പരുക്കന്‍ ധാന്യമാണെങ്കിലും വരക് പോഷകഗുണത്തില്‍ കേമന്‍

By Web TeamFirst Published Jan 24, 2021, 3:41 PM IST
Highlights

വരക് കൃഷി ചെയ്യുമ്പോള്‍ ജൈവവളവും ജൈവ കീടനാശിനിയും തന്നെയാണ് ഉത്തമം. സാധാരണയായി കീടങ്ങളും അസുഖങ്ങളും വലിയ അളവില്‍ ബാധിക്കാറില്ല. 

വരള്‍ച്ചയെ അതിജീവിച്ച് നന്നായി വളരാന്‍ കഴിവുള്ള ധാന്യവര്‍ഗത്തില്‍പ്പെട്ട വിളയാണ് വരക്. മറ്റുള്ള ധാന്യങ്ങളെ അപേക്ഷിച്ച് വളരെ പരുക്കനാണ് കോഡോ മില്ലറ്റ് എന്നറിയപ്പെടുന്ന വരക്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ആവിര്‍ഭവിച്ച ഈ ധാന്യത്തിന് പലപല പേരുകളും നിലവിലുണ്ട്. ഏകദേശം 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃഷി ചെയ്തിരുന്നുവെന്ന് പറയപ്പെടുന്ന വരക്, പ്രമേഹ രോഗികള്‍ക്ക് സാധാരണ അരിക്ക് പകരമായി ഉപയോഗിക്കാവുന്നതുമാണ്. അധികം പണച്ചെലവില്ലാതെ കൃഷി ചെയ്ത് വിളവെടുക്കാവുന്ന ഈ ധാന്യത്തിന്റെ പ്രത്യേകതകളെക്കുറിച്ചറിയാം.

8.3 ശതമാനം മാംസ്യവും 1.4 ശതമാനം കൊഴുപ്പും 65.6 ശതമാനം കാര്‍ബോഹൈഡ്രേറ്റുകളും വരകില്‍ അടങ്ങിയിട്ടുണ്ട്. മധ്യ പ്രദേശിലും ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണ് കൂടുതലായി വരക് കൃഷി ചെയ്യുന്നത്. മറ്റുള്ള ധാന്യവിളകളെ അപേക്ഷിച്ച് വെള്ളത്തിന്റെ ആവശ്യകത കുറവാണ്. വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ കൃഷി ചെയ്യാവുന്നതുമാണ്. പോഷകങ്ങളുടെ കലവറയായ ഈ ധാന്യത്തില്‍  അരിയിലും ഗോതമ്പിലുമുള്ളതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യവും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വരകില്‍ ഉയര്‍ന്ന അളവില്‍ ലെസിത്തിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നാഡീവ്യവസ്ഥയെയും ശക്തിപ്പെടുത്താന്‍ സഹായിക്കും.

വരക് കൃഷി ചെയ്യുമ്പോള്‍ ജൈവവളവും ജൈവ കീടനാശിനിയും തന്നെയാണ് ഉത്തമം. സാധാരണയായി കീടങ്ങളും അസുഖങ്ങളും വലിയ അളവില്‍ ബാധിക്കാറില്ല. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്താണ് വരക് നന്നായി വിളയുന്നത്. കൃഷി ചെയ്യാന്‍ ധാരാളം വെള്ളവും ആവശ്യമുണ്ട്. എന്നിരുന്നാലും വാര്‍ഷിക മഴ ലഭ്യത 40 മുതല്‍ 50 സെ.മീ വരെയുള്ള സ്ഥലത്തും വളരും. നല്ല നീര്‍വാര്‍ച്ചയുള്ളതും ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കുന്നതുമായ മണ്ണാണ് കൃഷിക്ക് അനുയോജ്യം. ഏകദേശം 90 സെ.മീ ഉയരത്തില്‍ വളരുന്ന ഈ ധാന്യം ചിലപ്പോള്‍ ഫംഗസിന്റെ ആക്രമണം നേരിടാറുണ്ട്. ധാന്യത്തിന് ഇളം ചുവപ്പ് മുതല്‍ ഇരുണ്ട ചാരനിറം വരെയുണ്ടാകാറുണ്ട്. 105 മുതല്‍ 120 ദിവസങ്ങളെടുത്താണ് വിളഞ്ഞ് പാകമായി വിളവെടുപ്പ് നടത്തുന്നത്. വളപ്രയോഗമില്ലാതെ ഒരു ഹെക്ടറില്‍ 850 കി.ഗ്രാം ധാന്യം വിളയുന്നതാണ്. നൈട്രജനും ഫോസ്ഫറസും നല്‍കിയാല്‍ ഒരു ഹെക്ടറില്‍ നിന്ന് 1600 കി.ഗ്രാം വിളവെടുക്കാം.

ഖാരിഫ് വിളയായതിനാല്‍ മഴക്കാലത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. മഴലഭ്യത കുറവാണെങ്കില്‍ ഒന്നോ രണ്ടോ തവണയുള്ള ജലസേചനം ആവശ്യമാണ്. കൃഷി ചെയ്യുമ്പോള്‍ വരികള്‍ തമ്മില്‍ 20 മുതല്‍ 25 വരെ അകലവും ചെടികള്‍ തമ്മില്‍ എട്ട് മുതല്‍ 10 സെ.മീ വരെ അകലവും ആവശ്യമാണ്.

നല്ല ഗുണനിലവാരമുള്ള വിത്തുകള്‍ നോക്കി വാങ്ങി നടാന്‍ ഉപയോഗിക്കണം. വടക്കേ ഇന്ത്യയില്‍ ജൂണ്‍ പകുതി മുതല്‍ ജൂലായ് പകുതി വരെയും തെക്കേ ഇന്ത്യയില്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് വിത്ത് വിതയ്ക്കുന്ന സമയം. വിത്ത് വിതച്ച ശേഷമുള്ള 35 മുതല്‍ 40 ദിവസം വരെയുള്ള കാലയളവില്‍ കളകള്‍ പറിച്ച് മാറ്റി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും കളകള്‍ ഒഴിവാക്കണം.

സാധാരണയായി വിത്ത് മുളച്ച് 100 ദിവസങ്ങള്‍ക്ക് ശേഷമാണ് വിളവെടുപ്പിന് പാകമാകുന്നത്. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ചെടിയുടെ തലഭാഗം ബ്രൗണ്‍ നിറത്തില്‍ നിന്നും പച്ചനിറമായി മാറും. വൃത്തിയാക്കിയ ധാന്യം വെയിലത്ത് വെച്ചുണക്കി 12 ശതമാനത്തോളം മാത്രം ഈര്‍പ്പം നിലനില്‍ക്കുന്ന അവസ്ഥയിലേക്ക് മാറ്റും. ഇങ്ങനെ തയ്യാറാക്കി സൂക്ഷിച്ചാല്‍ നല്ല അന്തരീക്ഷത്തില്‍ 13 മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം.

click me!