പിൻസീറ്റ് ബെല്‍റ്റ്, നടപടി കടുപ്പിച്ച് ഈ ട്രാഫിക്ക് പൊലീസ്, പിഴയില്‍ കുടുങ്ങി നിരവധിപേര്‍!

By Web TeamFirst Published Sep 17, 2022, 9:04 AM IST
Highlights

ടാറ്റയുടെ മുൻ മേധാവി സൈറസ് മിസ്ത്രിയുടെ മരണത്തെത്തുടർന്ന് രാജ്യത്തുടനീളം ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ദില്ലി പൊലീസിന്‍റെയും നടപടി.
 

പിൻസീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ദില്ലി പോലീസ് കർശന നടപടി തുടരുന്നു. ദേശീയ തലസ്ഥാന മേഖലയിൽ  ബുധനാഴ്ച ആരംഭിച്ച നടപടികളില്‍ ഇതുവരെ ട്രാഫിക് നിയമം ലംഘിച്ചതിന് നഗരത്തിലെ ട്രാഫിക് പോലീസ് 57 നിയമലംഘകർക്ക് പിഴ ചുമത്തി. പിൻസീറ്റ് ബെൽറ്റ് നിയമം കർശനമായി നടപ്പാക്കുകയും ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ ചുമത്തുകയും ചെയ്യുകയാണ് ഡൽഹി ട്രാഫിക് പോലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റയുടെ മുൻ മേധാവി സൈറസ് മിസ്ത്രിയുടെ മരണത്തെത്തുടർന്ന് രാജ്യത്തുടനീളം ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ദില്ലി പൊലീസിന്‍റെയും നടപടി.

അത്തരം ഉപകരണങ്ങൾ വാഹനത്തിൽ ഇനി അനുവദിക്കില്ല, നിരോധിക്കും; മിസ്ത്രിയുടെ മരണത്തിന് പിന്നാലെ കടുപ്പിച്ച് ഗഡ്കരി

വാഹനങ്ങളുടെ പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 40 യാത്രക്കാർക്ക് വ്യാഴാഴ്ച ഡൽഹി ട്രാഫിക് പോലീസ് ചലാൻ അയച്ചിരുന്നു. സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലേസിനു സമീപമുള്ള ബരാഖംബ റോഡിൽ യാത്രക്കാർക്കായി 17 ചലാനുകൾ ബുധനാഴ്ച പൊലീസ് പുറപ്പെടുവിച്ചിരുന്നു.

ദേശീയ തലസ്ഥാനത്തെ എൻസിആർ മേഖലയിലെ ന്യൂഡൽഹിയും തെക്കുപടിഞ്ഞാറൻ ഡൽഹിയും ഉൾപ്പെടുന്ന രണ്ട് ജില്ലകളിൽ യാത്രക്കാരെ ബോധവത്കരിക്കുന്നതിനും റോഡ് സുരക്ഷാ നടപടി നടപ്പാക്കുന്നതിനുമുള്ള ഡ്രൈവ് നടത്തി. ന്യൂഡൽഹിയിൽ കെജി മാർഗ്, മാണ്ഡി ഹൗസ് പ്രദേശങ്ങളിലെ 32 യാത്രക്കാർക്ക് ട്രാഫിക് പൊലീസ് ചലാൻ നൽകി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം, വസന്ത് കുഞ്ച് മേഖലകളിൽ ഒമ്പത് ചലാനുകൾ കൂടി പുറപ്പെടുവിച്ചു.

വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് ഡൽഹി ട്രാഫിക് പോലീസിന്റെ പദ്ധതി. റോഡുകളിൽ അമിതവേഗത പാടില്ലെന്നും എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും കഴിഞ്ഞയാഴ്ച പൗരന്മാരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി സെപ്റ്റംബർ 4 ന് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് കര്‍ശന നടപടി. വാഹനത്തിന്‍റെ പിൻസീറ്റിൽ ഇരുന്ന മിസ്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കര്‍ശന നിലപാടുമായി കേന്ദ്രം, സുപ്രധാന നിയമം വരുന്നു

രാജ്യത്തിന്റെ വടക്കൻ ഭാഗത്താണ് ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾ നടക്കുന്നത്. കഴിഞ്ഞ വർഷം 1,900 പേരാണ് ഡൽഹിയിൽ വാഹനാപകടങ്ങളിൽ മരിച്ചത്. ഈ അപകടങ്ങളിൽ ഭൂരിഭാഗവും ഡ്രൈവർമാരുടെ അശ്രദ്ധ മൂലമോ പിൻസീറ്റിലുള്ള യാത്രക്കാരുടെ സുരക്ഷാ വീഴ്‍ച മൂലമോ സംഭവിച്ചതാണ്. ദില്ലി ട്രാഫിക് പോലീസിന്റെ കണക്കനുസരിച്ച്, സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും അമിതവേഗതയ്ക്കും മറ്റ് നിയമലംഘനങ്ങൾക്കും ട്രാഫിക് നിയമ ലംഘകർക്ക് കഴിഞ്ഞ വർഷം 1.2 കോടിയിലധികം നോട്ടീസ് ലഭിച്ചു.

സൈറസ് മിസ്‍ത്രിയുടെ അപകട മരണത്തിന് തൊട്ടുപിന്നാലെ കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി, പിൻസീറ്റ് ബെൽറ്റ് അലാറം മുന്നറിയിപ്പ് സംവിധാനം നിർബന്ധമാക്കാൻ സർക്കാർ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. കാർ നീങ്ങുമ്പോൾ ആരെങ്കിലും ബെൽറ്റ് ഇട്ടിട്ടില്ലെങ്കിൽ നിരന്തരമായ ബീപ്പ് ശബ്ദം ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കും. പിൻവശത്ത് സീറ്റ് ബെൽറ്റ് ധരിക്കാതെ ഇരുന്നതിനാൽ 15,000-ത്തില്‍ അധികം ആളുകൾക്ക് അപകടങ്ങളിൽ ജീവൻ നഷ്‍ടപ്പെട്ടതായി കേന്ദ്രത്തിന്റെ സമീപകാല റിപ്പോർട്ടുകള്‍ വെളിപ്പെടുത്തുന്നു.

"എനിക്കിത് മനസിലാകുന്നില്ല.." വണ്ടിക്കമ്പനികളുടെ സുരക്ഷാ ഇരട്ടത്താപ്പില്‍ ക്ഷുഭിതനായി കേന്ദ്രമന്ത്രി!

click me!