ആ പേര് മഹീന്ദ്ര കൊണ്ടുപോയി, ഒടുവില്‍ ഈ വണ്ടിക്ക് പുതിയ പേരിട്ട് 'ശരിക്കും' മുതലാളി!

By Web TeamFirst Published Aug 19, 2021, 12:37 PM IST
Highlights

അടുത്ത വർഷം പകുതിയോടെ ഈ ജീപ്പ് കമാൻഡര്‍ ഇന്ത്യയിൽ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാൽ മെറിഡിയൻ എന്നാവും 7 സീറ്റർ കോമ്പസ് ഇന്ത്യയിൽ അറിയപ്പെടുക എന്നാണ് സൂചനകള്‍.  കാരണം അടുത്ത കാലം വരെ മഹീന്ദ്രയുടെ എംഎം 540 ജീപ്പിന്റെ പേരായിരുന്നു കമാൻഡർ

ന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017-ലാണ്  ഐക്കണിക്ക് അമേരിക്കൻ വാഹന കമ്പനിയായ ജീപ്പ് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യയിൽ റാംഗ്ലർ, കോംപസ് എന്നീ മോഡലുകളാണ് നിലവില്‍ ജീപ്പ് വിൽക്കുന്നത്. ജീപ്പ് കോംപസിനെ അടിസ്ഥാനമാക്കി ജീപ്പ് പുതിയൊരു മോഡല്‍ വികസിപ്പിക്കുന്നതായി കഴിഞ്ഞ കുറച്ചുനാളുകളായി കേട്ടുതുടങ്ങിയിട്ട്. ജീപ്പ് കോംപസിന് മുകളിലായും റാംഗ്ലറിന് താഴെയുമായി എത്തുന്ന ഈ മോഡലിന്‍റെ പേര് കമാന്‍ഡര്‍ എന്നാണ്. 

കോംപസിന്റെ 7 സീറ്റർ പതിപ്പായ കമാന്‍ഡര്‍ ബ്രസീലിയൻ വിപണയില്‍ അവതരിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കമാൻഡർ  എസ്‌യുവിയുടെ ചിത്രങ്ങളും ഇപ്പോൾ പുറത്ത് വിട്ടു. 2.0 ലിറ്റർ ഡീസലും 1.3 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ജീപ്പ് കമാൻഡർ വില്പനക്കെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടുത്ത വർഷം പകുതിയോടെ ഈ ജീപ്പ് കമാൻഡര്‍ ഇന്ത്യയിൽ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാൽ മെറിഡിയൻ എന്നാവും 7 സീറ്റർ കോമ്പസ് ഇന്ത്യയിൽ അറിയപ്പെടുക എന്നാണ് സൂചനകള്‍.  കാരണം അടുത്ത കാലം വരെ മഹീന്ദ്രയുടെ എംഎം 540 ജീപ്പിന്റെ പേരായിരുന്നു കമാൻഡർ. അതുകൊണ്ടു തന്നെ ഇന്ത്യയിൽ ജീപ്പിന് ഈ എസ്‌യുവിക്ക് കമാൻഡർ എന്ന പേര് ഉപയോഗിക്കാൻ സാധിക്കുമോ എന്ന് വ്യക്തമല്ല. 'പാട്രിയോട്ട്' എന്നായിരിക്കും വാഹനത്തിന്‍റെ പേരെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

അതേസമയം കമാൻഡറിന്‍റെ ഡിസൈനിംഗിനെപ്പറ്റി പറയുകയാണെങ്കില്‍ കോംപസിന്റെ സ്റ്റൈലിംഗ് ഘടകങ്ങൾ സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഗ്രാൻഡ് ചെറോകീ എൽ എസ്‌യുവിയുടെയും സ്റ്റൈലിംഗ് ഘടകങ്ങൾ ഒത്തിണക്കിയാണ് പുത്തൻ എസ്‌യുവിയെ ജീപ്പ് നിർമ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോംപസിൽ നിന്നും കടമെടുത്തതാണ് ഗ്രിൽ, റൂഫ് ഭാഗം, വിൻഡോയിലെ ക്രോം ലൈനിങ് എന്നിവ. പുതിയ തലമുറ ഗ്രാൻഡ് ചെറോകീ എസ്‌യുവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ഫുൾ എൽഇഡി ഹെഡ്‍ലാംപുകളും വണ്ണം കുറഞ്ഞ ടെയിൽ ലാമ്പുകളും.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീനും ചേർന്ന കോമ്പസ്സിന്റെ ഏറെക്കുറെ സമാനമായ ഡാഷ്ബോർഡ് ആണ് ഇന്റീരിയറിൽ ഒരുങ്ങുന്നത്. കോമ്പസ്സിന്റെ അതെ മുൻ നിര സീറ്റുകളാണ് കമാൻഡറിലും. ഇവയ്ക്കിടയിലെ ഹാൻഡ് റെസ്റ്റിൽ ‘Jeep 1941’ എന്നെഴുതിയിട്ടുണ്ട്. കമാൻഡറിന്റെ മുന്നിലെയും പിന്നിലെയും ബമ്പറുകൾ പുതിയതാണ്. എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍ക്കാസര്‍ എന്നീ മോഡലുകളായിരിക്കും ജീപ്പ് കമാൻഡറിന്റെ എതിരാളികൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!