Asianet News Malayalam

പണപ്പെട്ടിയുമായി എംഎല്‍എയെ വാങ്ങാനെത്തിയ മുതലാളിമാര്‍ കണ്ടത്!

തിരുവനന്തപുരം നഗരത്തിലെ ഒരു കൂറ്റന്‍വീട്ടിലെ സ്വീകരണമുറിയില്‍ അര്‍ദ്ധരാത്രിയില്‍ ചിലര്‍ ഒത്തുചേര്‍ന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ മുന്‍ അംഗവും നിലവില്‍ വമ്പന്‍ ബിസിനസുകാരനും ഒപ്പം കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായി മാറിയ ഒരാളുടെ വീടായിരുന്നു അത്. 

Election History Of Kerala Legislative Assembly Part 5
Author
Trivandrum, First Published Mar 17, 2021, 5:36 PM IST
  • Facebook
  • Twitter
  • Whatsapp

ങ്ങനെ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ ഭരണം തുടങ്ങി. ബാലാരിഷ്‍ടിതകളാല്‍ സമ്പന്നമായിരുന്നു ആദ്യ നിയമസഭ. പാര്‍ലമെന്‍ററി പെരുമാറ്റങ്ങളെക്കുറിച്ച് ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ അജ്ഞരായിരുന്നു എന്നതു തന്നെയായിരുന്നു പ്രധാന കാരണം. കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന ഒരു നിയമസഭയില്‍ കോണ്‍ഗ്രസ് അതിന്‍റെ ചരിത്രത്തിലൊരിക്കലും പ്രതിപക്ഷത്ത് ഇരുന്നിട്ടില്ല. ദിശാബോധമില്ലായ്‍മയ്ക്കു പുറമേ തോല്‍വിയുടെ കടുത്ത അപമാനഭാരവും കോണ്‍ഗ്രസില്‍ അപകര്‍ഷതാബോധം വളര്‍ത്തി. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെയും അത് സാരമായി ബാധിച്ചു. 

എന്നാല്‍ പി ടി ചാക്കോ പ്രതിപക്ഷ നേതാവായതോടെ അതില്‍ അല്‍പ്പമൊരു മാറ്റം വന്നു. ചാക്കോയുടെ രംഗപ്രവേശനം പട്ടത്തിനും ബോധിച്ചു. സി എച്ച് മുഹമ്മദ് കോയ എന്ന മുസ്ലീം ലീഗ് നേതാവും ഒട്ടും മോശമല്ലായിരുന്നു. യുവപത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. മൂവരും ചേര്‍ന്നതോടെ പ്രതിപക്ഷം സഭയില്‍ പതിയെ തിളങ്ങിത്തുടങ്ങി. എന്നാല്‍ ഏതുവിധേനയും കമ്മ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്നും താഴെയിറക്കുക എന്ന ലക്ഷ്യത്തില്‍ അപ്പോഴും പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിനിന്നു.

(ചിത്രം - പി ടി ചാക്കോ)

കണക്കു തെറ്റിച്ച ഷേവിംഗ്
രണ്ടു വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമുള്ളതിനാല്‍ ഭരണപക്ഷം സദാ ജാഗരൂകരായിരുന്നു. അംഗങ്ങള്‍ ഹാജരാകാതിരിക്കുന്നത് ഒരു കാരണവശാലും അവര്‍ അനുവദിച്ചിരുന്നില്ല. പ്രതിപക്ഷവും തക്കംപാര്‍ത്തിരിക്കുകയായിരുന്നു. ഭരണം തുടങ്ങി 28 മാസം തികഞ്ഞു. കാര്‍ഷിക പരിഷ്‍കാര ബില്ലിന്‍റെ ചര്‍ച്ചനടക്കുന്നു. ബില്ല് പാസാക്കിയെടുക്കുന്നതിനു വേണ്ടി പതിവു ചോദ്യോത്തര വേള പോലും ഒഴിവാക്കിയിരുന്നു. ഓരോ ഭേദഗതിയും വോട്ടിനിടണമെന്ന് പ്രതിപക്ഷം നിര്‍ബന്ധംപിടിച്ചു. 

(ചിത്രം - സി എച്ച് മുഹമ്മദ് കോയ)

നിര്‍ണ്ണായകമായ ആ വോട്ടെടുപ്പ് ദിവസങ്ങളില്‍ ഒന്നിലായിരുന്നു ആ സംഭവം. എട്ടുമണിക്ക് സഭ തുടങ്ങിയതേയുള്ളൂ. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. കണക്കെടുത്തപ്പോള്‍ പ്രതിപക്ഷം ഞെട്ടി. ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ കുറവുണ്ട് സഭയില്‍. അടവുപിഴച്ച പി ടി ചാക്കോ തിരിഞ്ഞുനോക്കുമ്പോള്‍ കണ്ടത് കോമ്‍ഗ്രസിലെ ടി കൃഷ്‍ണന്‍ എംഎല്‍എ മെല്ലെ സഭയിലേക്ക് കയറിവന്ന് ഇരിപ്പിടം പരതുന്നു! ദേഷ്യം വന്ന ചാക്കോ പാഞ്ഞുവ്നന് കൃഷ്‍ണനെ പിടിച്ച് ഇടനാഴിയിലേക്ക് വലിച്ചിറക്കി ഹാജരാകാതിരുന്നതിന്റെ വിശദീകരണം ചോദിച്ചു. എന്നാല്‍ എംഎല്‍എയുടെ മറുപടി കേട്ട് ചാക്കോയുടെ കോപം ഒറ്റനിമിഷം കൊണ്ട് അലിഞ്ഞുപോയി. താനൊന്ന് ഷേവ് ചെയ്യാന്‍ പോയതാണെന്നായിരുന്നു കൃഷ്‍ണന്റെ മറുപടി. അതുകൊണ്ടാണ് വൈകിയത്. നിഷ്‍കളങ്കമായ ആ മറുപടിയില്‍ ചാക്കോയുടെ കോപം പൊട്ടിച്ചിരിക്ക് വഴിമാറി.

സഭയില്‍ പ്രതിപക്ഷം ആഞ്ഞടിച്ചുകൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്വന്തം സമഗ്രാധിപത്യത്തിനു വേണ്ടി ഭരണഘടനയെ അട്ടിമറിക്കുകയാണെന്നായിരുന്നു അവരുടെ മുഖ്യ ആരോപണം. എന്നാല്‍ ആന്ധ്ര അരി അഴിമതി ആരോപണത്തെ ഉള്‍പ്പെടെ ഭരണപക്ഷം സമര്‍ത്ഥമായി അതിജീവിച്ചു. എന്നാല്‍ പതിയെപ്പതിയെ ആര്‍എസ്‍പി പോലുള്ള പാര്‍ട്ടികള്‍ പോലും മന്ത്രിസഭയ്ക്കെതിരെ ശബ്‍ദമുയര്‍ത്തിത്തുടങ്ങി. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധശക്തികളെല്ലാം ഒരുമിച്ച് ചേര്‍ന്ന് ഒരു സംയുക്തമുന്നണി രൂപപ്പെട്ടു തുടങ്ങി. അതിനിടെ സഭയില്‍ പട്ടം ഒരു ഐതിഹാസിക പ്രഖ്യാപനം നടത്തി. 

"കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെടാന്‍ അര്‍ഹമാണെങ്കില്‍ അതിനെ അട്ടിമറിക്കുക തന്നെ വേണം.."

കമ്മ്യൂണിസ്റ്റുകാര്‍ പ്രതിഷേധിച്ചു. അപ്പോള്‍ പട്ടം ഒന്നു നിര്‍ത്തി. എന്നിട്ട് കൂട്ടിച്ചേര്‍ത്തു.

"ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രം, സര്‍.."

(ചിത്രം - ഇഎംഎസ്)

പണവും തോക്കുമായി ഒരു ഗൂഡാലോചന
ഇഎംഎസ് സര്‍ക്കാര്‍ 28 മാസം പൂര്‍ത്തിയാക്കിയ സമയം. ആയിടെ ഒരുദിവസം തലസ്ഥാന നഗരിയിലെ ഒരു കൂറ്റന്‍വീട്ടിലെ സ്വീകരണമുറിയില്‍ അര്‍ദ്ധരാത്രിയില്‍ ചിലര്‍ ഒത്തുചേര്‍ന്നു. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ മുന്‍ അംഗവും നിലവില്‍ വമ്പന്‍ ബിസിനസുകാരനും ഒപ്പം കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധനുമായി മാറിയ ഒരാളുടെ വീടായിരുന്നു അത്. വാഹന ഷോറൂമുകള്‍ ഉള്‍പ്പെടെ നിരവധി സംരംഭങ്ങളിലൂടെ അയാള്‍ ബിസിനസില്‍ അദ്ദേഹം തഴച്ചുവളര്‍ന്നുതുടങ്ങുന്ന സമയം കൂടിയായിരുന്നു അത്. 

ചില തോട്ടം ഉടമകളും തിരുവിതാംകൂറിലെ ചില സമ്പന്ന പ്രഭുക്കളും ഏതാനും രാഷ്‍ട്രീയക്കാരുമായിരുന്നു ആ രാത്രിയില്‍ ആ മുറിയില്‍ ഒത്തുകൂടിയവര്‍. ആ മുഖങ്ങളിലെല്ലാം കടുത്ത പ്രതീക്ഷ മുറ്റിനിന്നിരുന്നു. പെന്‍സില്‍ കൊണ്ടെഴുതിയ ഒരു പ്രസ്‍താവന അവര്‍ പരസ്‍പരം കൈമാറി. നിയമസഭാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഒരു എംഎല്‍എയെക്കൊണ്ട് ഒപ്പ് ഇടീക്കുവാനുള്ള പ്രസ്‍താവനയായിരുന്നു ആ കടലാസില്‍. ഒറ്റ ഒപ്പുകൊണ്ട് അദ്ദേഹത്തിന് സിപിഐയുമായുള്ള ബന്ധം അവസാനിക്കും. ഒപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണവും താഴെവീഴും. ഇതിനൊക്കെ പകരമായി ആ എംഎല്‍എയ്ക്ക് സംഘം ഒരുലക്ഷം രൂപ പ്രതിഫലമായി നല്‍കയും ചെയ്യും.  ചുരുക്കിപ്പറഞ്ഞാല്‍ ഒരു കമ്മ്യൂണിസ്റ്റ് എംഎല്‍എയെ വിലയ്ക്കെടുക്കാനുള്ള ഗൂഡാലോചനയായിരുന്നു മുന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ ആ മുതലാളിയുടെ വീട്ടില്‍ അന്നു രാത്രിയില്‍ നടന്നത്.  കമ്മ്യൂണിസ്റ്റിതര രാഷ്‍ട്രീയ പാര്‍ട്ടികള്‍ക്ക് രാഷ്‍ട്രീയത്തിലൂടെ സാധിക്കാത്തത് തങ്ങള്‍ പണം കൊണ്ടുനേടിയെടുക്കുമെന്നായിരുന്നു ആ സംഘം കണക്കുകൂട്ടിയിത്. അതുകൊണ്ടു തന്നെ മുതലാളി സംഘത്തിന് ഔപചാരികമായി ഒരു രാഷ്‍ട്രീയ പാര്‍ട്ടിയുമായും ബന്ധം ഉണ്ടായിരുന്നില്ല. തന്‍റെ മുന്‍ സഖാക്കളെ നേരിട്ടറിയാവുന്ന വീട്ടുടമ കൂടിയായ പുത്തന്‍ മുതലാളിക്ക് പദ്ധതിയില്‍ പൂര്‍ണ വിജയ പ്രതീക്ഷയും ഉണ്ടായിരുന്നു.

നോട്ടു കെട്ടുകള്‍ അടുക്കിയ ഒരു പെട്ടിയുമായി ആരുടെയോ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് അവര്‍. എല്ലാം ഭദ്രമാണെന്ന സൂചനയുമായി ഒരാളെത്തണം, എന്നാല്‍ മാത്രമേ പദ്ധതിയുടെ അടുത്തഘട്ടം തുടങ്ങാനൊക്കൂ. കാത്തിരിപ്പ് അര്‍ദ്ധരാത്രിയിലേക്ക് നീണ്ടു. സ്വീകരണമുറിയിലെ വലിയ നാഴികമണി ടിക്ക് ടിക്ക് ശബ്‍ദത്തോടെ പാഞ്ഞുകൊണ്ടിരുന്നു. നട്ടപ്പാതിരയും കഴിഞ്ഞ് ഏതാനും മിനിട്ടുകള്‍ കഴിഞ്ഞു. അപ്പോള്‍ ഒരു കാര്‍ ആ വീടിന്‍റെ പോര്‍ച്ചിലേക്ക് ഇരമ്പിക്കയറി. അവര്‍ പ്രതീക്ഷിച്ചിരുന്ന ആള്‍ തന്നെ. അപ്പുറത്ത് എല്ലാം റെഡിയാണെന്ന ഗ്രീന്‍ സിഗ്നല്‍ ആയിരുന്നു അത്. നോട്ടുകെട്ടുളടങ്ങിയ പെട്ടി കയ്യിലും ലൈസന്‍സുള്ള ഒരു തോക്ക് അരയിലും തിരുകി വീട്ടുടമസ്ഥനായ മുതലാളിയും ഒപ്പം സംഘത്തിലെ മറ്റൊരാളും മുറ്റത്തുകിടന്ന മറ്റൊരു കാറിലേക്ക് കയറി. ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് അവരെയും കൊണ്ട് ആ കാര്‍ ഇരുളിനെ മുറിച്ച് പാഞ്ഞുപോയി. 

മുറിയില്‍ അവശേഷിച്ചവര്‍ ഉദ്വേഗത്തോടെ കാത്തിരിപ്പു തുടര്‍ന്നു. നാഴികമണി പിന്നെയും ഇഴഞ്ഞു. ആകാംക്ഷ കനത്തുകൊണ്ടിരുന്നു. നേരത്തെയുള്ള കണക്കുകൂട്ടല്‍ അനുസരിച്ച് 15-20 മിനിട്ടിനുള്ളില്‍ അവര്‍ ആ എംഎല്‍എയെയും കൊണ്ട് മടങ്ങിയെത്തേണ്ടതാണ്. എന്നാല്‍ അരമണിക്കൂര്‍ പിന്നിട്ടു. എന്നിട്ടും യാതൊരു വിവരവുമില്ല. സംഘം അക്ഷമരായി. 

ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോര്‍ച്ചിലേക്ക് കാര്‍ ഇരമ്പിയെത്തി. സംഘാംഗങ്ങള്‍ ആകാംക്ഷയോടെ ഓടി സിറ്റൌട്ടിലെത്തി. അതാ അല്‍പ്പം മുമ്പ് വീട്ടില്‍ നിന്നും പോയ രണ്ടുപേര്‍ മാത്രം കാറില്‍ നിന്നും പുറത്തേക്കിറങ്ങുന്നു! എവിടെ എംഎല്‍എ? അവര്‍ പരസ്‍പരം നോക്കി. മടങ്ങിവന്നവര്‍ ആദ്യമൊന്നും പറഞ്ഞില്ല. അവരുടെ തല കുനിഞ്ഞിരുന്നു. ദൌത്യം പരാജയപ്പെട്ടിരിക്കുന്നു എന്ന സത്യം ഞെട്ടലോടെ മുതലാളി സംഘം മനസിലാക്കി. എന്താണ് സംഭവിച്ചത്? നിര്‍ദ്ദിഷ്‍ട സങ്കേതത്തില്‍ എംഎല്‍എ ഉണ്ടായിരുന്നില്ലെന്ന് മടങ്ങിയെത്തിയ ഇരുവരും പറഞ്ഞു. എംഎല്‍എയ്ക്കു പകരം അവിടെ അവര്‍ കണ്ടത് ഒരു സംഘം പാര്‍ട്ടിക്കാരെ ആയിരുന്നു. വേണ്ടിവന്നാല്‍ തല്ലാനും കൊല്ലാനും തയ്യാറായിട്ടായിരുന്നു അവരുടെ നില്‍പ്പ്. തടി കേടാവാതെ മടങ്ങാനായത് ദൈവകൃപ എന്നുകൂടി ഇരുവരും പറഞ്ഞതോടെ സംഘം തകര്‍ന്നുപോയി.

തങ്ങളുടെ ഗൂഡാലോചനയെക്കുറിച്ചുള്ള വിവരം അത് നടപ്പിലാക്കുന്നതിനു ഏതാനും മിനിട്ടുകള്‍ക്കു മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നു! അതായത് ഒപ്പമുള്ള ആരോ അത് ചോര്‍ത്തിയതായി മുതലാളിമാര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു. വിവരം കിട്ടിയ ഉടന്‍ എംഎല്‍എയെ വളഞ്ഞ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ കയ്യോടെ പൊക്കി പാര്‍ട്ടി ഓഫീസിലെത്തിച്ച് മുറിയിലിട്ട് പൂട്ടിയതാണെന്ന വിവരവും പിന്നാലെ ലഭിച്ചു.  

ആ ഗൂഡാലോചന വിജയിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്‍ട്രീയ ചരിത്രം മറ്റൊന്നാകുമായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റിതര രാഷ്‍ട്രീയ പാര്‍ട്ടികളൊന്നും ഈ ഗൂഡാലോചനയില്‍ ഔദ്യോഗികമായി പങ്കെടുത്തിരുന്നില്ലെങ്കിലും വളരെക്കുറച്ച് പാര്‍ട്ടി നേതാക്കള്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നു. പരിപാടി പൊളിഞ്ഞതിനു ശേഷമുള്ള ദിവസങ്ങളിലാണ് പ്രതിപക്ഷ നേതാവായ പി ടി ചാക്കോയെപ്പോലുള്ളവര്‍ ഈ ഗൂഡാലോചനയെക്കുറിച്ച് അറിയുന്നത്. എന്നാല്‍  ഇത്തരം തന്ത്രങ്ങളെ അപ്പാടെ തള്ളിക്കളയുകയായിരുന്നു അറിഞ്ഞയുടന്‍ പി ടി ചാക്കോ ചെയ്‍തത്.

എന്നാല്‍ വിഫലമായിപ്പോയ ഈ ഗൂഡാലോചന ഒരു തുടക്കമായിരുന്നു എന്നുവേണം കരുതാന്‍. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടീപ്പിച്ച ഒരു പ്രസ്ഥാനത്തിന്‍റെയും സമരകാഹളത്തിന്‍റെയും തുടക്കം. അതായിരുന്നു വിമോചനസമരം. ഈ ഗൂഡാലോചനയുടെ അമരക്കാരനായ മുന്‍ കമ്മ്യൂണിസ്റ്റായ ആ മുതലാളിയും വിമോചനസമരത്തില്‍ മറ്റു മുതലാളിമാര്‍ക്കൊപ്പം സജീവമായി പങ്കെടുത്തിരുന്നു. എങ്കിലും പില്‍ക്കാലത്ത്, അതായത് തന്‍റെ ജീവിതത്തിന്‍റെ അന്ത്യനാളുകളില്‍ അദ്ദേഹത്തിന് തന്‍റെ പഴയ ചെയ്‍തികളില്‍ കുറ്റബോധം തോന്നി. തന്‍റെ മുന്‍കാല സഖാള്‍ക്കെതിരെയുള്ള ഗൂാഡാലോചനയെക്കുറിച്ചോര്‍ത്ത് മനസ് നീറിത്തുടങ്ങി. അങ്ങനെ മരണത്തിന് അല്‍പ്പകാലം മുമ്പ് അദ്ദേഹവും അക്കാലത്തെ സമുന്നതരായ ചില കമ്മ്യൂണിസ്റ്റ് നേതാക്കളും തമ്മിലുണ്ടായിരുന്ന സൌഹൃദം പുന:സ്ഥാപിച്ചു. പഴയ ഗൂഡാലോചനയുടെ കാര്യം അപ്പോഴേക്കും എല്ലാവരും മറന്നിരുന്നു. അദ്ദേഹത്തിന്‍റെ ആ മണിമാളിക അടുത്ത സുഹൃത്തുക്കള്‍ക്ക് അതിഥിമന്ദിരമായിമാറി. അവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകാരുമായിരുന്നു!

(ചിത്രം - വിമോചനസമരത്തില്‍ നിന്നും)

എന്തായാലും വിമോചനസമരത്തെ തുടര്‍ന്ന് 1959 ജൂലൈ 31ന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജവഹര്‍ലാല് നെഹ്രുവിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇന്ത്യാചരിത്രത്തിലെ മറ്റൊരു സുപ്രധാന ഏടായിരുന്നു ഈ പിരിച്ചുവിടല്‍. എന്നാല്‍  ഇതുനടന്ന് അല്‍പ്പദിവസങ്ങള്‍ക്കു ശേഷം വന്ന ഒരു വാര്‍ത്ത അധികമാരും കാര്യമായി ശ്രദ്ധിച്ചില്ല. രണ്ടു മുന്‍ കമ്മ്യൂണിസ്റ്റ് എംഎല്‍എമാരായ കെ ശിവദാസനും കാട്ടാക്കട ബാലകൃഷ്‍ണ പിള്ളയും സിപിഐയില്‍ നിന്നും രാജിവച്ചു എന്നതായിരുന്നു ആ വാര്‍ത്ത. ഇവര്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരു കമ്മ്യൂണിസ്റ്റ് എംഎല്‍എയെ വിലയ്ക്കു വാങ്ങാനുള്ള മുതലാളി സംഘത്തിന്‍റെ ആ ഗൂഡാലോചനയ്ക്കു ശേഷം ഇവര്‍ രണ്ടുപേരും സിപിഐയുടെ നോട്ടപ്പുള്ളികളായിരുന്നു എന്ന രഹസ്യം പാര്‍ട്ടി നേതാക്കളുടെ ഇടയില്‍ മാത്രം അവശേഷിച്ചു. 

(ചിത്രം - ജവഹര്‍ ലാല്‍ നെഹ്രു)

 

(അടുത്തത് - കമ്മ്യൂണിസ്റ്റിനെ തോല്‍പ്പിച്ച ഭഗവാന്‍ മക്രോണി)

ഭാഗം 1 - ഗതിമുട്ടിയ രാജാവൊരു സഭയുണ്ടാക്കി, പോരെന്നു പറഞ്ഞ് ജനം പോരിനിറങ്ങി!

ഭാഗം 2 - ആ സര്‍ക്കാരിനെ മറിച്ചിട്ടത് സിനിമാ തിയേറ്ററിലെ യോഗം!

ഭാഗം 3 - വില പേശി പറ്റിച്ചു, ഒടുവില്‍ സിപിഐ പാലവും വലിച്ചു!

ഭാഗം 4- ഉറപ്പായ ചുവപ്പിന് അവസാന നിമിഷമൊരു പാര!

വിവരങ്ങള്‍ക്ക് കടപ്പാട് - 
കേരള രാഷ്‍ട്രീയം ഒരു അസംബന്ധ നാടകം - കെ സി ജോണ്‍ 

 

Follow Us:
Download App:
  • android
  • ios