പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശാനുസരണം 1975 ജൂൺ 25-ന് രാത്രി 11.25ന് രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഭരണഘടനയുടെ 352-ആം വകുപ്പനുസരിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സി അച്ചുതമേനോന്‍റെ നേതൃത്വത്തിലുള്ള സിപിഐ സര്‍ക്കാരിന് അഞ്ച് വര്‍ഷം തികയ്ക്കാന്‍ വെറും നാല് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു ആ സംഭവം. അതോടെ സ്ഥിരതയുള്ള ഭരണം കാഴ്‍ചവച്ച ഐക്യകേരളത്തിലെ ആദ്യ സര്‍ക്കാരിന്‍റെയും സിപിഐയുടെയും സി അച്ചുതമേനോന്‍റെയുമൊക്കെ മുഖത്ത് ചരിത്രത്തിന്‍റെ കരിപുരണ്ടു. മൃദുവായി സംസാരിക്കുന്ന ലജ്ജാശീലമുള്ള ഒരു മനുഷ്യനായിരുന്നു അച്ചുതമേനോന്‍. സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനും വേണ്ടി ജീവിതം തന്നെ സമരമാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ്. എന്നാല്‍ തന്‍റെ രാഷ്‍ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെ ഒപ്പം നില്‍ക്കാനായിരുന്നു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകള്‍ എന്ന് അവകാശപ്പെട്ടിരുന്ന സിപിഐയുടെയും സി അച്ചുതമേനോന്‍റെയും വിധി. മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ ആര്‍എസ്‍പിയും ഈ ഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്നുവെന്നതും കൌതുകം. ഇതിനൊക്കെ ഈ പാര്‍ട്ടികള്‍ക്ക് അവരുടെതായ കാരണങ്ങളും ഉണ്ടായിരുന്നു. ആ കഥകളിലേക്ക് വരുന്നതിനും മുമ്പ് അടിയന്തിരാവസ്ഥയെപ്പറ്റി ഒരല്‍പ്പം.

എന്താണ് അടിയന്തിരാവസ്ഥ?
ഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ രാഷ്ട്രീയ-സാമൂഹ്യക്രമത്തെയോ സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അവിചാരിതമായി സംഭവിക്കുന്നതും അടിയന്തര പരിഹാരം ആവശ്യമായതുമായ ഘട്ടത്തിൽ ആ രാജ്യത്തെ ഭരണകൂടം രാജ്യത്തെ ഭരണഘടനയിലെ വകുപ്പുകളനുസരിച്ച് ഭരണസം‌വിധാനം താത്കാലികമായി റദ്ദുചെയ്യുന്നതാണ് ഒറ്റ നോട്ടത്തില്‍ അടിയന്തിരാവസ്ഥ. ഇതോടെ പൗരന്മാരുടേയും ഭരണസം‌വിധാനത്തിന്റേയും അവകാശങ്ങളിൽ മാറ്റം വരുത്താം. അപ്പോഴത്തെ പ്രത്യേക അവസ്ഥയെ നേരിടാൻ രാജ്യത്തെ പ്രാപ്‍തമാക്കുന്ന ഈ സംവിധാനത്തെയാണ് അടിയന്തരാവസ്ഥ എന്നു പറയുന്നത്. ആഭ്യന്തര കലാപം,പ്രകൃതി ക്ഷോഭം,യുദ്ധപ്രഖ്യാപനം മുതലായവയെ തുടർന്നാണ്‌ സാധാരണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 

വിദേശാക്രമണം മൂലമോ ആഭ്യന്തര സായുധകലാപങ്ങൾ മൂലമോ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ നേരിടുക എന്നതാണ് ദേശീയാടിയന്തിരാവസ്ഥയുടെ ലക്ഷ്യം. ഭരണഘടനയുടെ 250, 352, 353, 354, 355, 358, 359 തുടങ്ങിയ വകുപ്പുകൾ ഇതിന്റെ വിശദാംശങ്ങൾ പ്രതിപാദിക്കുന്നു. 352-ാം വകുപ്പുപ്രകാരം രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഇത്തരം അടിയന്തരാവസ്ഥ കേന്ദ്രമന്ത്രിസഭയുടെ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം ആയിരിക്കണമെന്നും അതിന് 30 ദിവസങ്ങൾക്കുള്ളിൽ പാർലമെന്റിന്റെ അംഗീകാരം ലഭിക്കുകയും വേണമെന്ന് ഭരണഘടന അനുശാസിക്കുന്നു. ഈവിധം പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥയുടെ കാലാവധി ആറു മാസത്തേക്കാണെങ്കിലും പാർലമെന്റ് അനുവദിക്കുന്നപക്ഷം ആറുമാസം വച്ച് അതിനെ അനിശ്ചിതമായി ദീർഘിപ്പിച്ചുകൊണ്ടുപോകാവുന്നതാണ്.

ഇന്ദിരയുടെ അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ചത് 1975 ജൂണ്‍ 25ന് രാത്രി 11.25ന് ആയിരുന്നെങ്കിലും ഭരണഘടനാ ചട്ടങ്ങള്‍ ഒഴിവാക്കിയുള്ള ഭരണക്രമം ജൂണ്‍ 12 നു തന്നെ തുടങ്ങിയിരുന്നു. കാരണം ആ ദിവസം രണ്ടു സുപ്രധാന കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഒന്ന് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കിയ, ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ചതുര്‍കക്ഷി പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള വിമത ശബ്‍ദം ശക്തിയാര്‍ജ്ജിച്ച് തുടങ്ങിയ ദിവസം. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് നേരിട്ട ആദ്യത്തെ കടുത്ത വെല്ലുവിളി. 

ആ ദിവസം തന്നെ ഉണ്ടായ രണ്ടാമത്തെ തിരിച്ചടിയായിരുന്നു ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ നിന്നുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ ചരിത്ര വിധി. ഇനി ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനും വിലക്ക്. 1971ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിനേതാവ് ലോകബന്ധു രാജ്‌നാരായന്‍ നല്‍കിയ കേസില്‍ ആയിരുന്നു ആ വിധി.  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്‍തെന്നായിരുന്നു ഇന്ദിരാ ഗാന്ധിക്കെതിരായ പരാതി. രാജ്യം ഭരിക്കാന്‍ പകരം സംവിധാനം ഉണ്ടാക്കാന്‍ 20 ദിവസത്തെ സാവകാശം നല്‍കിക്കൊണ്ടായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധിന്യായം. 

(ചിത്രം - ഇന്ദിരാ ഗാന്ധി)

20 ദിവസത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഇന്ദിരയും കോണ്‍ഗ്രസും തീരുമാനിച്ചു. ജൂണ്‍ 24 നിര്‍ണായകമായിരുന്നു. കാരണം അലഹാബാദ് ഹൈക്കോടതി വിധിക്കെതിരേ ഇന്ദിരാഗാന്ധിയുടെ അപ്പീലില്‍ അന്ന് സുപ്രീം കോടതി വിധി പറയും. അന്നുതന്നൊയാണ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന  പ്രഖ്യാപനവുമായി ജയപ്രകാശ് നാരായന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ വമ്പന്‍ റാലിയും. ഇതു രണ്ടും മുന്നില്‍ കണ്ട് ജൂണ്‍ 16ന് തന്നെ ഒരു പദ്ധതി തയ്യാറാക്കിയിരുന്നു ഇന്ദിരയും കോണ്‍ഗ്രസും.   

ജൂണ്‍ 16-ന് പശ്ചിമബംഗാള്‍ മുഖ്യമന്തി സിദ്ധാര്‍ത്ഥ ശങ്കര്‍ റേ ഇന്ദിരയെ സന്ദര്‍ശിച്ചിരുന്നു. ആഭ്യന്തര അടിയന്തരാവസ്ഥ എന്ന നിര്‍ദേശം കൈമാറിയത് അദ്ദേഹമായിരുന്നു. 1971 മുതല്‍ വൈദേശിക അടിയന്തരാവസ്ഥ രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്നു. പാകിസ്ഥാന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചതായിരുന്നു അത്. ബാഹ്യ അടിയന്തരാവസ്ഥ ഉള്ളപ്പോള്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തടസമില്ല എന്നായിരുന്നു പശ്ചിമബംഗാള്‍ മുഖ്യമന്തിയുടെ ഉപദേശം. അതുവരെ ഇന്ദിരാഗാന്ധിക്ക് അത്തരമൊരു സാധ്യതയെകുറിച്ച് അറിയില്ലായിരുന്നുവെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പിന്നീട് എഴുതിയിരുന്നു. എന്നാല്‍ ഇന്ദിരയുമായി തെറ്റിയ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ  ഇതു നിഷേധിച്ചു. പക്ഷേ അടിയന്തരാവസ്ഥാ നിര്‍ദേശവുമായി രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിനെ ഇന്ദിര കണ്ടപ്പോള്‍ കൂടെ ഉണ്ടായിരുന്ന എക നേതാവ് റേ ആയിരുന്നുവെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

(ചിത്രം - ഇന്ദിരാ ഗാന്ധിയും സിദ്ദാര്‍ത്ഥ് ശങ്കര്‍ റേയും)

സംഗതി എന്തായാലും സുപ്രീം കോടതിയില്‍ കേസു തോറ്റാല്‍ അന്നുതന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഇന്ദിര തീരുമാനിച്ചിരുന്നു. ദില്ലിയില്‍ മൂന്നോ നാലോ നേതാക്കള്‍ക്കു മാത്രം അറിയാമായിരുന്ന കാര്യം ജൂണ്‍ 22ന് തന്നെ അടുത്തവൃന്ദങ്ങളിലേക്കു കൈമാറി. 22ന് ആര്‍ കെ ധവാന്‍ ഫോണില്‍ ആന്ധ്രമുഖ്യമന്ത്രി വെങ്കല റാവുവിനോട് 24ന് ദില്ലിയില്‍ ഉണ്ടാകണമെന്ന് നിര്‍ദേശിച്ചു. പ്രതിപക്ഷ നേതാക്കളെ 23ന് തന്നെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ലഫ്റ്റനന്റ് ഗവര്‍ണര്‍ കൃഷ്‍ണചന്ദിന് ആദ്യം ലഭിച്ച നിര്‍ദേശം. എന്നാല്‍ പിന്നീട് അതു തിരുത്തി. 24വരെ കാത്തിരിക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചു. 

നിര്‍ണ്ണായക വിധി
സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ചില്‍ ഇന്ദിരാഗാന്ധിയുടെ അപ്പീലില്‍ വിധി പറഞ്ഞത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍. തെരഞ്ഞെടുപ്പ് അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി വിധി നില നില്‍ക്കുന്നതാണെന്നും പക്ഷേ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദവി ഒഴിയേണ്ടതില്ല എന്നുമായിരുന്നു ആ വിധി. പക്ഷേ ഇന്ദിര പാര്‍ലമെന്‍റില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് കൃഷ്‍ണയ്യര്‍ വിധിച്ചു. പാര്‍ലമെന്റ് അംഗത്വം നഷ്‍ടമാകുകയും ഒപ്പം പ്രധാനമന്ത്രി പദം സംരക്ഷിക്കപ്പെടുകയും ചെയ്‍ത ആ വിധി അനുകൂലമാണോ പ്രതികൂലമാണോ എന്ന് ഇരുവശത്തും ആശങ്ക പരന്നു. ഇന്ദിരയ്ക്ക് അനുകൂലമെന്ന് കോണ്‍ഗ്രസും ഉടന്‍ സ്ഥാനമൊഴിയണമെന്ന് ജയപ്രകാശ് നാരായണനും പ്രഖ്യാപിച്ചു. അന്നേദിവസം തന്നെ ജെ പിയുടെ വമ്പന്‍ റാലി ദില്ലിയില്‍ നടന്നു. പൊലീസും പട്ടാളവും പോലും ഇന്ദിരയെ അനുസരിക്കേണ്ടതില്ലെന്ന് റാലിയില്‍ ജെ പി പ്രഖ്യാപിച്ചു. 

ജൂണ്‍ 25ന് വൈകിട്ട് 5.30ന് ഇന്ദിരയും സിദ്ധാര്‍ത്ഥ ശങ്കര്‍ റേയും രാഷ്ട്രപതിയെ സന്ദര്‍ശിച്ച് അടിയന്തരാവസ്ഥയുടെ സൂചന നല്‍കി മടങ്ങി. തലങ്ങും വിലങ്ങും ദില്ലിയിലൂടെ പൊലീസ് ജീപ്പുകള്‍ പാഞ്ഞു. അറസ്റ്റുകളുടെ തുടക്കമായിരുന്നു അത്. ആദ്യം ജയപ്രകാശ് നാരായണന്‍, വാജ്‌പേയി, അദ്വാനി തുടങ്ങി പ്രതിപക്ഷ മുന്നണിയിലെ ഓരോരുത്തരേയായി കസ്റ്റഡിയിലായി. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു എല്ലാവരുടേയും പേരിലുള്ള കുറ്റപത്രം. 

രാത്രി 11.25 ന് അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്‍ത് രാഷ്ട്രപതിക്ക് കത്തു നല്‍കുകി ഇന്ദിരാ ഗാന്ധി.  മന്ത്രിസഭ ചേരാന്‍ സമയമില്ലെന്നും ഉടന്‍ ഉത്തരവ് വേണമെന്നുമായിരുന്നു അവരുടെ ആവശ്യം. മന്ത്രിസഭ ചേരേണ്ടതില്ലെന്ന് സിദ്ധാര്‍ത്ഥ ശങ്കര്‍ റേ രാഷ്ട്രപതിക്ക് ഉപദേശം നല്‍കി. അങ്ങനെ 11.35ന് രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഉത്തരവിറക്കി. വെറും ഒറ്റവരി ഉത്തരവായിരുന്നു അത്. ഈ വിവരം പുറത്തറിയാതിരിക്കാനും നേതാക്കളുടെ അറസ്റ്റ് വിവരം ചോരാതിരിക്കാനും സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. പത്രങ്ങളുടെ അച്ചടി തടയാന്‍ ദില്ലിയിലെ പത്രസ്ഥാപനങ്ങളിലേക്കുമുള്ള വൈദ്യുതി ബന്ധം രാത്രി വിച്ഛേദിച്ചിരുന്നു. എന്നിട്ടും പത്രങ്ങള്‍ അച്ചടിച്ചു. പക്ഷേ അവ പുലര്‍ച്ചെ പൊലീസെത്തി കണ്ടുകെട്ടി. 

(ചിത്രം - ജയപ്രകാശ് നാരായണ്‍)

പുലര്‍കാല മന്ത്രിസഭാ യോഗം
ജൂണ്‍ 26ന് പുലര്‍ച്ചെ 6.30ന് ഇന്ദിരാഗാന്ധിയുടെ വസതിയായ നമ്പര്‍ വണ്‍ അക്ബര്‍ റോഡില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു. ആ യോഗത്തില്‍ വച്ചാണ് ഭൂരിപക്ഷം കേന്ദ്ര മന്ത്രിമാരും തലേന്നു രാത്രി നിലവില്‍ വന്ന അടിയന്തരാവസ്ഥയെക്കുറിച്ച് അറിയുന്നത്. വൈ ബി ചവാന്‍ (വിദേശം), ജഗ്ജീവന്‍ റാം (കൃഷി), സ്വരണ്‍ സിങ് (നിയമം), കെ. രഘുരാമയ്യ (പാര്‍ലമെന്ററി കാര്യം), കെ. ബ്രഹ്മചന്ദ റെഡ്ധി (ആഭ്യന്തരം), കരണ്‍ സിങ് (ആരോഗ്യം), ഐ കെ ഗുജ്‌റാള്‍ (വാര്‍ത്താ വിതരണം), എസ് നൂറുല്‍ ഹസന്‍, കെ സി പന്ത്, കെ വി രഘുനാഥ റെഡ്ധി, ചന്ദ്രജിത് യാദവ്, പ്രധാനമന്ത്രിയുടെ സെക്രട്ടറിയായ പി എന്‍ ധറും യോഗത്തില്‍ പങ്കെടുത്തു. യോഗം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പൂര്‍ണ അനുമതി നല്‍കി. ഈ വിവരം അപ്പോള്‍ തന്നെ രാഷ്ട്രപതിയെ അറിയിച്ചു പ്രധാനമന്ത്രി. തുടര്‍ന്ന് രാവിലെ 8.30ന് നടന്ന രണ്ടാമത്തെ മന്ത്രിസഭാ യോഗം പ്രസ് സെന്‍സര്‍ഷിപ്പിന് അംഗീകാരം നല്‍കി. ആദ്യ യോഗത്തിലെ മന്ത്രിമാരെക്കൂടാതെ കേശവ് ദേവ് മാളവ്യ, ശങ്കര്‍ദയാല്‍ ശര്‍മ, കമല്‍പതി ത്രിപാഠി എന്നീ മന്ത്രിമാരും രണ്ടാമത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. ഈ യോഗത്തോടെ രാജ്യത്ത് അടിയന്തരവാസ്ഥ സമ്പൂര്‍ണ യാഥാര്‍ഥ്യമായി. 

(ചിത്രം - ഇന്ദിരാ ഗാന്ധിയും സജ്ഞയ് ഗാന്ധിയും)

അഞ്ചു  പ്രധാന ഭരണഘടനാ ഭേദഗതികള്‍ ഇന്ദിരാ സര്‍ക്കാര്‍ കൊണ്ടുവന്നു. രാഷ്ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്ട്രപതി എന്നിവരുടെ തെരഞ്ഞെടുപ്പ് കോടതിയില്‍ ചോദ്യം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 39-ാം ഭേദഗതിയായിരുന്നു ഇവയില്‍  പ്രധാനം. കോടതിവഴി പ്രധാനമന്ത്രി പദം ചോദ്യം ചെയ്യപ്പെടുന്നത് തടയാനായിരുന്നു ഇത്. ലോകസഭയും രാജ്യസഭയും ഇത് പാസാക്കി. 

രാജ്യമെങ്ങും പ്രതിപക്ഷനേതാക്കള്‍ ജയിലിലായി. പലരും ഒളിവില്‍പോയി. ഉത്തര്‍പ്രദേശിലും ബീഹാറിലും ബംഗാളിലും തമിഴ്‌നാട്ടിലുമെല്ലാം വ്യാപകമായി അറസ്റ്റ് നടന്നു. സംഘടനാ കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് പാര്‍ട്ടി, സിപിഐഎം. സിപിഐഎംഎല്‍ കമ്യൂണിസ്റ്റ് സെന്റര്‍ തുടങ്ങിയ പാര്‍ട്ടികളിലെ ഭൂരിപക്ഷം നേതാക്കളും അറസ്റ്റിലായി. കേരളത്തിലും ബംഗാളിലും നേതാക്കളെ മാത്രമല്ല അനുഭാവികളെയും അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രയിലാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പിന്നീട് കൂടുതല്‍ അറസ്റ്റിലായത്. ആര്‍എസ്എസും സിപിഐഎം എലും അന്ന് നിരോധിത പാര്‍ട്ടികള്‍ ആയിരുന്നു. 

ഒന്നുകില്‍ ജയില്‍, അല്ലെങ്കില്‍ കസേര
ഇനി നമ്മുടെ സി അച്ചുതമേനോന്‍ സര്‍ക്കാരിലേക്ക് തിരികെ വരാം. രാജ്യത്ത് അടിയന്തിരാവസ്ഥയെ തുടര്‍ന്ന് അറസ്റ്റ് മാത്രമല്ല നടന്നത്. സംസ്ഥാന മന്ത്രിസഭകള്‍ വരെ അട്ടിമറിക്കപ്പെട്ടു. തമിഴ്‌നാട്ടിലേയും ഗുജറാത്തിലേയും പ്രതിപക്ഷ മന്ത്രിസഭകള്‍ താഴെ വീണു. സഞ്ജയ് ഗാന്ധിയോട് വിയോജിച്ച ഐ കെ ഗുജ്‌റാളിനെ ഇതിനിടെ കേന്ദ്രമന്ത്രിഭയില്‍ നിന്നു മാറ്റി, പകരം വിദ്യാചരണ്‍ ശുക്‌ള എത്തി. അടിയന്തരാവസ്ഥയെ ഒരു പാർട്ടി അല്ലെങ്കിൽ സംഘടന എന്ന നിലയിൽ കേരളത്തിൽ എതിർത്തിരുന്നവരിൽ പ്രധാനികൾ സിപിഎമ്മും ആർഎസ്എസും ആയിരുന്നു. ഈ പാര്‍ട്ടികളിലെ പല ഉന്നത നേതാക്കളും ജയിലിലായിരുന്നു ഇക്കാലത്ത്. 

(ചിത്രം - സി അച്ചുതമേനോന്‍)

കേരളാ മുഖ്യമന്ത്രി സി അച്ചുതമേനോനും സര്‍ക്കാരിനെ നയിച്ച സിപിഐക്കും മുന്നില്‍ അപ്പോള്‍ രണ്ടേരണ്ടു വഴികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകില്‍ മുഖ്യമന്ത്രിയായി തുടരുക, അല്ലെങ്കില്‍ രാജി വച്ച് ജയിലിലേക്ക് പോകുക.  മുഖ്യമന്ത്രിയായി തുടരാന്‍ തന്നെയായിരുന്നു പാര്‍ട്ടിയുടെയും അച്ചുതമേനോന്‍റെയും തീരുമാനം. 1968ല്‍ സോവിയറ്റ് ടാങ്കുകള്‍ പ്രാഗിലേക്ക് നീങ്ങിയപ്പോള്‍ അതിനെതിരെ സിപിഐയുടെ നാഷണല്‍ കൌണ്‍സിലില്‍ ശബ്‍ദമുയര്‍ത്തിയ ഒരേയൊരു മനുഷ്യനായിരുന്നു അച്ചുതമേനാന്‍. എന്നാല്‍ ആ മനുഷ്യന് ഈ സമയം ഒരു തീരുമാനമെടുക്കാന് കഴിഞ്ഞില്ല. സെക്രട്ടറിയേറ്റോ സെന്‍ട്രല്‍ ജയിലോ ഏതു വേണമെന്നുള്ള ഇന്ദിരാ ഗാന്ധിയുടെ ചോദ്യത്തിനു മുന്നില്‍ അദ്ദേഹം പകച്ചുപോയി എന്നതായിരുന്നു വിരോധാഭാസം. സിപിഐയും അച്ചുതമേനോന്‍ ഉള്‍പ്പെടെ അതിന്‍റെ മുഖ്യ നേതാക്കളും സ്വാതന്ത്ര്യവും ജനാധിപത്യവും മറന്നു. ഇന്ദിരാ ഗാന്ധിയെയും കേന്ദ്ര സര്‍ക്കാരിനെയും അനുകൂലിക്കാന്‍ അവര്‍ വാചാലരായി മാറി. സര്‍വ്വശക്തിയും ഉപയോഗിച്ച് അടിയന്തിരാവസ്ഥയെ അവര്‍ പരസ്യമായി ന്യായീകരിച്ചു. 

അതോടെ സിപിഐ സര്‍ക്കാരിന്‍റെ കാലാവധി ഇന്ദിരാ ഭരണകൂടം ആറുമാസം വീതം നീട്ടി നല്‍കിക്കൊണ്ടിരുന്നു. ഇന്ദിരയുടെ വിശ്വസ്‍തനായ കെ കരുണാകരനായിരുന്നു ആഭ്യന്തര മന്ത്രി. നാമമാത്ര മുഖ്യമന്ത്രിയായി അച്ചുതമേനോന്‍ ചുരുങ്ങി. ഇതിനിടെ 1975 ഡിസംബറിൽ കേരള കോൺഗ്രസും ഐക്യമുന്നണിയിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറിമാരായ കെ എം മാണിയും ആർ ബാലകൃഷ്‍ണ പിളളയും ഡിസംബർ 26ന്‌ മന്ത്രിമാരായി സ്ഥാനമേറ്റു.

1976 ജനുവരി 19ന് പൊതുമരാമത്ത് മന്ത്രി ടി കെ ദിവാകരന്‍ അന്തരിച്ചു. തുടര്‍ന്ന് കെ പങ്കജാക്ഷന്‍ മന്ത്രിയായി. കേരള നിയമസഭയുടെ കാലാവധി ആറുമാസംകൂടി ദീർഘിപ്പിച്ചുകൊണ്ട്‌ 1976 മാർച്ച്‌ 29ന്‌ ലോകസഭ ബിൽ പാസാക്കി.  1976 ജൂണില്‍ ആര്‍ ബാലകൃഷ്‍ണ പിള്ള രാജിവച്ചു. തുടര്‍ന്ന് കെ എം ജോര്‍ജ് മന്ത്രിയായി. അതേവര്‍ഷം ഡിസംബറില്‍ ജോര്‍ജ്ജ് മരിച്ചു. പിന്നീട് 1977 ജനുവരിയില്‍ പി നാരായണക്കുറുപ്പ് മന്ത്രിയായി. കേരളാ കോണ്‍ഗ്രസിലെ പുകച്ചിലുകള്‍ക്കിടയിലും കേന്ദ്രം സര്‍ക്കാരിന്‍റെ കാലാവധി പുതുക്കി നല്‍കിക്കൊണ്ടിരുന്നു. ഇങ്ങനെ മൂന്നുതവണ - കൃത്യമായി പറഞ്ഞാല്‍ 1977 മാര്‍ച്ച് വരെ - ഇന്ദിരാ ഭരണകൂടം സിപിഐ സര്‍ക്കാരിന് ആയുസ് അധികമായി നല്‍കി. 

(ചിത്രം - എം എന്‍ ഗോവിന്ദന്‍ നായര്‍)

കരിപുരണ്ട നല്ല നാളുകള്‍
അടിയന്തിരാവസ്ഥയുടെ കരി പുരണ്ടിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഭൂപരിഷ്‍കരണം നടപ്പിലാക്കിയ ആദ്യ ഇഎംഎസ് സര്‍ക്കാരിനെപ്പോലെ നിരവധി ഭരണ നേട്ടങ്ങളും ഒപ്പം സിപിഐയുടെ രാഷ്‍ട്രീയ പ്രതിച്ഛായ തന്നെയും ഉയര്‍ത്തുമായിരുന്നു ഈ അച്ചുതമേനോന്‍ സര്‍ക്കാര്‍. ഐക്യ കേരളത്തിന്‍റെ അതുവരെയുളള ചരിത്രത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കുകയും ഭരണസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്‍ത മന്ത്രിസഭയായിരുന്നു അച്യുതമേനോന്‍റെ ഈ രണ്ടാം മന്ത്രിസഭ. 

ഒരുലക്ഷം ഭവന പദ്ധതി ഉള്‍പ്പടെ ഭവന നിർമ്മാണം, ശാസ്ത്രം, സാങ്കേതികം, പൊതുജനാരോഗ്യം, വനസംരക്ഷണം, ജല മാനേജ്മെന്റ്‌, വിദ്യാഭ്യാസം, സാമൂഹ്യശാസ്ത്രം, ആസൂത്രണം, പരിസ്ഥിതി സംരക്ഷണം,  സാമൂഹ്യ-സാമ്പത്തിക മേഖലകളിലെ ആധുനികവൽക്കരണം എന്നിങ്ങനെ നിരവധി മേഖലകളിലെ പരിഷ്‍കാരങ്ങള്‍ക്ക് സിപിഐ കൂട്ടുകക്ഷി സര്‍ക്കാരിന്‍റെ ഈ അഞ്ച് വര്‍ഷക്കാലത്ത് സംസ്ഥാനം സാക്ഷിയായിരുന്നു. അതായത് അത്ര മോശമല്ലാത്ത ഘട്ടത്തിലൂടെയായിരുന്നു സംസ്ഥാനം കടന്നുപോയത്. പക്ഷേ അടിയന്തിരാവസ്ഥ കാലത്തെ ഭരണ പങ്കാളിത്തത്തിലൂടെ ഈ സിപിഐയുടെ രാഷ്ട്രീയ നേട്ടങ്ങളെല്ലാം ചരിത്രത്തിന്‍റെ ഇരുട്ടിലേക്ക് ഒലിച്ചുപോയി എന്നതാണ് യാതാര്‍ത്ഥ്യം.  

അടിയന്തിരാവസ്ഥയില്‍ പ്രതിഷേധിക്കുകയും കൂട്ടുകക്ഷി മന്ത്രിസഭ ഉപേക്ഷിക്കുകയും ചെയ്‍തിരുന്നെങ്കില്‍ ഒരുപക്ഷേ സിപിഐ - ആര്‍എസ്‍പി നേതാക്കള്‍ ജയിലില്‍ ആകുമായിരുന്നിരിക്കാം. പക്ഷേ അന്നങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ രണ്ടു പാര്‍ട്ടികളുടെയും കേരളത്തിന്‍റെയും എന്തിന് ഇന്ത്യയുടെ തന്നെ രാഷ്‍ട്രീയ ചരിത്രം ഒരുപക്ഷേ മറ്റൊന്നാകുമായിരുന്നു. ഭരണമുന്നണി താഴെപ്പോകുകയും കേരളത്തില്‍ അടിയന്തിരാവസ്ഥ നടപ്പിലാക്കുന്നതിന് ഇന്ദിരാ ഗാന്ധിക്ക് ഗവര്‍ണ്ണറെയും ഉദ്യോഗസ്ഥ വൃന്ദങ്ങളെയും ആശ്രയിക്കേണ്ടിയും വരുമായിരുന്നു. അധികാരം ഉപേക്ഷിച്ച സിപിഐയും ആര്‍എസ്‍പിയും സ്വാതന്ത്ര്യ സ്നേഹികളുടെ മനസിലെ വീരനായാകരും ആകുമായിരുന്നു. എന്നാല്‍ അവര്‍ അങ്ങിനെ ചെയ്‍തില്ലെന്നു മാത്രമല്ല അടിയന്തിരാവസ്ഥയെ പരസ്യമായി ന്യായീകരിക്കുകയും അതിനെ എതിര്‍ത്ത ജയപ്രകാശ് നാരായണനെ ഉള്‍പ്പെടെയുള്ളവരെ പിന്തിരിപ്പനെന്നും പ്രതിവിപ്ലവകാരിയെന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കുകുയും ചെയ്‍തു. ഒപ്പം ആഭ്യന്തരമന്ത്രിയും പൊലീസും  സംസ്ഥാനത്ത് നടത്തിയ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മൌനാനുവാദം നല്‍കിയെന്ന പേരും ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തിലെ തീരാക്കറയായി മാറി. സി അച്ചുതമേനോനൊപ്പം ഒരു കാലത്ത് കേരള ക്രൂഷ്‍ചേവ് എന്നറിയപ്പെട്ടിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും ഈ സംഭവം കളങ്കപ്പെടുത്തി. 

(ചിത്രം - നെഹ്രുവും ജയപ്രകാശ് നാരായണനും)

എന്തായാലും  18 മാസത്തിനു ശേഷം 1977 മാര്‍ച്ച് 21ന് അടിയന്തിരാവസ്ഥ പിന്‍വലിച്ചു. അതേ മാസം തന്നെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും ലോകസഭാ തെരഞ്ഞെടുപ്പും നടന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല പിന്നീട് ഒരു തെരെഞ്ഞെടുപ്പിലും സി അച്ചുതമേനോന്‍ മത്സരിച്ചിട്ടില്ല. സജീവ രാഷ്‍ട്രീയത്തില്‍ നിന്നും വിരമിക്കുകയും ചെയ്‍തു അദ്ദേഹം. ഒരുപക്ഷേ പാര്‍ട്ടിക്ക് വേണ്ടി മനസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് അടിയന്തിരാവസ്ഥയ്ക്ക് കൂട്ടു നിന്നെന്ന കുറ്റത്തിന് അദ്ദേഹത്തിലെ കമ്മ്യൂണിസ്റ്റുകാരന്‍ നല്‍കിയ സ്വയം ശിക്ഷ കൂടിയായിരിക്കാം അത്.

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍,
ഡച്ച് ഇന്‍ കേരള ഡോട്ട് കോം,
ജനയുഗം,
വിക്കി പീഡിയ,
സമകാലിക മലയാളം

(അടുത്തത് - അടിയന്തിരാവസ്ഥയ്ക്ക് കയ്യടിച്ച് കേരളം!)

മുന്‍ അധ്യായങ്ങള്‍ വായിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

ഭാഗം 5 - പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

ഭാഗം 6 - വിശപ്പകറ്റാനെത്തിയ 'ഭഗവാന്‍' ഒടുവില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അന്തകനായി!

ഭാഗം 7 - കേരളത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ ബോര്‍ഡ് മാറ്റുന്നതാണ് നല്ലത്..!

ഭാഗം 8 - മടി മറന്നു, ലജ്ജയും; സര്‍ക്കാരിനെതിരെ ഈ വനിതകളും തെരുവിലേക്ക്!

ഭാഗം 9- പ്രധാനമന്ത്രി രക്ഷിക്കുമെന്ന് കരുതി മുഖ്യമന്ത്രി, പക്ഷേ ഒടുവില്‍ സംഭവിച്ചത്!

ഭാഗം 10- കയ്പ്പുനീര് കുടിച്ചുകുടിച്ച് മുസ്ലീം ലീഗ്!

ഭാഗം 11- ആ ബജറ്റ് ദിവസം നിയമസഭയില്‍ സിപിഐയും കോണ്‍ഗ്രസും ഒത്തുകളിച്ചിരുന്നു!

ഭാഗം 12- ഗാന്ധിയെ സ്വപ്‍നം കണ്ടെന്ന് കോണ്‍ഗ്രസ് എംഎല്‍എ!

ഭാഗം 13 - എംഎല്‍എയെ കാണാനില്ല, കിട്ടിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് കൂട്ടുകാരന് ഭീഷണി!

ഭാഗം 14- ഇഎംഎസിന്‍റെ കെണിയില്‍ വീണ് സിപിഐ, വീഴാതെ കേരളാ കോണ്‍ഗ്രസ്!

ഭാഗം 15- കേന്ദ്രത്തിന്‍റെ അരി കേരളത്തില്‍, രുചി അറിയാന്‍ ഗവര്‍ണ്ണര്‍ ഹോട്ടലില്‍..!

ഭാഗം 16- സിപിഎമ്മും മുസ്ലീം ലീഗും കൈകോര്‍ത്തു, പിന്നെ സംഭവിച്ചത്!

ഭാഗം 17- 'കണ്ണിലെ കൃഷ്‍ണമണി' തകര്‍ത്ത സിപിഎം - സിപിഐ പോര്!

ഭാഗം 18 - സിപിഐയില്‍ വിശ്വാസമര്‍പ്പിച്ച് ഇന്ദിരാ കോണ്‍ഗ്രസുകാര്‍!