
തിരുവനന്തപുരം: വാഹനാപകടമുണ്ടായാല്‍ ആദ്യം അന്വേഷിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കുമോയെന്നത്. എന്നാല്‍ അതിനായി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങണമല്ലോയെന്ന് ആലോചിക്കുമ്പോള്‍ മാത്രമാണ് പ്രശ്നം. ആ പ്രശ്നത്തിന് പരിഹാരവുമായി കേരളാ പൊലീസ് തന്നെ എത്തിയിരിക്കുകയാണ്. ഇനി ജി ഡി എന്‍ട്രി കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങണ്ട.
വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമാണ്. എന്നാല്‍ ഇത് വാങ്ങാനായി പൊലീസ് സ്റ്റേഷനിലെത്തിയാല്‍ അവിടെ വന്‍ തിരക്കായിരിക്കും. പലപ്പോഴും പൊലീസുകാര്‍ തിരക്കിനിടയില്‍ നാളെ വരാന്‍ പറയും. പിന്നെയത് ലോട്ടറി പോലെ നാളെ നാളെ നീളെ നീളെയാകും. ഇതിന് പരിഹാരവുമായാണ് ഇപ്പോള്‍ കേരളാ പൊലീസ് രംഗത്തെത്തിയത്. കേരള പോലീസിന്‍റെ മൊബൈൽ ആപ്പായ പോൽ ആപ്പ് (Pol App) വഴിയാണ് വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് ജി ഡി എന്‍ട്രി നല്‍കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
പോല്‍ ആപ്പിന്‍റെ സൗകര്യം ലഭ്യമാക്കാന്‍ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം മൊബൈൽ ആപ്ലിക്കേഷനിൽ നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും നല്‍കണം. ഈ സമയം നിങ്ങളുടെ മൊബൈലില്‍ ഒ.ടി.പി. നമ്പര്‍ ലഭിക്കും. അതിന് ശേഷം ആധാർ നമ്പർ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒരിക്കൽ റജിസ്ട്രേഷൻ നടത്തിയാൽ പിന്നെ, പൊലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾക്കും ഈയൊരു റജിസ്ട്രേഷന്‍ മതിയാകും. വാഹനങ്ങളുടെ ഇന്‍ഷുറന്‍സിനായി ജിഡി എന്‍ട്രി ലഭിക്കാന്‍ ആപ്പിലെ "Request Accident GD" എന്ന സേവനം തെരഞ്ഞെടുക്കുക. അതില്‍ അപേക്ഷകന്‍റെ വിവരങ്ങളും അപകടം സംബന്ധിച്ച വിവരങ്ങളും ഫോട്ടോ സഹിതം രേഖപ്പെടുത്തി അപേക്ഷിക്കുക.
ഇങ്ങനെ ആപ്പ് വഴി ലഭിക്കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജി ഡി എന്‍ട്രി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റ് എടുക്കാം. ഇങ്ങനെ പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ടെത്താതെ തന്നെ ജി ഡി എന്‍ട്രി ലഭിക്കുന്നു. ജി ഡി എന്‍ട്രി മാത്രമല്ല പൊലീസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും പോല്‍ ആപ്പ് വഴി ലഭിക്കും. ഇതിനായി പൊലീസ് സ്റ്റേഷന്‍ കയറി ഇറങ്ങേണ്ടതില്ലെന്ന് കേരളാ പൊലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
Read More: കളം പിടിക്കാന്‍ കുഞ്ഞന്‍ പള്‍സര്‍, ബജാജിന്‍റെ പൂഴിക്കടകനില്‍ കണ്ണുതള്ളി എതിരാളികള്‍!