
സ്വാതന്ത്ര്യത്തിന്‍റെ 250 -ാം വാർഷികാഘോഷത്തിലാണ് യുഎസ്. 'അമേരിക്ക 250'എന്ന സംഘാടക സമിതിയെ ഒഴിവാക്കി ആഘോഷങ്ങൾ സ്വന്തം പേരിലാക്കാൻ യുഎസ് പ്രസിഡന്‍റ് തന്നെ തുടങ്ങിയ 'ഫ്രീഡം ഹൗസ്' എന്ന സംഘടനയാണ് ഈ ചരിത്ര നിമിഷം ആഘോഷിക്കുന്നത്. പ്രസിഡന്‍റ് ട്രംപ് ആണെന്നത് കൊണ്ട് തന്നെ ഈ ചരിത്ര നിമിഷം ആഘോഷിക്കാൻ വെള്ളുത്ത വർഗക്കാരുടെ പ്രത്യേക പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. അതിലൊന്നാണ് പാട്രിയറ്റ് ഫ്രണ്ട് അംഗങ്ങളുടെ പദസഞ്ചലനം. അത്തരമൊരു ദീർഘ നടത്തത്തിന് ശേഷം തിരികെ പോകുന്ന പാട്രിയറ്റ് ഫ്രണ്ട് എന്ന വംശീയ ഗ്രൂപ്പുകൾക്ക് നടുവിൽ ഒറ്റയ്ക്ക് ഇരിക്കേണ്ടിവന്ന ഒരു പെൺകുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
ജൂലൈ 4 -ലെ അമേരിക്ക 250 ആഘോഷത്തിനിടെ വാഷിംഗ്ടൺ ഡിസിയിലെ മെട്രോ ട്രെയിനിൽ വെച്ച് എടുത്ത റോയിട്ടേഴ്‌സ് ചിത്രമാണ് വൈറലായത്. വാഷിംഗ്ടൺ ഡിസിയിലെ യുഎസിൽ നടന്ന യുഎസ് സ്വാതന്ത്ര്യത്തിന്‍റെ 250-ാം വാർഷികത്തിൽ വംശീയ വാദികളായ പാട്രിയറ്റ് ഫ്രണ്ട് അംഗങ്ങൾ മെട്രോയിൽ സഞ്ചരിക്കുമ്പോൾ ആഫ്രിക്കൻ അമേരിക്കൻ വംശജയായ ഒരു യുവതി ബസിൽ ഒറ്റയ്ക്കിരിക്കുന്നതായിരുന്നു ചിത്രം. റോയിട്ടേഴ്‌സിന്‍റെ ചെനി ഓർ എന്ന ഫോട്ടോഗ്രാഫർ എടുത്ത ചിത്രം, മാധ്യമപ്രവർത്തകരും കമന്‍ററ്റർമാരും പങ്കുവെക്കുകയും ചിത്രം എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തതോടെ, ചിത്രം പെട്ടെന്ന് എക്‌സിൽ വൈറലായി. ഇത് ആയിരക്കണക്കിന് പ്രതികരണങ്ങളാണ് പിന്നാലെ രേഖപ്പെടുത്തപ്പെട്ടത്. രാജ്യത്തിന്‍റെ 250 -ാം വാർഷികാഘോഷ വേളയിൽ യുഎസിലെ വംശീയ സംഘർഷങ്ങളുടെയും രാഷ്ട്രീയ വിഭജനങ്ങളുടെയും ശക്തമായ ദൃശ്യ പ്രതിനിധാനമായാണ് പലരും ചിത്രത്തെ വിശേഷിപ്പിച്ചത്.
വാഷിംഗ്ടൺ ഡിസിയിലെ ഡൗണ്ടൗണിലെ മാർച്ചിൽ പങ്കെടുക്കാനായി പോവുകയായിരുന്നു വൈറ്റ് നാഷണലിസ്റ്റ് ഗ്രൂപ്പായ പാട്രിയറ്റ് ഫ്രണ്ടിന്‍റെ ഡസൻ കണക്കിന് മുഖംമൂടി ധരിച്ച അംഗങ്ങൾ. ഇവർക്കിടെയിൽ ഭയാശങ്കകളോടെ ഇരിക്കുന്ന യുവതിയെ കാണാം. വെളുത്ത വംശീയ മേധാവിത്വവാദികളായ നവ-നാസി സംഘങ്ങളുടെ പ്രവർത്തന മേഖല വടക്കൻ ടെക്സാസാണ്. വാഷിംഗ്ടൺ ഡിസി, മേരിലാൻഡ് , വിർജീനിയ (ഡിഎംവി) മേഖലകളിൽ ജൂലൈ നാലാം തീയതി നടത്താനിരുന്ന നിരവധി പരേഡുകൾ റദ്ദാക്കിയെങ്കിലും സംഘം മാർച്ച് നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.
വാഷിംഗ്ടൺ ഡിസിയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ്, സംഘം ക്യാപിറ്റോൾ ഹിൽ പരിസരങ്ങളിലൂടെയും മാർച്ച് നടത്തിയതായി സമൂഹ മാധ്യമ പോസ്റ്റുകൾ പറയുന്നു. "ഇന്നത്തെ ചിത്രം ഇതാണ്. മുഖംമൂടി ധരിച്ച വെളുത്ത ദേശീയവാദികൾ നമ്മുടെ രാഷ്ട്ര തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യാൻ തയ്യാറെടുക്കുമ്പോൾ ഡിസി മെട്രോയിൽ ഒരു കറുത്ത സ്ത്രീ ഇരിക്കുന്നു. ഇത് അമേരിക്കയുടെ 250-ാം വാർഷികമാണ്" എന്ന അടിക്കുറിപ്പോടെ പത്രപ്രവർത്തകനായ ആരോൺ പർണാസ് ഫോട്ടോ എക്സിൽ പങ്കുവച്ചു. "അമേരിക്കൻ ചരിത്രത്തിന്‍റെ യുഗത്തെ നിർവചിക്കുന്ന ചിത്രം" മറ്റൊരു അടിക്കുറിപ്പിൽ എഴുതപ്പെട്ടു. "നിങ്ങളുടെ കൊച്ചുമക്കളുടെ മക്കൾ അവരുടെ ചരിത്ര പുസ്തകങ്ങളിൽ ഈ ഫോട്ടോ കാണും. നമ്മൾ ജീവിക്കുന്ന അമേരിക്കൻ ചരിത്രത്തിന്‍റെ യുഗത്തെ നിർവചിക്കുന്ന ഒരു ചിത്രമെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇത്രയും വലിയ ദേശസ്നേഹികൾ എന്തിനാണ് തങ്ങളുടെ മുഖം മറച്ച് നടക്കുന്നതെന്നായിരുന്നു മറ്റൊരാളുടെ സംശയം.