ചെമ്മീന്‍ കയറ്റുമതി ചെയ്‍ത് ലാഭം; ഇത് മത്സ്യത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായ സ്റ്റാര്‍ട്ടപ്പ്

By Web TeamFirst Published Mar 2, 2020, 9:54 AM IST
Highlights

ഇവരുടെ  സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികളിലെത്തിക്കാനാണ്  ഇടനിലക്കാരെ പ്രയോജനപ്പെടുത്തിയത്. ഫാം മോണിറ്ററിങ്ങും റിപ്പോര്‍ട്ടിങ്ങും നടത്താനുള്ള ആപ്ലിക്കേഷന്‍ കര്‍ഷകര്‍ക്ക് മനസിലാക്കിക്കൊടുത്തത് ഇവരാണ്.
 

ഇന്ന് തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമായി 1500 ഹെക്ടറില്‍ പരന്നുകിടക്കുന്ന 3000 അക്വാ ഫാമുകളുടെ ചുമതല നിര്‍വഹിക്കുന്നത് അക്വാ കണക്റ്റ് എന്ന സ്റ്റാര്‍ട്ടപ്പാണ്. കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍ പ്രകാരം ദക്ഷിണേഷ്യയിലെ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള ഏറ്റവും വലിയ സംരംഭമായി ഇത് മാറാന്‍ കാരണമായത് അറുന്നൂറോളം മത്സ്യത്തൊഴിലാളികളുടെ പ്രയത്‌നം കൊണ്ടുമാത്രമാണ്. അക്വാ കണക്റ്റ് എന്താണ് ചെയ്യുന്നത്?

രാജ് മനോഹര്‍ സോമസുന്ദരം കാണ്‍പൂര്‍ ഐ.ഐ.ടിയിലെ വിദ്യാര്‍ഥിയായിരുന്നു. നല്ലൊരു സംരംഭകനും കൂടിയായ രാജ് ഇന്ന് രണ്ട് സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നുമുണ്ട്. ഹെക്‌സോലാബും സോഷ്യോലാബുമാണ് രാജിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2017 -ല്‍ രാജ് തന്റെ നാടായ ചിദംബരത്തേക്ക് യാത്ര ചെയ്യുമ്പോള്‍ സഹയാത്രികനായ ഒരാളെ പരിചയപ്പെട്ടു. 'അയാള്‍ ഫോണില്‍ ആരോടോ സംസാരിക്കുമ്പോള്‍ ഇടയ്ക്കിടെ 'റേറ്റ്' എന്ന് പറഞ്ഞ് വിലപേശുന്നത് കേട്ടു. കാര്യം എന്താണെന്ന് അയാളോട് ചോദിച്ചപ്പോള്‍ അയാളുടെ കുടുംബം 20 വര്‍ഷങ്ങളായി ചെമ്മീന്‍ കമ്പനി നടത്തിക്കൊണ്ടുപോകുകയാണെന്നും കര്‍ഷകര്‍ക്ക് ലാഭം കിട്ടുകയെന്നാല്‍ വളരെ കഷ്ടമാണെന്നും എന്നോട് പറഞ്ഞു.' രാജ് താന്‍ ഈ മേഖലയിലേക്ക് കടന്നുവരാനുണ്ടായ കാരണത്തെക്കുറിച്ചാണ് പറയുന്നത്.

അന്ന് കൂടെ സഞ്ചരിച്ച വ്യക്തിയായ സഞ്ജയ് കുമാര്‍ ഇന്ന് അക്വാ കണക്റ്റ് എന്ന ഇവരുടെ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരില്‍ ഒരാളാണ്. ഇവര്‍ രണ്ടുപേരും ഷണ്‍മുഖ സുന്ദര രാജ് എന്ന മറ്റൊരു സംരംഭകനുമായി ചേര്‍ന്നാണ് 2017ല്‍ ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ഇന്ന് അക്വാ കണക്റ്റ് ഗുജറാത്തിലേക്കും പശ്ചിമ ബംഗാളിലേക്കും ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.

മത്സ്യ മാര്‍ക്കറ്റിന്റെ സംഘാടകര്‍

ചെമ്മീന്‍, ഞണ്ട് തുടങ്ങിയവയുടെ ഉത്പാദനവും വിപണനവുമായി ബന്ധപ്പെട്ട മേഖല ഇന്ത്യയില്‍ കാര്യക്ഷമമായല്ലായിരുന്നു മുന്നോട്ട് പോയിരുന്നത്. ഇടനിലക്കാര്‍ ലാഭം കൊയ്യുകയും കര്‍ഷകര്‍ക്ക് തുച്ഛമായ വരുമാനം ലഭിക്കുകയും ചെയ്യുന്ന അവസ്ഥ പലയിടങ്ങളിലുമുണ്ട്.

മത്സ്യക്കര്‍ഷകര്‍ക്ക് നൂതനമായ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവില്ലാത്തതും തങ്ങളുടെ ഉത്പന്നത്തിന് മാര്‍ക്കറ്റ് കണ്ടെത്താനുള്ള വൈദഗ്ധ്യമില്ലാതിരുന്നതുമാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്താനുള്ള പ്രധാന കാരണം.

'ഞങ്ങളുടെ അക്വാ കണക്റ്റ് യഥാര്‍ഥത്തില്‍ ഒരു മത്സ്യ മാര്‍ക്കറ്റാണ്. കര്‍ഷകരുടെ പ്രയത്‌നം സംയോജിപ്പിക്കാന്‍ ഞങ്ങള്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നു. അവര്‍ക്ക് നല്ല വിലയും നല്‍കുന്നു' രാജ് പറയുന്നു.

 

ചെന്നൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അക്വാകള്‍ച്ചറുമായി ബന്ധപ്പെട്ട വിവരങ്ങളും സാങ്കേതിക വിദ്യകളും മത്സ്യക്കര്‍ഷകര്‍ക്ക് നല്‍കുന്നു. ഹാച്ചറികളില്‍ നിന്ന് ചെമ്മീന്‍കുഞ്ഞുങ്ങള്‍ വിരിഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തി മാര്‍ക്കറ്റിലെത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സ്റ്റാര്‍ട്ടപ്പ് നിയന്ത്രിക്കുന്നത്. ഈ കര്‍ഷകരെ വ്യാപാരികളുമായും വിതരണക്കാരുമായും യോജിപ്പിക്കാനുള്ള കണ്ണിയായും സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുന്നു.

13 അംഗങ്ങളുള്ള ഈ സ്റ്റാര്‍ട്ടപ്പ്  വാട്ടര്‍ മോണിറ്ററിങ്ങ് സിസ്റ്റം വഴി ചെമ്മീനിന്റെ പ്രജനനകാലം മനസിലാക്കാനും കാര്യക്ഷമമായി ഉത്പാദനം നടത്താനുമുള്ള കാര്യങ്ങള്‍ ചെയ്യുന്നു. അതുകാരണം അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും കഴിയുന്നു.

ഇടനിലക്കാരെ തഴയാതെയുള്ള തന്ത്രം

'തമിഴ്‌നാട്ടില്‍ ഇടനിലക്കാര്‍ക്ക് വലിയ പങ്കുണ്ട്. എല്ലാവരും ഇവരോടാണ് വിപണന കാര്യങ്ങള്‍ സംസാരിക്കുന്നത്. കര്‍ഷകര്‍ മിക്കവാറും ചൂഷണം ചെയ്യപ്പെടുകയും ചെയ്യും. ഇടനിലക്കാരെക്കൂടി ഉള്‍പ്പെടുത്തിയാണ് ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയത്.' രാജ് തങ്ങളുടെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് പറയുന്നു.

ഇവരുടെ  സാങ്കേതിക വിദ്യ മത്സ്യത്തൊഴിലാളികളിലെത്തിക്കാനാണ്  ഇടനിലക്കാരെ പ്രയോജനപ്പെടുത്തിയത്. ഫാം മോണിറ്ററിങ്ങും റിപ്പോര്‍ട്ടിങ്ങും നടത്താനുള്ള ആപ്ലിക്കേഷന്‍ കര്‍ഷകര്‍ക്ക് മനസിലാക്കിക്കൊടുത്തത് ഇവരാണ്.

'ഇടനിലക്കാരില്‍ നിന്ന് വലിയ എതിര്‍പ്പായിരുന്നു നേരിട്ടത്. അതിനാല്‍ ഞങ്ങള്‍ക്ക് സാങ്കേതിക കാര്യങ്ങളില്‍ പിന്തുണ നല്‍കാനുള്ള ചുമതല അവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. അവരുമായി ചേര്‍ന്നതുകൊണ്ട് അവരുടെ ഉപജീവനമാര്‍ഗവും മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങള്‍ ശ്രമിച്ചത്. പതുക്കെ അവരും ഞങ്ങളുടെ വിശ്വസ്തരായി മാറി.' രാജ് പറയുന്നു.

കയറ്റുമതി ചെയ്യുമ്പോള്‍ വലിയ മത്സരമുള്ള വിപണിയാണ് ഇതെന്ന് രാജ് പറയുന്നു. ആരാണ് കൂടുതല്‍ പ്രതിഫലം തരുന്നതെന്ന് കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ കഴിയാറില്ല. അവര്‍ക്ക് ശരിയായ ഉപദേശം നല്‍കി വഴികാട്ടണം.

ഇന്ന് യു.എസും ലാറ്റിന്‍ അമേരിക്കയുമാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി സാധ്യതയുള്ള സ്ഥലങ്ങള്‍. ഒരു വര്‍ഷത്തില്‍ 5.6 ബില്യണില്‍ക്കൂടുതലാണ് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കയറ്റുമതി. അക്വബ്രഹ്മ, ഇന്റന്‍സ് അക്വാട്ടിക്ക എന്നിങ്ങനെയുള്ള രണ്ട് സമാനമായ ഓണ്‍ലൈന്‍ വില്‍പ്പനക്കാരും രംഗത്തുണ്ടെങ്കിലും നിലവില്‍ ഇവരുടെ സംരംഭത്തെ തോല്‍പ്പിക്കുന്ന എതിരാളികള്‍ ആരും തന്നെയില്ല.

ഇന്ത്യില്‍ ഏകദേശം 1,36,000 ഹെക്ടര്‍ പ്രദേശത്ത് ചെമ്മീന്‍ കൃഷി നടത്തുന്നുണ്ട്. ഇതില്‍ 1.1 ശതമാനം സ്ഥലത്ത് മാത്രമേ അക്വാ കണക്റ്റ് എന്ന സംരംഭത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞിട്ടുള്ളു. ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തുന്നു.


 

click me!