ഓര്‍മ്മകള്‍ ഓടിക്കളിക്കും നിരത്തുകളിലേക്ക് എല്‍എംഎല്‍ തിരിച്ചെത്തുക ഇത്രയും മോഡലുകളുമായി!

By Web TeamFirst Published Sep 30, 2022, 12:44 PM IST
Highlights

രാജ്യത്തെ ഇരുചക്ര വാഹനപ്രേമികളെ ഗൃഹാതുരതയിലേക്ക് വഴിനടത്തുന്ന ഒരു പേരാണ് എല്‍എംഎല്‍ അഥവാ ലോഹിയ മെഷിന്‍സ് ലിമിറ്റഡ്. രണ്ടു പതിറ്റാണ്ടു മുമ്പുവരെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു കാണ്‍പൂര്‍ ആസ്ഥാനമായുള്ള എൽഎംഎല്ലിന്‍റെ ഇരുചക്രവാഹനങ്ങൾ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ്.  ഇതാ, ഇന്ത്യയ്ക്കായി എൽഎംഎൽ പുറത്തിറക്കുന്ന മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെയും ഒന്നു പരിചയപ്പെടാം

രാജ്യത്തെ ഇരുചക്ര വാഹനപ്രേമികളെ ഗൃഹാതുരതയിലേക്ക് വഴിനടത്തുന്ന ഒരു പേരാണ് എല്‍എംഎല്‍ അഥവാ ലോഹിയ മെഷിന്‍സ് ലിമിറ്റഡ്. രണ്ടു പതിറ്റാണ്ടു മുമ്പുവരെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു കാണ്‍പൂര്‍ ആസ്ഥാനമായുള്ള എൽഎംഎല്ലിന്‍റെ ഇരുചക്രവാഹനങ്ങൾ. ഇറ്റാലിയൻ വെസ്‍പയുടെ ഇന്ത്യൻ പങ്കാളിയെന്ന നിലയിൽ 1980 — 2000 കാലഘട്ടത്തിലും പിന്നീട് സ്വതന്ത്ര കമ്പനിയെന്ന നിലയിലും ശ്രദ്ധേയരായിരുന്ന എൽഎംഎൽ  2017-ലാണ് ഇന്ത്യന്‍ നിരത്തുകളോട് വിട പറഞ്ഞത്.   ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ എൽഎംഎൽ തിരിച്ചുവരുന്നതായി കഴിഞ്ഞ കുറച്ചുകാലമായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോഴിതാ മൂന്ന് പുതിയ മോഡലുകളുമായി ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് എല്‍എംഎല്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

"ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു.." എല്‍എംഎല്‍ തിരിച്ചു വരുന്നു!

അടുത്ത വർഷം മുതൽ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഭാവി ഇവികളുടെ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മൂൺഷോട്ട് മോട്ടോർസൈക്കിൾ, സ്റ്റാർ സ്‍കൂട്ടർ, ഓറിയോൺ ബൈക്ക് എന്നിവയാണ് പുതിയ മൂന്ന് എല്‍എംഎല്‍ മോഡലുകൾ. എല്ലാം ഇലക്ട്രിക് വാഹനങ്ങളാണ്. ഈ ഇവികൾ അസംബിൾ ചെയ്യുന്നതിനുള്ള നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിന് 500 കോടി രൂപയോളം സമാഹരിക്കുമെന്ന് ഇരുചക്ര വാഹന നിർമ്മാതാവ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു . അടുത്ത വർഷത്തോടെ എൽഎംഎൽ ഈ മൂന്ന് ഇവികളും പുറത്തിറക്കും. ആദ്യം പുറത്തിറക്കുന്നത് ഓറിയോൺ ഇലക്ട്രിക് ബൈക്കായിരിക്കും. തുടർന്ന് 2023-ൽ മൂൺഷോട്ടും സ്റ്റാറും അവതരിപ്പിക്കും. 

"കഴിഞ്ഞ രണ്ട് വർഷമായി വളരെ നീണ്ടതും ബുദ്ധിമുട്ടുള്ളതുമായ യാത്രയിലായിരുന്നു ഞങ്ങള്‍. അതിന്‍റെ ഫലമായി ഉരുത്തിരിഞ്ഞത് കേവലം എഞ്ചിനീയറിംഗ് വിസ്‍മയങ്ങൾ മാത്രമല്ല, ഉൽപന്ന വാഗ്ദാനങ്ങൾക്കപ്പുറമുള്ള മികച്ച ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണിതന്നെയാണ്. ഞങ്ങളുടെ ഉൽപ്പന്നങ്ങൾ വ്യക്തിപരവും നഗരപരവുമായ യാത്രാ മാനദണ്ഡങ്ങൾ പുനർനിർവചിക്കാനും സുരക്ഷ, അവബോധജന്യമായ ഇന്റലിജൻസ്, സമാനതകളില്ലാത്ത റൈഡ് ഗുണനിലവാരം എന്നിവയുടെ പുതിയ മാനദണ്ഡങ്ങൾ സജ്ജീകരിക്കാനും സജ്ജമാണ്.." പുതിയ മോഡലുകളെപ്പറ്റി എൽഎംഎൽ ഇമോഷന്റെ മാനേജിംഗ് ഡയറക്ടർ യോഗേഷ് ഭാട്ടിയ പറഞ്ഞു. 
ഇതാ, ഇന്ത്യയ്ക്കായി എൽഎംഎൽ പുറത്തിറക്കുന്ന മൂന്ന് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളെയും ഒന്നു പരിചയപ്പെടാം

മൂൺഷോട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ
മൂൺഷോട്ടിനെ ഒരു ഡേർട്ട് ബൈക്ക് എന്നും എല്‍എംഎല്‍ വിളിക്കുന്നു. ഇത് ഏറ്റവും മികച്ച നഗര യാത്ര വാഗ്ദാനം ചെയ്യുന്നു എന്നും കമ്പനി പറയുന്നു. ഹൈപ്പർ മോഡിൽ വരുന്ന ഇതിന് പൂജ്യം മുതൽ 70 കിലോമീറ്റർ വരെ സങ്കൽപ്പിക്കാൻ കഴിയുന്നതിലും വേഗത്തിൽ പ്രവർത്തിക്കാനാകും എന്നും കമ്പനി അവകാശപ്പെടുന്നു. മൂൺഷോട്ടിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും എൽഎംഎൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പോർട്ടബിൾ ബാറ്ററി, ഫ്ലൈ-ബൈ-വയർ ടെക്, പെഡൽ അസിസ്റ്റ് എന്നിവയുമായി ഇവി വരുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

ഇന്ത്യയിലെ ഹാർലിയുടെ മുന്‍ പങ്കാളിയുമായി കൈകോര്‍ക്കാന്‍ എൽഎംഎൽ

സ്റ്റാർ ഇലക്ട്രിക് സ്‍കൂട്ടർ
ഭാവിയിലേക്കുള്ള രൂപഭാവങ്ങളോടെയാണ് എൽഎംഎൽ സ്റ്റാർ ഇലക്ട്രിക് സ്‍കൂട്ടർ എത്തുന്നത്. ഡ്യുവൽ-ടോൺ തീം, എല്‍ഇഡി - ഡിആര്‍എല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയുമായാണ് ഇത് വരുന്നത്. താഴെയായി സ്ഥാപിച്ചിരിക്കുന്ന തിരശ്ചീന സൂചകങ്ങളുണ്ട്. പൂർണമായും ഡിജിറ്റൽ സ്‌ക്രീൻ, പിൻ ഷോക്ക് അബ്‌സോർബറുകൾ, സീറ്റുകളിൽ റെഡ് ഹൈലൈറ്റുകൾ എന്നിവ ഇലക്ട്രിക് സ്‌കൂട്ടർ വാഗ്ദാനം ചെയ്യും. ഈ ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും എൽഎംഎൽ പിന്നീട് വെളിപ്പെടുത്തും.

ഓറിയോൺ ഇലക്ട്രിക് ബൈക്ക്
ഈ ഇലക്‌ട്രിക് 'ഹൈപ്പർബൈക്ക്' ഭാരം കുറഞ്ഞതും ചടുലവുമായ നഗര സവാരികൾ വാഗ്ദാനം ചെയ്യുന്നതാണ് എന്ന് എല്‍എംഎല്‍ പറയുന്നു. IP67-റേറ്റുചെയ്ത ബാറ്ററി, എല്ലാ കാലാവസ്ഥാ സുരക്ഷാ ഉറപ്പ്, നിയന്ത്രണങ്ങൾക്കുള്ള ഹാപ്‌റ്റിക് ഫീഡ്‌ബാക്ക്, ദൈർഘ്യമേറിയ റൈഡുകൾക്കായി പലപ്പോഴും പുറപ്പെടുന്നവർക്ക് ഇൻ-ബിൽറ്റ് ജിപിഎസ് എന്നിവയുമായാണ് എല്‍എംഎല്‍ ഓറിയോൺ ഇലക്ട്രിക് ബൈക്ക് എത്തുക.

നൊസ്റ്റാള്‍ജിയയില്‍ ഇലക്ട്രിക് കരുത്ത് നിറച്ച് എല്‍എംഎല്‍ ഒരിക്കല്‍ കൂടി എത്തുന്നു

click me!