കര്‍ഷകര്‍ ആത്മഹത്യ ചെയ്യരുത്, കാര്‍ഷിക കുടുംബത്തിലെ അംഗമായ ഉമ കണ്ടെത്തിയ വഴി

Published : Mar 03, 2020, 12:18 PM IST
കര്‍ഷകര്‍ ആത്മഹത്യ ചെയ്യരുത്, കാര്‍ഷിക കുടുംബത്തിലെ അംഗമായ ഉമ കണ്ടെത്തിയ വഴി

Synopsis

ഒരു സാധാരണ കൃഷിഭൂമി ജൈവരീതിയിലേക്കാക്കി മാറ്റാന്‍ അഞ്ച് വര്‍ഷം സമയമെടുക്കുമെന്ന് ഉമ പറയുന്നു. ഇവരുടെ ടീം മണ്ണിലെ രാസവസ്തുക്കള്‍ ഒഴിവാക്കാനാണ് കര്‍ഷകര്‍ക്ക് ആദ്യമായി പരിശീലനം നല്‍കിയത്. അതുപോലെ ആട്, പശു എന്നിവയെ വളര്‍ത്തി വീട്ടില്‍ത്തന്നെ ജൈവവളം നിര്‍മിക്കാനും ഉപദേശം നല്‍കി. 

ഉമാ പ്രസാദ് സ്വന്തം കൃഷിസ്ഥലത്തുനിന്നുമുള്ള വിളവുകള്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണി കണ്ടെത്തി വരുമാനം നേടുന്ന വനിതയാണ്. ഇന്ന് 10,000 ഏക്കര്‍ ഭൂമിയില്‍ ജോലി ചെയ്യാനായി 1000 കര്‍ഷകരുണ്ട്. ധാന്യങ്ങളും പരിപ്പുകളും ഉണക്കപ്പഴങ്ങളും ചേര്‍ത്ത ഭക്ഷ്യോത്പന്നങ്ങളും ചോളവും ഗോതമ്പും ചാമയും എല്ലാം ചേര്‍ത്ത് പൊടിച്ചെടുത്ത പോഷകാഹാരവും ഇവര്‍ വിപണിയിലെത്തിക്കുന്നു. അതുകൂടാതെ പാചകം ചെയ്യാന്‍ പാകത്തിലുള്ള കിച്ചഡി മിക്‌സ്, ഖീര്‍ മിക്‌സ് എന്നിവയും വിവിധ തരത്തിലുള്ള സ്‌നാക്ക്‌സും നിര്‍മിച്ച് ആവശ്യക്കാരിലെത്തിക്കുന്നുണ്ട്.

 

ബംഗളൂരുവിനടുത്തുള്ള ചിക്കബല്ലാപൂരില്‍ തലമുറകളായി കൃഷി ചെയ്യുന്ന കുടുംബത്തിലെ അംഗമായ ഉമാ പ്രസാദിന് മണ്ണില്‍ പണിയെടുക്കുന്നത് അദ്ഭുതമുള്ള കാര്യമല്ല. പക്ഷേ, കടം വീട്ടാനാകാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്തതായിരുന്നു. സ്വന്തം അച്ഛനും മുത്തച്ഛനും ജൈവകൃഷിക്കായി പണം കടം വാങ്ങിയിട്ടില്ല. അവരുടെ കൃഷിഭൂമി ഫലഭൂയിഷ്ടമായിരുന്നു. അവിടെ മഴയില്ലാതിരുന്നിട്ടുകൂടി ആ മണ്ണില്‍ ഈര്‍പ്പം പിടിച്ചുനിര്‍ത്തത്തക്ക രീതിയിലുള്ള സാഹചര്യമുണ്ടായിരുന്നു.

ആദ്യമായി തന്റെ ഫാമില്‍ നിന്നുള്ള പച്ചക്കറികളും ധാന്യങ്ങളും യെലഹങ്കയിലുള്ള മാര്‍ക്കറ്റിലായിരുന്നു വിറ്റഴിച്ചത്. 'വെറും രണ്ടു മണിക്കൂറിനുള്ളില്‍ എന്റെ വിളകളെല്ലാം വിറ്റഴിച്ചപ്പോള്‍ അദ്ഭുതം തോന്നി. അങ്ങനെയാണ് വലിയ രീതിയില്‍ സംരംഭമായി മാറ്റിയെടുക്കാനുള്ള പ്രേരണയുണ്ടാകുന്നത്.' ഗ്രെയ്ന്‍ സ്‌റ്റോറീസ് എന്ന തന്റെ കമ്പനി തുടങ്ങിയത് 2015 -ലാണ്. ജൈവകൃഷി തുടരാന്‍ കര്‍ഷകരോട് പറയുന്നതായിരുന്നു ഏറ്റവും വെല്ലുവിളിയായി ഉമ കണ്ടത്. പ്രതീക്ഷിക്കുന്ന വരുമാനം അവര്‍ക്ക് ലഭിക്കുന്നില്ലെന്നതായിരുന്നു കാരണം. 'ഞങ്ങള്‍ അവര്‍ക്ക് ശക്തമായ പ്രചോദനം നല്‍കേണ്ടി വന്നു. അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ തരണം ചെയ്യാമെന്ന് പറഞ്ഞു മനസിലാക്കാന്‍ പറ്റിയില്ല. പല കര്‍ഷകരും ഒഴിവായിപ്പോയി' ഉമ പറയുന്നു.

ഒരു സാധാരണ കൃഷിഭൂമി ജൈവരീതിയിലേക്കാക്കി മാറ്റാന്‍ അഞ്ച് വര്‍ഷം സമയമെടുക്കുമെന്ന് ഉമ പറയുന്നു. ഇവരുടെ ടീം മണ്ണിലെ രാസവസ്തുക്കള്‍ ഒഴിവാക്കാനാണ് കര്‍ഷകര്‍ക്ക് ആദ്യമായി പരിശീലനം നല്‍കിയത്. അതുപോലെ ആട്, പശു എന്നിവയെ വളര്‍ത്തി വീട്ടില്‍ത്തന്നെ ജൈവവളം നിര്‍മിക്കാനും ഉപദേശം നല്‍കി. ആദ്യമായി പച്ചക്കറികളും ഇലക്കറികളും നട്ടുനനച്ചുണ്ടാക്കാനാണ് ഇവര്‍ കര്‍ഷകരെ പഠിപ്പിച്ചത്. ഇന്ന് കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമായി കര്‍ഷകരുടെ ഗ്രൂപ്പുകള്‍ ഇവര്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ജൈവകൃഷി രീതി അവലംബിക്കാനായി ഇവര്‍ ഉപദേശങ്ങള്‍ നല്‍കുന്നു.

ജൈവ ഉത്പന്നങ്ങളുടെ വിപണിയും വളര്‍ച്ചയും

ഇന്നത്തെ കാലത്ത് ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കാരണം ആളുകള്‍ ജൈവ ഉത്പന്നങ്ങള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കി വാങ്ങാന്‍ വരുന്നു. അതുകൊണ്ടു തന്നെ വിപണിയില്‍ ജൈവപച്ചക്കറികള്‍ക്കും ഉത്പന്നങ്ങള്‍ക്കും വന്‍ ഡിമാന്റാണെന്ന് ഉമ പറയുന്നു. ഓരോ വര്‍ഷവും ഏകദേശം 15 മുതല്‍ 20 വരെ ശതമാനം വളര്‍ച്ച ജൈവവിപണിയിലുണ്ടാകുന്നുണ്ട്.

 

ഇന്ന് ഇന്ത്യയൊട്ടാകെ 600 റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ ഇവരുടെ ഗ്രീന്‍ സ്‌റ്റോറി എന്ന കമ്പനിക്കുണ്ട്. ബംഗളുരുവില്‍ മാത്രമായി 250 ഔട്ട്‌ലെറ്റുകളുണ്ട്. ആമസോണ്‍ വഴിയും ഉത്പന്നങ്ങള്‍ ലഭിക്കും. ബംഗളുരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളില്‍ ജൈവഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

ആവശ്യക്കാര്‍ ഓരോ വര്‍ഷവും കൂടിവരുന്നതായാണ് കാണുന്നതെന്ന് ഉമ പറയുന്നു. കമ്പനി കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ലാഭത്തിലായിരുന്നില്ല പ്രവര്‍ത്തിച്ചതെന്നും പിന്നീട് യു.എസ് അടിസ്ഥാനമാക്കിയുള്ള കമ്പനിയില്‍ നിന്നും പണം നിക്ഷേപിച്ച് ഉത്പന്നങ്ങളുടെ പാക്കിങ്ങും വിപണനവും നടത്തി മുന്നോട്ട് പോവുകയായിരുന്നുവെന്നും ഉമ പറയുന്നു. ഭാവിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കായി കമ്പനി ശ്രമിക്കുന്നുണ്ടെന്നും ഉത്പന്നങ്ങളുടെ കയറ്റുമതി വിപുലീകരിക്കാനാണ് പദ്ധതിയെന്നും ഇവര്‍ വ്യക്തമാക്കുന്നു.


 

PREV
click me!

Recommended Stories

ചെലവ് വളരെ കുറവ്, വലിയ അധ്വാനമില്ലാതെ കുറ്റിക്കുരുമുളക് കൃഷി
കോവൽ; നല്ല വിപണി സാധ്യത, വളർത്താനും വിളവെടുക്കാനും എളുപ്പം