കർഷകന് ലോട്ടറി! വിളവെടുത്തപ്പോൾ കിട്ടിയ ഉള്ളി കണ്ട് ഞെട്ടി, ഭീമൻ ഉള്ളിക്ക് ഭാരം 8.97 കിലോഗ്രാം

Published : Sep 20, 2023, 02:35 PM ISTUpdated : Sep 20, 2023, 02:59 PM IST
കർഷകന് ലോട്ടറി! വിളവെടുത്തപ്പോൾ കിട്ടിയ ഉള്ളി കണ്ട് ഞെട്ടി, ഭീമൻ ഉള്ളിക്ക് ഭാരം 8.97 കിലോഗ്രാം

Synopsis

ഈ ഭീമൻ ഉള്ളി തീർത്തും ഭക്ഷ്യയോഗ്യം ആണെങ്കിലും ഇത് വിത്തായി ഉപയോഗിക്കാനാണ് ഗ്രിഫിന്റെ തീരുമാനം.

ഉള്ളി കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, ഒരു ചക്കയുടെ വലുപ്പമുള്ള ഉള്ളി കണ്ടിട്ടുണ്ടോ? അത്തരത്തിൽ ഒരു ഭീമനുള്ളി തന്റെ കൃഷിത്തോട്ടത്തിൽ ഉണ്ടായതിന്റെ സന്തോഷത്തിലാണ് യുകെ സ്വദേശിയായ ഒരു കർഷകൻ. യുകെയിലെ ഗുർൻസിയിൽ നിന്നുള്ള ഗാരെത് ഗ്രിഫിൻ എന്ന കർഷകന്റെ തോട്ടത്തിലാണ് ഈ ഭീമൻ ഉള്ളി വിളഞ്ഞത്. 

കഴിഞ്ഞദിവസം യുകെയിലെ ഹാരോഗേറ്റ് ശരത്കാല പുഷ്പ പ്രദർശനത്തിൽ ഗ്രിഫിൻ തൻറെ ഭീമൻ ഉള്ളി പ്രദർശനത്തിന് എത്തിച്ചതോടെ സംഗതി മാധ്യമങ്ങളിൽ ഇടം പിടിച്ചു. 8.9 കിലോഗ്രാം (19.7 പൗണ്ട്) ആണ് ഈ ഉള്ളിയുടെ ഭാരം. ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള ഉള്ളി എന്ന ലോക റെക്കോർഡ് ഗാരെത് ഗ്രിഫിന്റെ തോട്ടത്തിൽ ഉണ്ടായ ഈ ഉള്ളിക്ക് ഇനി സ്വന്തമാകും. ഇതിനുമുൻപ് സമാനമായ രീതിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ഉള്ളിയുടെ ഭാരം 8.4 കിലോഗ്രാം (18.68 പൗണ്ട്) ആയിരുന്നു. മുൻ ലോക റെക്കോർഡ് തൻറെ വിളയിലൂടെ മറികടക്കാൻ സാധിച്ച സന്തോഷത്തിലാണ് ഈ കർഷകൻ ഇപ്പോൾ.

ഹാരോഗേറ്റ് ഫ്ലവർ ഷോസ് ഓർഗനൈസേഷൻ ആണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വാർത്ത പുറത്തുവിട്ടത്. ഗാരെത് ഗ്രിഫിൻ തന്റെ ഭീമാകാരമായ ഉള്ളി അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന ഫോട്ടോയ്‌ക്കൊപ്പം ആണ് ലോക റെക്കോർഡ് തകർത്തുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവച്ചത്. “കണ്ണ് നനയിക്കുന്ന ഈ വലിയ ഉള്ളി, ഒരു പുതിയ റെക്കോർഡ് ബ്രേക്കിംഗ് ഭീമനാണ്!“ എന്ന കുറിപ്പോയായിരുന്നു ഓർഗനൈസേഷൻ സോഷ്യൽ മീഡിയ പോസ്റ്റ്.
 

 

ഈ ഭീമൻ ഉള്ളി തീർത്തും ഭക്ഷ്യയോഗ്യം ആണെങ്കിലും ഇത് വിത്തായി ഉപയോഗിക്കാനാണ് ഗ്രിഫിന്റെ തീരുമാനം. ലോക റെക്കോർഡുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഭാഗത്തുനിന്നും ഇതുവരെയും വന്നിട്ടില്ല. എന്നിരുന്നാലും തൻറെ നേട്ടത്തിൽ താൻ സന്തുഷ്ടനാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ഗാരെത് ഗ്രിഫിൻ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

കോവൽ; നല്ല വിപണി സാധ്യത, വളർത്താനും വിളവെടുക്കാനും എളുപ്പം
കറുവപ്പട്ടയ്ക്ക് ഗുണങ്ങൾ ഏറെ, പക്ഷേ വാങ്ങുമ്പോൾ വ്യാജനാവരുത്..!