രാജ്യത്ത് എഥനോൾ കലർന്ന പെട്രോൾ വ്യാപകമായതോടെ പഴയ വാഹന ഉടമകൾ ആശങ്കയിലാണ്. എന്നാൽ കൃത്യമായ പരിചരണവും പരിപാലനവും ഉറപ്പാക്കിയാൽ മിക്ക പഴയ വാഹനങ്ങൾക്കും ഇത് ഉപയോഗിക്കാമെന്ന് വിദഗ്ധർ പറയുന്നു. ഇന്ധന സംവിധാനം കൃത്യമായി പരിശോധിക്കുകയും സർവീസ് മുടക്കാതിരിക്കുകയും ചെയ്താൽ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാം.
എഥനോൾ കലർന്ന പെട്രോളിന്റെ ലഭ്യത രാജ്യത്ത് വർധിച്ചതോടെ പഴയ വാഹനങ്ങളുടെ ഉടമകൾക്കിടയിൽ ആശങ്കയും ശക്തമാകുകയാണ്. 2023ന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾക്ക് എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാൽ മിക്ക പഴയ കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും ഇത് ഉപയോഗിക്കാമെന്നും, കൃത്യമായ പരിചരണവും പരിപാലനവും ഉറപ്പാക്കിയാൽ വലിയ ആശങ്ക വേണ്ടെന്നും വാഹന മേഖലയിലെ വിദഗ്ധർ പറയുന്നു.
പുതിയ വാഹനങ്ങൾ എഥനോൾ കലർന്ന ഇന്ധനത്തിന് അനുയോജ്യം
2023ന് ശേഷം നിർമ്മിച്ച വാഹനങ്ങളിൽ ഭൂരിഭാഗവും എഥനോൾ കലർന്ന പെട്രോളിന് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ പഴയ വാഹനങ്ങളിൽ ഇന്ധന സംവിധാനത്തിലെ ചില ഘടകങ്ങൾ ദീർഘകാലം ഇത്തരം ഇന്ധനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യപ്പെട്ടേക്കാം.
ഉടൻ കേടാകില്ല, പക്ഷേ ശ്രദ്ധ വേണം
എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ചതുകൊണ്ട് വാഹനത്തിന് ഉടൻ കേടുപാടുകൾ സംഭവിക്കില്ല വാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരാം എന്നും ഈ മേഖലയിലെ വിദഗ്ധരെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു എന്നാൽ എഥനോൾ അന്തരീക്ഷത്തിലെ ഈർപ്പം ആഗിരണം ചെയ്യുന്ന സ്വഭാവമുള്ളതാണെന്നും സാങ്കേതിക വിദഗ്ധർ പറയുന്നു. ദീർഘകാല ഉപയോഗത്തിൽ ഈർപ്പം മൂലം റബർ സീലുകൾ, ഇന്ധന പൈപ്പുകൾ, ഗാസ്കറ്റുകൾ തുടങ്ങിയ ഘടകങ്ങളിൽ തേയ്മാനം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ഇന്ധന ടാങ്ക് കാലിയായി ഇടരുത്
വാഹനം ദീർഘകാലം ഉപയോഗിക്കാതെ നിർത്തുമ്പോൾ ഇന്ധന ടാങ്ക് ഏറെക്കുറെ കാലിയായി സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നാണ് മെക്കാനിക്കുകളുടെ നിർദേശം. ടാങ്കിൽ കൂടുതൽ ഇന്ധനം ഉണ്ടായാൽ ഈർപ്പമുള്ള വായുവിന് ലഭിക്കുന്ന ഇടം കുറയും. ഇതുവഴി ഈർപ്പം അടിഞ്ഞുകൂടാനുള്ള സാധ്യത കുറയ്ക്കാനാകുമെന്ന് മെക്കാനിക്കുകൾ പറയുന്നു.
ഇന്ധന ഫിൽട്ടർ കൃത്യസമയത്ത് മാറ്റണം
എഥനോൾ കലർന്ന ഇന്ധനത്തിന് പഴയ ഇന്ധന സംവിധാനത്തിൽ അടിഞ്ഞുകൂടിയ ചില മാലിന്യങ്ങൾ അലിയിക്കാനുള്ള കഴിവുണ്ട്. ഇവ ഇന്ധന ഫിൽട്ടറിൽ അടിഞ്ഞുകൂടി തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ വാഹനത്തിന്റെ ഇന്ധന ഫിൽട്ടർ, ഇന്ധന പമ്പ്, ഇന്ധന ഇൻജക്ടർ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. നിശ്ചിത സമയത്തെ വാഹന സർവീസ് ഒഴിവാക്കാതിരിക്കുന്നതും പ്രധാനമാണ്.
പഴയ വാഹന ഉടമകൾക്ക് ആശ്വാസം
ഇതുവരെ വലിയ പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്നാൽ കാലക്രമേണ ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുമാണ് ഈ മേഖലയിൽ ഉള്ളവർ പറയുന്നത്. ഫിൽട്ടറുകളും ഇന്ധന പമ്പും ഇൻജക്ടറുകളും പരിശോധിക്കുന്നത് വാഹനത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും എന്നും മെക്കാനിക്കുകൾ പറയുന്നു.
കൃത്യമായ സർവീസും ഇന്ധന സംവിധാനത്തിന്റെ നിരീക്ഷണവും
എഥനോൾ കലർന്ന പെട്രോളിന്റെ ഉപയോഗം രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ, തങ്ങളുടെ വാഹനങ്ങൾ ഇത്തരം ഇന്ധനത്തിന് അനുയോജ്യമാണോ എന്നതിനെക്കുറിച്ച് വാഹന ഉടമകൾ കൂടുതൽ വിവരങ്ങൾ തേടുന്നുണ്ട്. വിദഗ്ധരുടെ നിർദേശം വ്യക്തമാണ്—പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവർ പരിഭ്രാന്തരാകേണ്ടതില്ല; എന്നാൽ കൃത്യമായ സർവീസും ഇന്ധന സംവിധാനത്തിന്റെ നിരീക്ഷണവും ഇനി കൂടുതൽ പ്രധാനമാണ്.


