രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുമായിട്ടാണ് എല്‍എംഎല്‍ മടങ്ങിയെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ ഇരുചക്ര വാഹനപ്രേമികളെ ഗൃഹാതുരതയിലേക്ക് വഴിനടത്തുന്ന ഒരു പേരാണ് എല്‍എംഎല്‍ അഥവാ ലോഹിയ മെഷിന്‍സ് ലിമിറ്റഡ്. രണ്ടു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു കാണ്‍പൂര്‍ ആസ്ഥാനമായുള്ള എൽ എം എല്ലിന്‍റെ ഇരുചക്രവാഹനങ്ങൾ. ഇറ്റാലിയൻ വെസ്‍പയുടെ ഇന്ത്യൻ പങ്കാളിയെന്ന നിലയിൽ 1980 — 2000 കാലഘട്ടത്തിലും പിന്നീട് സ്വതന്ത്ര കമ്പനിയെന്ന് നിലയിലും ശ്രദ്ധേയരായിരുന്ന എൽഎംഎൽ 2017-ലാണ് നിരത്തുകളോട് വിട പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് എല്‍എംഎല്‍ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുമായിട്ടാണ് എല്‍എംഎല്‍ മടങ്ങിയെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനാവശ്യമായ നിക്ഷേപം കണ്ടെത്തിയതായും കമ്പനി അവകാശപ്പെടുന്നു. എല്‍.എം.എല്‍. പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനി ഇന്ത്യന്‍ നിരത്തുകളില്‍ മടങ്ങിയെത്തുന്നത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടുള്ളത്. മറ്റൊരു കമ്പനിയുടെ നിക്ഷേപക പിന്തുണയോടെയാണ് ഈ രണ്ടാം വരവെന്നും എല്‍.എം.എല്‍. പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി രണ്ടാം വരവിന് ഒരുങ്ങുന്ന എല്‍.എം.എല്ലിന് ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകുമെന്നും കമ്പനി പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്.

ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിവരവ് സാധ്യമാകുന്നതില്‍ ഏറെ ആവേശത്തിലാണെന്നും മികച്ച സാങ്കേതികവിദ്യയിലും വലിയ കരുത്തുമുള്ള വാഹനം നിരത്തുകള്‍ക്ക് സമ്മാനിക്കുന്നതിനും വാഹന മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുന്നതിനുമുള്ള പരീക്ഷണങ്ങളാണ് കമ്പനിയെന്നും എല്‍എംഎല്‍. ഇലക്ട്രിക് മേധാവി ഡോ യോഗേഷ് ഭാട്ടിയ പറയുന്നു. നഗരങ്ങളിലെ സഞ്ചാര സാധ്യതകൾക്കു കരുത്തുപകരാൻ പര്യാപ്തമായ സാങ്കേതികവിദ്യയും പുതുമകളുമുള്ള സ്കൂട്ടർ അവതരിപ്പിക്കാനുള്ള തീവ്രശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാൽ മുതൽമുടക്കിനെക്കുറിച്ചോ ഇസ്‍കൂട്ടർ ശ്രേണിയെക്കുറിച്ചോ ഉള്ള വിശദീകരണങ്ങള്‍ എൽ എം എൽ പുറത്തുവിട്ടിട്ടില്ല. 

സ്‍കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും മോപ്പഡുകൾക്കുമൊപ്പം സ്പെയർ പാർട്‍സ്, ആക്സസറി വിൽപ്പനയിലും സജീവമായിരുന്നു 1972ൽ സ്ഥാപിതമായ എൽ എം എൽ. 1983 മുതലാണു കമ്പനി ഇറ്റാലിയൻ നിർമാതാക്കളായ പിയാജിയൊ വെസ്‍പയുടെ സാങ്കേതിക സഹകരണത്തോടെയുള്ള സ്‍കൂട്ടറുകൾ അവതരിപ്പിച്ചത്. 1999-ല്‍ പിയാജിയോയുമായുള്ള സഹകരണം എല്‍എംഎല്‍ അവസാനിപ്പിക്കുകയും സ്വതന്ത്രമായി സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും വിപണിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ വിപണിയില്‍ മത്സരം കടുത്തതോടെ 2017ല്‍ കമ്പനി പൂട്ടുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona