
യൂറോപ്യൻ പാർലമെന്‍റിന്‍റെ കെട്ടിടത്തിൽ ഇപ്പോൾ സന്ദർശകരുടെ ശ്രദ്ധ നേടുന്നത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സ്വർണ്ണത്തിൽ തീർത്ത നഗ്ന പ്രതിമ! പൂർണമായും നഗ്നനായ ട്രംപ്, തന്‍റെ ഭാരത്താൽ തളരുന്ന ഒരു ചെറിയ മനുഷ്യന്‍റെ ചുമലിൽ ഇരിക്കുന്ന തരത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. 23 കാരറ്റ് സ്വർണപ്പാളി കൊണ്ട് പൊതിഞ്ഞ ഏകദേശം 8.5 അടി ഉയരമുള്ള ശിൽപത്തിന് ‘ദി ഓറഞ്ച് പ്ലേഗ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഡാനിഷ് ശിൽപി ജെൻസ് ഗാൽഷിയോട്ട് ആണ് സൃഷ്ടിയുടെ പിന്നിൽ.
ട്രംപിന്‍റെ ഒരു കൈയിൽ നീണ്ട ഗോൾഫ് ക്ലബും ലോകത്തെ സൂചിപ്പിക്കുന്ന പന്തും, മറ്റേ കൈയിൽ നീതിയുടെ തുലാസും കാണാം. പ്രതിമ ഉറപ്പിച്ച പീഠത്തിൽ ‘കിംഗ് ഓഫ് ഇൻജസ്റ്റിസ്’ എന്ന് എഴുതിയിരിക്കുന്നു. താൻ ഒരാളുടെ മുതുകിൽ ഇരിക്കുകയാണെന്നും തന്‍റെ ഭാരം കാരണം അയാൾ താഴേക്ക് പോകുകയാണെന്നും സൂചിപ്പിക്കുന്ന പരിഹാസ സന്ദേശവും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരനായ മനുഷ്യരുടെ ഊർജ്ജവും സമ്പത്തും കൊള്ളയടിച്ച് വീർക്കുന്ന ഭരണാധികാരിയെന്ന തരത്തിലാണ് ശില്പത്തിന്‍റെ രൂപ നിർമ്മാണം.
“Orange Plague”: Trump sculpture displayed at the European Parliament
A 2.5-meter-tall naked, gold-painted Trump holding a golf club has been put on display at the European Parliament in Strasbourg. The U.S. president is sitting on the shoulders of a man bent under his weight.
The work by Danish artist Jens Galschiøt is titled “The Orange Plague.” Its alternative title is even less subtle: “King of Injustice.”
European diplomacy has become noticeably less diplomatic.
— распад и неуважение (@VictorKvert2008) October 7, 2026
പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രവർത്തനം, ജനാധിപത്യ മൂല്യങ്ങൾ, നിയമാധിഷ്ഠിത ലോകക്രമം എന്നിവയോടുള്ള ട്രംപിന്‍റെ സമീപനത്തിനെതിരായ രാഷ്ട്രീയ പരിഹാസമായാണ് ഗാൽഷിയോട്ട് ശിൽപത്തെ വിശേഷിപ്പിക്കുന്നത്. നഗ്നനായ ഭരണാധികാരിയെ അവതരിപ്പിച്ചതിന് ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്‍റെ ‘ദി എംപറേഴ്സ് ന്യൂ ക്ലോത്ത്സ്’ എന്ന കഥയും പ്രചോദനമായി. “ഏകാധിപതികൾക്ക് തങ്ങളെ പരിഹസിക്കുന്നത് ഇഷ്ടമല്ല” എന്നാണ് കലാകാരന്‍റെ പ്രതികരണം.
ഡാനിഷ് എംഇപി പെർ ക്ലോസൻ ആണ് പ്രദർശനത്തിന് പിന്തുണ നൽകിയത്. ട്രംപിന്‍റെ ആഗോള സ്വാധീനത്തെക്കുറിച്ച് യൂറോപ്പിൽ ചർച്ച ഉയർത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യൻ പാർലമെന്‍റ് അധികൃതരുടെ അനുമതിയോടെയാണ് പ്രദർശനം നടക്കുന്നത്. എന്നാൽ, ഇത് പ്രതിമയുടെ രാഷ്ട്രീയ സന്ദേശത്തിനുള്ള ഔദ്യോഗിക അംഗീകാരമല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഒക്ടോബർ 8 വരെ (നാളെ) പ്രതിമ പ്രദർശിപ്പിക്കാനാണ് നിലവിലെ തീരുമാനം.