദേഹം വിറ്റഴിക്കുകയും ചെയ്തു. ഈ വർഷം ഉൽപ്പാദനം 250 ടൺ ആകുമെന്ന് അദ്ദേഹം പറഞ്ഞു. 

ഇന്നത്തെ സമൂഹത്തിൽ കൃഷിയിലേക്ക് തിരിയാൻ ആഗ്രഹിക്കുന്ന യുവാക്കൾ കുറവായിരിക്കും. പലരും വിദേശത്ത് പോകാനോ, അല്ലെങ്കിൽ വലിയ കമ്പനികളിൽ ജോലി ചെയ്യാനോ ഒക്കെ ആഗ്രഹിക്കുന്നവരാകും. പൊതുവെ മാതാപിതാക്കളും തങ്ങളുടെ കുട്ടിയെ കർഷകനാക്കാൻ ആഗ്രഹിക്കാറില്ല. എന്നാൽ, മൊഹാലി സ്വദേശിയായ രാജീവ് ഭാസ്‌കർ(Rajeev Bhaskar) തന്റെ തൊഴിലായി തെരഞ്ഞെടുത്തത് കൃഷിയാണ്. ഇന്ന് അതിൽ നിന്ന് അദ്ദേഹം ലക്ഷങ്ങൾ സമ്പാദിക്കുന്നു, അതും ഒരൊറ്റ വിളയിൽ നിന്ന്. നേരത്തെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന സമയത്ത് രാജീവ് പല പേര കർഷകരെയും കാണാറുണ്ട്. അവർ പണം സമ്പാദിക്കുന്നത് കണ്ടപ്പോൾ, എന്തുകൊണ്ട് ഇത് തനിക്ക് ചെയ്തുകൂടാ എന്ന് ചിന്തിച്ചു. അങ്ങനെ ജോലി ഉപേക്ഷിച്ച് റായ്പുരാണിയിൽ അദ്ദേഹം പേരക്ക കൃഷി തുടങ്ങി. വിളവെടുക്കുന്ന പേരക്കയ്ക്ക് പൊതുവിപണിയിൽ 60 മുതൽ 220 രൂപ വരെയാണ് വില. ഒരു ഏക്കറിൽ നിന്ന് ഒമ്പത് മുതൽ 12 ലക്ഷം രൂപ വരെ അദ്ദേഹം ഇന്ന് സമ്പാദിക്കുന്നു.  

2013 -ലാണ് ഉത്തരാഖണ്ഡിലെ ജി.ബി പന്ത് അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അദ്ദേഹം ഹോർട്ടികൾച്ചറിൽ ബിരുദം നേടുന്നത്. എന്നാൽ, അന്നൊന്നും കൃഷി അദ്ദേഹത്തിന് താല്പര്യമുള്ള തൊഴിലായിരുന്നില്ല. അതുകൊണ്ട് തന്നെ, ബിരുദം കഴിഞ്ഞ് അദ്ദേഹം റായ്പൂർ ആസ്ഥാനമായുള്ള വിഎൻആർ സീഡ്സിൽ ജോലിയ്ക്ക് കയറി. അവിടെ അദ്ദേഹം സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ടീമിന്റെ ഭാഗമായിരുന്നു.  

വിഎൻആറിൽ ജോലി ചെയ്യുന്നതിനിടെ, സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്ന് എംബിഎയും രാജീവ്  പൂർത്തിയാക്കി. ഉത്തരേന്ത്യയിലെ സെയിൽസ് ഓപ്പറേഷൻസ് നോക്കുന്നതിനിടെയാണ് കൃഷിയോട് അദ്ദേഹത്തിന് താല്പര്യം തോന്നിത്തുടങ്ങിയത്. നാല് വർഷത്തിലേറെയായി വിത്തുകളുടെയും തൈകളുടെയും വിൽപ്പന കൈകാര്യം ചെയ്ത രാജീവ്, കൃഷിയിൽ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. ഈ നാലു വർഷത്തിൽ അദ്ദേഹം കൃഷിയെക്കുറിച്ച് വളരെയധികം പഠിച്ചു, പ്രത്യേകിച്ച് തായ് പേരയുടെ ഇനത്തെക്കുറിച്ച്.  

അങ്ങനെ 2017 സെപ്റ്റംബറിൽ ഹരിയാനയിലെ പഞ്ച്കുലയിലുള്ള ഒരു അഞ്ച് ഏക്കർ ഭൂമി അദ്ദേഹം പാട്ടത്തിനെടുത്തു. അതൊരു തായ് പേരത്തോട്ടമായിരുന്നു. അതിന്റെ ഉടമ 2015 -ൽ തൈകൾ നട്ടുപിടിപ്പിച്ചെങ്കിലും, അതിനെ പരിപാലിക്കാൻ സാധിക്കാതായതിനെ തുടർന്ന് രാജീവിന് വിൽക്കുകയായിരുന്നു. “ചെടികൾ നട്ട് രണ്ട് വർഷം കഴിഞ്ഞാണ് ഞാൻ ഫാം ഏറ്റെടുക്കുന്നത്. പതിവ് ജലസേചനത്തിന് പുറമേ തൈകൾക്ക് വളങ്ങളും കീടനാശിനികളും ആവശ്യമായിരുന്നു” രാജീവ് പറഞ്ഞു. മനുഷ്യർക്ക് ദോഷം വരുത്തുന്ന അളവിലും താഴെയുള്ള കീടനാശിനികൾ മാത്രം അദ്ദേഹം ഫാമിൽ ഉപയോഗിച്ചു, കൂടാതെ അവയ്ക്ക് വെള്ളവും വളവും നൽകി. താമസിയാതെ അത് കായ്ച്ചു. അങ്ങനെ 2018 -ൽ 6.5 ലക്ഷം രൂപ മുതൽമുടക്കിൽ അദ്ദേഹത്തിന് 20 ലക്ഷം രൂപയുടെ മൊത്തവിൽപ്പന നടന്നു. 2019-ൽ, വിപണി വില ഇടിഞ്ഞിട്ടും വിറ്റത് 24 ലക്ഷം രൂപയ്ക്കായിരുന്നു.  

ഇതോടെ കൃഷി വിപുലീകരിക്കാൻ അദ്ദേഹത്തിന് ആത്മവിശ്വാസമായി. 2019 -ൽ 50 ഏക്കർ ഭൂമി പാട്ടത്തിന് എടുക്കാൻ രണ്ട് നിക്ഷേപകരുമായി അദ്ദേഹം കൈകോർത്തു. ഏറ്റെടുത്ത ഭൂമിയുടെ 25 ഏക്കറിൽ വിഎൻആർ ബിഹി ഇനം പേരയ്ക്കയാണ് അദ്ദേഹം നട്ടത്. തൈകളുടെ ഇടയിൽ തണ്ണിമത്തൻ, കോളിഫ്‌ളവർ, റാഡിഷ് തുടങ്ങിയ വിളകളും അദ്ദേഹം നട്ടുപിടിപ്പിച്ചു. പേരച്ചെടികൾ വർഷത്തിൽ മൂന്നു പ്രാവശ്യം പൂവിടുമെങ്കിലും വർഷം തോറും ജൂലൈ മുതൽ സെപ്തംബർ വരെ മാത്രമേ വിളവെടുപ്പ് നടത്താറുള്ളൂ. ഒരേക്കറിൽ ഏകദേശം 540 പേരച്ചെടികൾ നടാമെന്ന് അദ്ദേഹം പറയുന്നു. 2021-ൽ ആദ്യത്തെ വിളവെടുപ്പ് കഴിഞ്ഞു. ഉൽപ്പന്നങ്ങൾ 86 ലക്ഷം രൂപയ്ക്ക് അദ്ദേഹം വിറ്റഴിക്കുകയും ചെയ്തു. ഈ വർഷം ഉൽപ്പാദനം 250 ടൺ ആകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് 2.5 കോടി രൂപയുടെ വരുമാനം കൊണ്ടുവരും. നല്ല ലാഭം ഉണ്ടാക്കാൻ കുറഞ്ഞത് അഞ്ച് ഏക്കർ കൃഷിസ്ഥലം വേണമെന്ന് അദ്ദേഹം പറയുന്നു. 

"ഏക്കറിന് 5.5 ലക്ഷം രൂപയാണ് പ്രാരംഭ നിക്ഷേപം, തുടർന്ന് ഏക്കറിന് നാല് ലക്ഷം രൂപയാണ് വാർഷിക ചെലവ്” അദ്ദേഹം പറയുന്നു. കൂടാതെ, കൃഷിയെക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനവും ആവശ്യമാണ് എന്ന് സ്വന്തമായി ഒരു കാർഷിക കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന രാജീവ് പറയുന്നു. രാജീവിന്റെ ഫാം വളർന്നതോടെ പ്രദേശത്തെ ഭൂമിയുടെ വില ഉയരാൻ തുടങ്ങി.  

click me!