ഹൈവേ പൊലീസ് ഇനി 'ന്യൂജന്‍' പൊലീസ്, ചെലവ് 33 കോടി!

By Web TeamFirst Published May 17, 2019, 2:43 PM IST
Highlights

അത്യാധുനികസുരക്ഷാ സംവിധാനങ്ങളടങ്ങിയ വാഹനങ്ങള്‍ നല്‍കി സംസ്ഥാനത്തെ ഹൈവേ പോലീസിന്‍റെ മുഖം മിനുക്കുന്നു. 

തിരുവനന്തപുരം: അത്യാധുനികസുരക്ഷാ സംവിധാനങ്ങളടങ്ങിയ വാഹനങ്ങള്‍ നല്‍കി സംസ്ഥാനത്തെ ഹൈവേ പോലീസിന്‍റെ മുഖം മിനുക്കുന്നു. മൊബൈല്‍ ഡാറ്റാ ടെര്‍മിനലുകളുള്ള പട്രോളിംഗ് വാഹനങ്ങള്‍, ക്രെയിനുകള്‍, ലോറികള്‍, ആധുനിക ആംബുലന്‍സുകള്‍, മിനിബസുകള്‍, എ.ബി.എസ്. സംവിധാനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ തുടങ്ങിയവയൊക്കെ ഉടന്‍ ഹൈവേ പൊലീസിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

അമിതവേഗവും അശ്രദ്ധയും മൂലമുള്ള അപകടങ്ങളും  ദേശീയപാതകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്തുകളും മയക്കുമരുന്നുകടത്തുകളും വാഹനം തടഞ്ഞുള്ള കവര്‍ച്ച ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിക്ക് 33 കോടി രൂപയാണ് ചെലവ്  പ്രതീക്ഷിക്കുന്നത്. 

പദ്ധതിയുടെ ഒന്നാംഘട്ടമായി മൊബൈല്‍ ഡാറ്റാ ടെര്‍മിനലടക്കമുളള സൗകര്യങ്ങളോടുകൂടിയ 10 പട്രോളിങ് വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനാപകടങ്ങളും മറ്റുമുണ്ടായ സ്ഥലം മൊബൈല്‍ ഡാറ്റാ ടെര്‍മിനലിന്റെ സഹായത്തോടെ കൃത്യമായി തിരിച്ചറിഞ്ഞ് അതിവേഗം രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ കഴിയുമെന്നതാണ് ഈ പട്രോളിംഗ് വാഹനങ്ങളുടെ പ്രത്യേകത. സ്‌ട്രെച്ചര്‍, ലൈറ്റ് ബാറുകള്‍, റിഫ്‌ളക്ടീവ് സിഗ്‌നലുകള്‍, സ്പീഡ് റഡാറുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഈ വാഹനങ്ങളിലുണ്ടാവും.

അപകട സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങള്‍ സുരക്ഷിതമായി മാറ്റാന്‍ സഹായിക്കാനാണ് അത്യാധുനിക സൗകര്യങ്ങളുള്ള  ക്രെയിനുകള്‍ എത്തുന്നത്. ഒപ്പം ലോറികളും ഇതിന് സഹായിക്കും. റോഡുകളില്‍ കുടുങ്ങുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ മിനിബസുകളും ആധുനിക ആംബുലന്‍സുകളും സഹായിക്കും. എ.ബി.എസ്. സംവിധാനമുള്ള മോട്ടോര്‍ സൈക്കിളുകള്‍ ഹൈവേ നിരീക്ഷണത്തിനും മറ്റും സഹായിക്കും.  തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളിലെ ദേശീയപാതകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനാവും മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!