റോഡിന് നടുവിലും പച്ചക്കറികൾ വളരുമോ? വേറിട്ട മാതൃക

By Web TeamFirst Published Aug 3, 2021, 2:17 PM IST
Highlights

തുടർന്ന് നഗരത്തിന്റെ മേയർ ഫ്രെഡറിക് മാർക്ക് മെല്ലാനയിൽ നിന്ന് അനുവാദം നേടി, നഗരത്തിലെ ജീവനക്കാരും മറ്റ് നാട്ടുകാരും മറ്റ് പ്രദേശങ്ങളിലെ ട്രാഫിക് ഐലൻഡുകളിൽ പച്ചക്കറികൾ വളർത്താൻ തുടങ്ങി. 

ഇന്ന് നഗരങ്ങളിലെ പ്രധാനറോഡുകളുടെ നടുക്കും, ട്രാഫിക് ഐലന്റുകളിലും ചെടികളും, പൂക്കളും മറ്റും വളർത്തി റോഡിനെ മനോഹരമാക്കുന്ന ഒരു പ്രവണത കാണാം. എന്നാൽ, ഫിലിപ്പീൻസിലെ മിണ്ടാനാവോയിലെ പ്രോസ്പെരിഡാഡ് നഗരം അതിൽ നിന്ന് തീർത്തും വ്യത്യസ്‍തമാണ്. അവർ കൂടുതൽ മികച്ച ആരോഗ്യകരമായ ഒരു പദ്ധതി നടപ്പാക്കിയിരിക്കയാണ് അവിടെ. റോഡിനു നടക്ക് ഇത്തരം പൂക്കൾക്കും, ചെടികൾക്കും പകരം അവർ പച്ചക്കറികൾ നട്ടുപിടിപ്പിക്കുകയാണ് ഇന്ന്.      

വഴുതന, ഉള്ളി, വെണ്ടയ്ക്ക തുടങ്ങിയ വിവിധ തരം പച്ചക്കറികളാണ് അവർ അവിടെ വളർത്തുന്നത്. സർക്കാരിന്റെ റോഡ് മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ലിലിബത്ത് ഹെർബൊലിംഗോ ആണ് ഈ പദ്ധതിയ്ക്ക് പിന്നിൽ. നഗരം ലോക്ക് ഡൗണിൽ പോയ സമയത്ത് അധികാരികൾ തദ്ദേശവാസികൾക്ക് അവരുടെ തോട്ടത്തിൽ നടാനായി വിത്തുകൾ വിതരണം ചെയ്തു. ഇത് അവരെ വീടിനുളിൽ തന്നെ ഇരുത്തുമെന്ന് അധികാരികൾ പ്രതീക്ഷിച്ചു. എന്നാൽ ഹെർബോലിംഗോയുടെ ജോലിയുടെ സ്വഭാവം വച്ച് അവൾക്ക് പുറത്തിറങ്ങാതെ തരമില്ല. അവൾ ലഭിച്ച വിത്തുകൾ ഒരു ബസ് ടെർമിനലിന് മുന്നിൽ സ്ഥിതിചെയ്യുന്ന ഒരു ട്രാഫിക് ഐലൻഡിൽ നട്ടു. ഒരു വിനോദത്തിനായിട്ടാണ് അവൾ ഇത് ആരംഭിച്ചതെങ്കിലും ആ പച്ചക്കറി കൃഷി നഗരത്തിന്റെ കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് അവൾ പതുക്കെ വ്യാപിപ്പിച്ചു.  

തുടർന്ന് നഗരത്തിന്റെ മേയർ ഫ്രെഡറിക് മാർക്ക് മെല്ലാനയിൽ നിന്ന് അനുവാദം നേടി, നഗരത്തിലെ ജീവനക്കാരും മറ്റ് നാട്ടുകാരും മറ്റ് പ്രദേശങ്ങളിലെ ട്രാഫിക് ഐലൻഡുകളിൽ പച്ചക്കറികൾ വളർത്താൻ തുടങ്ങി. ജീവനക്കാരും നാട്ടുകാരും കൂടിയാണ് പച്ചക്കറികൾ പരിപാലിക്കുന്നത്. പച്ചക്കറികൾ വിളവെടുക്കാറായാൽ, പ്രദേശവാസികൾക്ക് തന്നെ അത് വിതരണം ചെയ്യുന്നു. ഇത് പകർച്ചവ്യാധിയുടെ സമയത്ത് കഷ്ടപ്പെടുന്ന ആളുകൾക്ക് ഒരു വരുമാന മാർ​ഗം കൂടിയാണെന്ന് നഗരസഭ ജീവനക്കാർ പറയുന്നു. തദ്ദേശവാസികൾക്ക് അവരുടെ ആഹാരം സ്വയം ഉണ്ടാക്കി എടുക്കാമെന്നതും, നഗരത്തിൽ കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കാമെന്നതുമാണ് അതിന്റെ മറ്റ് നേട്ടങ്ങൾ.  

click me!