Asianet News MalayalamAsianet News Malayalam

പ്രമോഷന്‍ മാനദണ്ഡത്തിനെതിരെ പണിമുടക്കി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍

വകുപ്പിലെ പ്രൊമോഷന്‍ മാനദണ്ഡം പുന:പരിശോധിക്കണമെന്നും അന്യായമായ പ്രമോഷനുകള്‍
അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തി മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍

Keral Mvd Officials Strike Against Promotion Rules
Author
Trivandrum, First Published Sep 16, 2020, 3:56 PM IST

തിരുവനന്തപുരം: വകുപ്പിലെ പ്രൊമോഷന്‍ മാനദണ്ഡം പുന:പരിശോധിക്കണമെന്നും അന്യായമായ പ്രമോഷനുകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സൂചനാ പണിമുടക്ക് തുടങ്ങി. കേരള മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സംഘടനകളായ കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

രാവിലെ 11 മണിക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധര്‍ണകള്‍ നടന്നു. കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരേയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരേയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും അവര്‍ കറുത്ത ബാഡ്ജ് ധരിച്ചാകും ഡ്യൂട്ടിക്ക് ഹാജരാകുന്നത്. 

കഴിഞ്ഞ 9 ന് പ്രതിഷേധ ദിനം ആചരിച്ചെങ്കിലുംസര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചും പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചപോലും നടത്താതിരിക്കുന്ന സാഹചര്യത്തിലുമാണ് പ്രതിഷേധത്തിലേക്ക് കടന്നതെന്നാണ് സംഘടനാ ഭാരവാഹികള്‍ പറയുന്നത്.  ഗതാഗത വകുപ്പില്‍ പത്താം ക്ലാസ് മാത്രം അടിസ്ഥാന യോഗ്യത യോഗ്യത  ആവശ്യമുള്ള ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് ടെക്‌നിക്കല്‍/എക്‌സിക്യുട്ടീവ് സ്വഭാവം മാത്രം ഉള്ള ജോയിന്റ് ആര്‍ ടി ഒ മാരായി പ്രൊമോഷനാവാമെന്ന വ്യവസ്ഥക്കെതിരെയാണ് പ്രതിഷേധമെന്നും യാതൊരു വിധ ശാരീരിക യോഗ്യതകളും ട്രെയിനിംഗും ഇല്ലാതെ ഡിവൈ.എസ്.പി റാങ്കില്‍ യൂണിഫോമും നക്ഷത്രവും ധരിച്ച് പ്രവര്‍ത്തിക്കാന്‍ നല്‍കുന്ന പ്രമോഷനെയാണ് എതിര്‍ക്കുന്നതെന്നും സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

ഡ്രൈവിംഗ് ലൈസന്‍സ് പോലും ഇല്ലാതെ ഇവര്‍ക്കും ആര്‍ടിഓ, ഡിടിസി, സീനിയര്‍ ഡിടിസി, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നീ പോസ്റ്റ് വരെ എസ്എസ്എല്‍സി യോഗ്യതയില്‍ നിന്നും  സ്ഥാനക്കയറ്റം ലഭിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പണിമുടക്കില്‍ പങ്കെടുക്കുന്ന സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സമരക്കാർ ഉന്നയിക്കുന്ന മറ്റു വിഷയങ്ങൾ

  • രണ്ടു പേരിൽ കൂടുതൽ മരണപ്പെട്ട അപകടങ്ങളുടെ പരിശോധനക്കും ടെക്നിക്കൽ ജോയിന്റ് ആർടിഒമാരുടെ സേവനം ആവശ്യമായി വരുന്നു.
  • 20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്താൻ ടെക്നക്കൽ ജോ.ആർടിഒ ഉള്ള ഓഫിസിലേക്ക് വാഹനം ഹാജരാക്കേണ്ടി വരുന്നു.
  • ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ടെക്നിക്കൽ ജോയിന്റ് ആർടിഒ ഉള്ള ഓഫീസിൽ പോകാൻ നിർബന്ധിതരാകുന്നു.
  • റോഡ് സുരക്ഷ കൗൺസിൽ, ആർടിഎ ബോർഡ്, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തുടങ്ങി സുപ്രധാന യോഗങ്ങളിൽ സാങ്കേതിക കാര്യങ്ങളിൽ ആധികാരികമായി മറുപടി നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. റോഡ് സുരക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും പാളിച്ചകൾ വരുന്നു.
  • കീഴുദ്യോഗസ്ഥർക്ക് വാഹന പരിശോധനയിൽ സംഭവിക്കാവുന്ന തകരാറുകൾ ചൂണ്ടിക്കാണിക്കാനും, സൂപ്പർ ചെക്ക് നടത്താനും അപ്പീലിൽ തീരുമാനമെടുക്കാനും കഴിയാതാകുന്നു.
  • കീഴുദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ മുതലായവർ നൽകിയ ചാർജ് മെമോയിൽ ലൈസൻസ് സസ്പെന്‍ഡ് ചെയ്യേണ്ടി വരുമ്പോൾ ഡ്രൈവിങ്ങിലുള്ള പോരായ്മയാണോ, അശ്രദ്ധയാണോ കാരണമെന്ന് വ്യക്തമായി വിശദീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നു.
  • മിനിസ്റ്റീരിയൽ ജോയിനറ് ആർടിഒ മാർ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന രേഖകൾ ഉണ്ട് എന്ന് ഉറപ്പ് വരുത്താതെ താൽക്കാലിക റജിസ്ട്രേഷൻ അനുവദിക്കുകയും എഎംവിഐ വാഹന റജിസ്ട്രേഷൻ സമയത്ത് പരിശോധിക്കുമ്പോൾ അത് മനസിലാക്കി റദ്ദാക്കേണ്ടി വരികയും ചെയ്യുന്നു.
  • അപകടകരമായ പാലങ്ങൾ, റോഡുകൾ, മറ്റു വളവുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സാങ്കേതിക പരിശോധന നടത്തേണ്ട കമ്മറ്റികളിൽ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു
Follow Us:
Download App:
  • android
  • ios