കൂടുതൽ സ്‌പോർട്ടി ലുക്കിൽ പുത്തന്‍ കെടിഎം ആര്‍സി ശ്രേണി

By Web TeamFirst Published Oct 17, 2021, 4:30 PM IST
Highlights

ഒരു മാസത്തിന് ശേഷം ആർസി 125, ആർസി 200 എന്നീ ബൈക്കുകളുടെ പുത്തൻ മോഡൽ ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി

ഓസ്ട്രിയൻ ബൈക്ക് നിർമ്മാതാക്കളായ കെടിഎം (KTM) അടുത്തിടെയാണ് 2022 ആർസി 125 (RC 125), 200, 390 ബൈക്കുകൾ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ആർസി 125, ആർസി 200 എന്നീ ബൈക്കുകളുടെ പുത്തൻ മോഡൽ ഇന്ത്യൻ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

2022 കെടിഎം ആർസി 125, 200 ബൈക്കുകൾക്ക് വില കാര്യമായി വർദ്ധിപ്പിച്ചിട്ടില്ല എന്നതാണ് ഹൈലൈറ്റ്. 1.82 ലക്ഷമാണ് 2022 കെടിഎം ആർസി 125ന് എക്‌സ്-ഷോറൂം വില. മുൻ മോഡലുമായി താരതമ്യം ചെയ്യമ്പോൾ 2,000 രൂപ മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 2.09 ലക്ഷമാണ് ആർസി 200ന്റെ എക്‌സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായുന്ന മോഡലുമായി താരതമ്യം ചെയ്യുമ്പോൾ വില വർദ്ധിച്ചിട്ടില്ല.

മികച്ച പെർഫോമൻസ്, പരിഷ്കരിച്ച ഇലക്ട്രോണിക്സ്, പുതിയ ഷാസി, മെച്ചപ്പെട്ട എർഗണോമിക്സ്, ഗ്രാൻഡ് പ്രീ ബൈക്കുകൾക്ക് സമാനമായ ഡിസൈൻ എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായാണ് 2022 കെടിഎം ആർസി 125, 200 ബൈക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. പൂർണമായും റീഡിസൈൻ ചെയ്ത ഫെയറിങ്ങും ഹെഡ്‍ലാംപും ആർസി ബൈക്കുകൾക്ക് പുതിയ ലുക്ക് നൽകുന്നു. ആർസി 200ന് പുതിയ എൽഇഡി ഹെഡ്‌ലൈറ്റും ആർസി 125ന് പുതിയ ഹാലൊജെൻ ഹെഡ്‌ലൈറ്റുമാണ്.

14.5 എച്ച്പി പവർ നിർമ്മിക്കുന്ന 124.71 സിസി എഞ്ചിൻ തന്നെയാണ് 2022 കെടിഎം ആർസി 125യുടെയും ഹൃദയം. ടോർക്ക് മാറ്റമില്ലാതെ 12 എൻഎം തന്നെയാണ്. എന്നാൽ, 2021 ആർസി125യിൽ 40 ശതമാനം വലിയ എയർബോക്‌സും പുതിയ എഞ്ചിൻ മാപ്പിങും കെടിഎം ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് മികച്ച പെർഫോമൻസ് ഉറപ്പിക്കും എന്നാണ് കെടിഎം അവകാശപ്പെടുന്നത്. 25.4 ബിഎച്ച്പി പവർ നിർമ്മിക്കുന്ന 199.5 സിസി, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് 2022 കെടിഎം ആർസി 200ന്റെ ഹൃദയം. 

click me!