തമ്മിലടിയില്‍ ചോരുന്ന 'ഫിറ്റ്നസ്'; സര്‍ക്കാരിന് തലവേദനയായി മോട്ടോര്‍വാഹനവകുപ്പ്

Prashobh Prasannan   | Asianet News
Published : Oct 23, 2020, 01:48 PM IST
തമ്മിലടിയില്‍ ചോരുന്ന 'ഫിറ്റ്നസ്'; സര്‍ക്കാരിന് തലവേദനയായി മോട്ടോര്‍വാഹനവകുപ്പ്

Synopsis

വകുപ്പിലെ എക്സിക്യൂട്ടീവ് അഥവാ സാങ്കേതിക വിഭാഗം ജീവനക്കാരും മിനിസ്റ്റീരിയല്‍ അഥവാ  ക്ലറിക്കല്‍ ജീവനക്കാരും തമ്മിലുള്ള പ്രശ്‍നത്തില്‍ സര്‍ക്കാരിന്‍റെ നിലപാടിനെതിരെ എന്‍ജിഒ യൂണിയനും രംഗത്ത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു തലവേദനയായി മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാര്‍ തമ്മില്‍ പ്രമോഷനെ ചൊല്ലിയുള്ള തമ്മിലടി. വകുപ്പിലെ എക്സിക്യൂട്ടീവ് അഥവാ സാങ്കേതിക വിഭാഗം ജീവനക്കാരും മിനിസ്റ്റീരിയല്‍ അഥവാ  ക്ലറിക്കല്‍ ജീവനക്കാരും തമ്മിലുള്ള പ്രശ്‍നത്തില്‍ സര്‍ക്കാരിന്‍റെ നിലപാടിനെതിരെ എന്‍ജിഒ യൂണിയന്‍കൂടി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരുടെ തസ്‍തികകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ജിഒ യൂണിയന്‍റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം നടക്കുകയാണ്. 

ജോയിന്റ് ആർടിഒ തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റത്തെച്ചൊല്ലി ഇരുവിഭാഗം ജീവനക്കാരും തമ്മില്‍ വര്‍ഷങ്ങളായി നടക്കുന്ന ശീതസമരം അടുത്തിടെയാണ് രൂക്ഷമായത്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടന്ന ചേരിപ്പോരുകളും പോര്‍വിളികളും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.  ജൂനിയർ ക്ലാർക്കുമാർ എംവിഐമാരെ, സാറെ എന്നാണ് വിളിക്കുന്നതെന്നും എന്നാൽ വർഷങ്ങൾക്കു ശേഷം സാങ്കേതിക യോഗ്യതയില്ലാത്ത ജൂനിയർ ക്ലാർക്ക് ജോയിന്റ് ആർടിഒയുടെ കസേരയില്‍ എത്തുമ്പോള്‍ തിരിച്ച് അവരെ സാറേ എന്നു വിളിക്കേണ്ട ഗതികേടിലാണ് തങ്ങളെന്നുമായിരുന്നു എംവിഐമാരുടെ ആക്ഷേപം. സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സാങ്കേതിക വിഭാഗം ജീവനക്കാര്‍  സമരവും നടത്തി. എന്നാല്‍ നിയമപരമായി നേടിയെടുത്ത ആനുകൂല്യമാണിതെന്നും ബാലിശമായ കാര്യങ്ങള്‍ ഉന്നയിച്ച് അപഹസിക്കുന്നതില്‍ മനോവേദനയുണ്ടെന്നുമായിരുന്നു ക്ലറിക്കല്‍ ജീവനക്കാരുടെ പരാതി. 

"നിങ്ങള്‍ പോളിടെക്കിനിക്കില്‍ പഠിച്ചിട്ടുണ്ടോ?" മോട്ടോര്‍വാഹന വകുപ്പില്‍ തമ്മിലടി!

തുടര്‍ന്ന് പ്രശ്‍നം പരിഹരിക്കാന്‍ സ്പെഷ്യൽ റൂൾ ഭേദഗതിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കമാണ് പുതിയ പ്രശ്‍നങ്ങള്‍ക്ക് തുടക്കമിട്ടത്. സ്പെഷ്യൽ റൂളിൽ നടത്താൻ പോവുന്ന ഭേദഗതിയുടെ കരടുരൂപം അനുസരിച്ച്  അഡ്‍മിനിസ്‌ട്രേറ്റീവ് ജോയിന്റ് ആർടിഒ എന്ന പുതിയ തസ്‍തികയാണ് സര്‍ക്കാര്‍ മുന്നോട്ടു വയ്‍ക്കുന്ന പ്രധാന നിർദേശം. ഈ തസ്‍തിക മിനിസ്റ്റീരിയൽ വിഭാഗത്തിൽപെട്ടവർക്കു മാത്രമായിരിക്കണമെന്നാണ് ശുപാർശ.  മാത്രമല്ല ഇനിമുതല്‍ 21 ജോയിന്റ് ആർടിഒമാരുടെ തസ്തികകളാണുണ്ടാവുക. 17 ആർടിഓഫീസുകളിൽ ഓരോന്നുവീതവും മൂന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫീസുകളിൽ ഓരോന്നുവീതവും ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫീസിൽ ഒന്നും തസ്‍തികകളാണ് നിർദേശിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇങ്ങനെ വരുമ്പോൾ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാർക്ക് നിലവിൽ കിട്ടിക്കൊണ്ടിരുന്ന സ്ഥാനക്കയറ്റ തസ്‍തികകളിൽ എട്ടെണ്ണത്തിന്റെ കുറവ്‌ വരും. എംവിഐമാർക്ക് എട്ടെണ്ണം കൂടുതലും ലഭിക്കും. ഇപ്പോൾ സംസ്ഥാനത്ത് 80 ജോയിന്റ് ആർടിഒ തസ്‍തികകളാണുള്ളത്. ഇതിൽ 60 എണ്ണം എംവിഐമാരില്‍ നിന്നും സ്ഥാനക്കയറ്റം കിട്ടുന്നവരാണ്. 29 എണ്ണം ക്ലറിക്കല്‍ വിഭാഗത്തിലെ സീനിയർ സൂപ്രണ്ടിന്റെ സ്ഥാനക്കയറ്റം വഴി എത്തിയവരും. 

പ്രമോഷന്‍ മാനദണ്ഡത്തിനെതിരെ പണിമുടക്കി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍

കരടില്‍ അഭിപ്രായം അറിയാൻ ജീവനക്കാരുടെ സംഘടനകളുടെ യോഗം വീഡിയോ കോൺഫറൻസിലൂടെ നവംബർ നാലിന് ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തില്‍ ഇപ്പോള്‍ത്തന്നെ എന്‍ജിഒ യൂണിയനും മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരും എതിര്‍പ്പുമായി എത്തിക്കഴിഞ്ഞു.  നിലവില്‍ 1981ലെ പരിഷ്‍കരിച്ച കേരള ട്രാന്‍സ്‍പോര്‍ട്ട് സര്‍വ്വീസ് സ്‍പെഷ്യല്‍ റൂള്‍ അനുസരിച്ച് എംവിഐമാർക്കും സീനിയർ സൂപ്രണ്ടുമാർക്കും 2:1 എന്ന അനുപാതത്തിലാണ് ജോയിന്റ് ആർടിഒ ആയി പ്രമോഷൻ. അതായത് രണ്ട് എംവിഐമാര്‍ ജോയിന്‍റ് ആര്‍ടിഒ ആകുമ്പോള്‍ ഒരു സീനിയര്‍ ക്ലര്‍ക്കിന് മാത്രമാണ് ഈ സ്ഥാനം ലഭിക്കുക.  എന്നാൽ സ്‍പഷ്യല്‍ റൂള്‍ ഭേദഗതി വരുന്നതോടെ ഇനി ആ പതിവ് ഉണ്ടായിരിക്കില്ലെന്നാണ് സൂചന. മിനിസ്റ്റീരിയല്‍ വിഭാഗക്കാർക്കു മാത്രമായി അഡ്‍മിനിസ്‌ട്രേറ്റീവ് ജോയിന്റ് ആർടിഒ എന്ന തസ്‍തിക ഉണ്ടാക്കുമ്പോൾ സ്ഥാനക്കയറ്റസാധ്യത ചുരുങ്ങുമെന്നും മാത്രമല്ല ഈ തസ്‍തികയുടെ അടുത്ത പ്രൊമോഷൻ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ പറയുന്നു. അതുകൊണ്ടു തന്നെ രൂക്ഷമായ എതിര്‍പ്പാണ് ഈ ജീവനക്കാര്‍ ഉയര്‍ത്തുന്നത്. 

സ്‍പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യാനും മോട്ടോർ വാഹനവകുപ്പിലെ തസ്‍തികകൾ നിശ്ചയിക്കാനും കേന്ദ്ര മോട്ടോർ വാഹനനിയമപ്രകാരം സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് ക്ലറിക്കല്‍ ജീവനക്കാരുടെ വാദം. ഈ റൂള്‍ നിരവധി തവണ സുപ്രീം കോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ എത്തിയപ്പോഴൊക്കെയും വിധി തങ്ങള്‍ക്ക് അനുകൂലമായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. റോഡപകടങ്ങള്‍ കുറയ്‍ക്കുക ഉള്‍പ്പെടെയുള്ള ഫീല്‍ഡിലെ ജോലി ചെയ്യാന്‍ മടിക്കുന്ന സാങ്കേതിക വിഭാഗം ജീവനക്കാര്‍ തങ്ങളെ പുകച്ച് പുറത്തുചാടിച്ച് ഓഫീസ് ജോലികള്‍ കയ്യടക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ പറയുന്നത്. ഈ നീക്കത്തില്‍ എംവിഐമാരുടെ സംഘടനയ്ക്ക് കുടപിടിക്കുന്ന സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.

"പത്താം ക്ലാസ് മാത്രമല്ല സാര്‍, പരിഹസിക്കരുത്, വിഷമമുണ്ട്.." ഈ ജീവനക്കാര്‍ പറയുന്നു

എന്നാല്‍ സ്‍പഷ്യല്‍ റൂള്‍ ഭേദഗതി ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് അനുകൂലമാണെന്നാണ് സാങ്കേതികവിഭാഗം ജീവനക്കാര്‍ പറയുന്നത്. അഡ്‍മിനിസ്‌ട്രേറ്റീവ് ജോയിന്റ് ആർടിഒ എന്ന പുതിയ തസ്‍തിക അതിനു വേണ്ടി സൃഷ്‍ടിച്ചതാണെന്നും എംവിഐ മാരും എഎംവിഐമാരും വാദിക്കുന്നു. വിഷയത്തില്‍ എന്‍ജിഒ യൂണിയന്‍ ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചതിലും സാങ്കേതികവിഭാഗം ജീവനക്കാര്‍ക്കിടയില്‍ അതൃപ്‍തിയുണ്ട്.

മാത്രമല്ല വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതിയില്‍ സര്‍ക്കാരിനകത്തു തന്നെ എതിര്‍പ്പുണ്ടെന്നാണ് വിവരം. എന്തായാലും തെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ തമ്മിലുള്ള ഈ ഭിന്നതയും സംഘടനകളുടെ നിലപാടുകളും മോട്ടോര്‍വാഹന വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെ മാത്രമല്ല സംസ്ഥാന സര്‍ക്കാരിനെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പ്.

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ