ഗ്രീന്‍ഹൗസില്‍ വളര്‍ത്താവുന്ന ഉരുളക്കിഴങ്ങിന്റെ ഇനങ്ങള്‍

By Web TeamFirst Published Jan 28, 2021, 9:09 AM IST
Highlights

ഗ്രീന്‍ഹൗസില്‍ വളര്‍ത്തുമ്പോള്‍ വലിയ പാത്രങ്ങള്‍, ബാരല്‍, ബാഗ് എന്നിവയാണ് ഉചിതം. മൂന്ന് ഉരുളക്കിഴങ്ങ് വിത്ത് നടാന്‍ 24 ഇഞ്ച് ഉയരവും 18 ഇഞ്ച് വ്യാസവുമുള്ള പാത്രമാണ് നല്ലത്. 

പാവപ്പെട്ടവന്റെ സുഹൃത്തെന്ന് കരുതുന്ന പച്ചക്കറിയായ ഉരുളക്കിഴങ്ങ് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് കൃഷി ചെയ്യുന്നുണ്ട്. നിങ്ങളുടെ മട്ടുപ്പാവിലും പറമ്പിലും ഗ്രോ ബാഗിലും വലിയ പാത്രങ്ങളിലുമെല്ലാം വളര്‍ത്തി നന്നായി വിളവെടുക്കാവുന്ന ഈ പച്ചക്കറി ഗ്രീന്‍ഹൗസില്‍ വളര്‍ത്തുന്നതും പ്രായോഗികമാണ്. ഇത്തിരി സമയം ചെലവഴിച്ചാല്‍ മിക്കവാറും എല്ലാ തരത്തില്‍പ്പെട്ട ഉരുളക്കിഴങ്ങും ഗ്രീന്‍ഹൗസില്‍ കൃഷി ചെയ്ത് ധാരാളം വിളവ് ഉത്പാദിപ്പിക്കാന്‍ കഴിയും.

ഇന്ത്യയില്‍ പ്രധാനമായും ഉരുളക്കിഴങ്ങ് ഉത്പാദിപ്പിക്കുന്നത് ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ആസാം, മധ്യ പ്രദേശ് എന്നിവിടങ്ങളിലാണ്. ഇന്ത്യയിലെ ഉപോഷ്ണ മേഖലാ പ്രദേശങ്ങളില്‍ വളരുന്ന ഉരുളക്കിഴങ്ങ് ഗ്രീന്‍ഹൗസില്‍ കൃഷി ചെയ്താല്‍ വര്‍ഷം മുഴുവന്‍ വിളവെടുക്കാമെന്ന് മാത്രമല്ല, വളരെ കുറച്ച് സ്ഥലം മാത്രം മതിയെന്ന മേന്‍മയുമുണ്ട്. ഗ്രീന്‍ഹൗസില്‍ വളര്‍ത്തുന്നതിന്റെ പ്രധാന ഉദ്ദേശമെന്നത് വളരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയെന്നതും പ്രതികൂലമായ കാലാവസ്ഥയില്‍ നിന്നും കീടാക്രമണങ്ങളില്‍ നിന്നും രക്ഷിക്കുകയെന്നതുമാണ്.

അനുയോജ്യമായ ഇനങ്ങള്‍

റസ്സെറ്റ്‌സ് (Russets)- Old potato എന്നറിയപ്പെടുന്ന ഇനമാണിത്. റസ്സെറ്റ് അര്‍ക്കാഡിയ, റസ്സെറ്റ് നോര്‍ക്കോടാ, റസ്സെറ്റ് ബ്യൂടെ എന്നിവയെല്ലാം വ്യത്യസ്ത ഇനങ്ങളാണ്.

മഞ്ഞ ഉരുളക്കിഴങ്ങ് - മഞ്ഞ ഉരുളക്കിഴങ്ങിലെ ഇനങ്ങളാണ് യുകോണ്‍ ഗോള്‍ഡ്, കരോള, നികോള, ആല്‍ബിസ് ഗോള്‍ഡ് എന്നിവ.

ചുവന്ന് ഉരുണ്ട ഉരുളക്കിഴങ്ങ്- ഉരുണ്ടതും ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറമുള്ളതുമായ തൊലിയുള്ളതും വെളുത്ത ഉള്‍ഭാഗവുമുള്ള ഈ ഉരുളക്കിഴങ്ങ് വെളുത്ത് ഉരുണ്ട ഉരുളക്കിഴങ്ങിനേക്കാള്‍ മധുരമുള്ളതാണ്.

ഫിംഗര്‍ലിങ്ങ്‌സ് -  പെരുവിരലിന്റെ വലുപ്പമുള്ള ഉരുളക്കിഴങ്ങിന് മൂന്ന് ഇഞ്ച് വലുപ്പമുണ്ടാകും. ഇതില്‍ത്തന്നെ പര്‍പ്പിള്‍ പെറൂവിയന്‍ ഫിംഗര്‍ലിങ്ങ്‌സ്, ലോങ്ങ് വൈറ്റ് ഫിംഗര്‍ലിങ്ങ്‌സ്, റഷ്യന്‍ ബനാന ഫിംഗര്‍ലിങ്ങ്‌സ്, റൂബി ക്രസന്റ് ഫിംഗര്‍ലിങ്ങ്‌സ് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളുണ്ട്.

ഉരുണ്ട വെളുത്ത ഉരുളക്കിഴങ്ങ് - ഇടത്തരം വലുപ്പമുള്ളതും ബ്രൗണ്‍ പുള്ളികളുള്ളതുമായ തൊലിയോടുകൂടിയ ഉരുളക്കിഴങ്ങാണിത്.

പര്‍പ്പിള്‍ ഉരുളക്കിഴങ്ങ് - നീല ഉരുളക്കിഴങ്ങ് എന്നും ഇത് അറിയപ്പെടുന്നു.

ബേബി പൊട്ടറ്റോസ്- ചെറിയ മൊരിയുന്ന തരത്തിലുള്ള ഉരുളക്കിഴങ്ങാണിത്.

ഗ്രീന്‍ഹൗസില്‍ വളര്‍ത്താവുന്ന ഉരുളക്കിഴങ്ങിന്റെ ഇനങ്ങളെ പ്രധാനമായും രണ്ടായി തിരിച്ചിട്ടുണ്ട്. Early potato varieties എന്ന വിഭാഗത്തില്‍പ്പെടുന്നത് വളരെ എളുപ്പത്തില്‍ ഉരുളക്കിഴങ്ങ് ഉണ്ടാകുന്നതും ഗ്രോബാഗില്‍ വളര്‍ത്താവുന്നതുമായ ഇനമാണ്. 50 മുതല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം. ഡാര്‍ക്ക് റെഡ് നോര്‍ലാന്റ്, ഐറിഷ് കോബ്ലര്‍, റെഡ് ഗോള്‍ഡ്, യുകോണ്‍ ഗോള്‍ഡ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

Fingerling potato varieties എന്നറിയപ്പെടുന്ന അടുത്ത ഇനവും ഗ്രോബാഗുകളില്‍ ഗ്രീന്‍ഹൗസില്‍ വളര്‍ത്താം. ബനാന, ഫ്രഞ്ച് ഫിംഗര്‍ലിങ്ങ്, പിന്റോ, റോസ് ഫിന്‍ ആപ്പിള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ഗ്രീന്‍ഹൗസില്‍ വളര്‍ത്തുമ്പോള്‍ വലിയ പാത്രങ്ങള്‍, ബാരല്‍, ബാഗ് എന്നിവയാണ് ഉചിതം. മൂന്ന് ഉരുളക്കിഴങ്ങ് വിത്ത് നടാന്‍ 24 ഇഞ്ച് ഉയരവും 18 ഇഞ്ച് വ്യാസവുമുള്ള പാത്രമാണ് നല്ലത്. അഞ്ച് വിത്തുകള്‍ നടാനായി 30 ഇഞ്ച് ഉയരവും 24 ഇഞ്ച് വ്യാസവുമുള്ള പാത്രം ഉപയോഗിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗ്രീന്‍ഹൗസില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്രോതസുകള്‍ കീടങ്ങളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും മുക്തമായിരിക്കണം. നല്ല നീര്‍വാര്‍ച്ചയുള്ളതും കനംകുറഞ്ഞതുമായ മണ്ണിലാണ് ഉരുളക്കിഴങ്ങ് വളരുന്നത്. കമ്പോസ്റ്റും ജൈവവസ്തുക്കളും ചേര്‍ത്ത് മണ്ണ് പാകപ്പെടുത്തണം. മഞ്ഞില്‍ നിന്നും രക്ഷ നല്‍കാനായി കവര്‍ ഉപയോഗിച്ച് മൂടിയിടണം.

ഗ്രീന്‍ഹൗസ് കൃത്യമായി നിരീക്ഷിക്കണം. ശക്തമായ കാറ്റടിച്ചാല്‍ പൊട്ടിയതോ വിള്ളര്‍ വന്നതോ ആയ ഗ്ലാസുകളുണ്ടെങ്കില്‍ മാറ്റണം. അമിതമായി നനയക്കരുത്. 22 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനില നിലനിര്‍ത്തി ചെടികള്‍ വളര്‍ത്തിയാല്‍ പൈത്തിയം, സ്‌പോഞ്ചോസ്‌പോറ എന്നിവ കാരണമുള്ള അസുഖങ്ങള്‍ നിയന്ത്രിക്കാം. നട്ടതിനു ശേഷം കുറച്ച് ആഴ്ചകള്‍ കഴിഞ്ഞാല്‍ വളരെ കുറച്ച് വളപ്രയോഗം നടത്താം. ഉയര്‍ന്ന അളവില്‍ ഫോസ്ഫറസ് കലര്‍ന്ന വളങ്ങള്‍ നല്‍കാം.

click me!