തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കെതിരെ പ്രതിഷേധവുമായി ക്ലറിക്കല്‍ വിഭാഗം ജീവനക്കാര്‍. വകുപ്പിലെ ജീവനക്കാര്‍ തമ്മിലുള്ള പോര് രൂക്ഷമാകുന്നതായി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. ഇതിനു പിന്നാലെ തങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ ക്ലറിക്കല്‍ വിഭാഗം ജീവനക്കാര്‍ രംഗത്തെത്തി.

വെറും പത്താം ക്ലാസുകാര്‍ ജോയിന്‍റ് ആര്‍ടിഒമാരാകുന്നു എന്ന രീതിയിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഇതു തങ്ങളെ അധിക്ഷേപിക്കുന്നതാണെന്നും മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ പറയുന്നു. ബിടെക്കും കെഇഎസും ലഭിച്ചവര്‍ പോലും ക്ലറിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നും ബാലിശമായ കാര്യങ്ങള്‍ ഉന്നയിച്ച് അപഹസിക്കുന്നതില്‍ മനോവേദനയുണ്ടെന്നും തിരുവനന്തപുരം ആര്‍ടി ഓഫീസിലെ ജീവനക്കാരില്‍ ചിലര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ഒരാള്‍ ക്ലര്‍ക്കായി സര്‍വ്വീസില്‍ കയറിയാല്‍ ജോയിന്റ് ആര്‍ടിഒ ആകാന്‍ ചുരുങ്ങിയത് 32 വര്‍ഷമെങ്കിലുമെടുക്കും.  സംസ്ഥാനത്തെ 86 ജോയിന്റ് ആര്‍ടിഒമാരില്‍ വെറും 28 പേര്‍ മാത്രമാണ് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ നിന്നുള്ളത്. അതുപോലെ 32 ആര്‍ടിഒമാരില്‍ വെറും നാലു പേരും. അതുനിയമപരമായി തന്നെ നേടിയതാണ്. ഈ സ്ഥാനങ്ങളിലൊക്കെ എത്തിയാല്‍ തന്നെ കൂടിവന്നാല്‍ ഒന്നര വര്‍ഷം മാത്രമായിരിക്കും സര്‍വ്വീസ് ലഭിക്കുക. ഇതുകൂടാതെ ജോയിന്‍റ്  ട്രാന്‍സ്‍പോര്‍ട് കമ്മീഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്‍പോര്‍ട് കമ്മീഷണര്‍, അസിസ്റ്റ ട്രാന്‍സ്‍പോര്‍ട് കമ്മീഷണര്‍ തുടങ്ങിയ തസ്‍തികകളിലേക്കൊന്നും തങ്ങള്‍ എത്താറില്ലെന്നും പുതിയ വിവാദങ്ങള്‍ക്കു പിന്നില്‍ മറ്റുചില ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടെന്നുമാണ് ക്ലറിക്കല്‍ വിഭാഗം ജീവനക്കാരുടെ ആരോപണം. 

"ജൂനിയർ ക്ലാർക്കുമാർ എംവിഐമാരെ, സാറെ എന്നാണ് വിളിക്കുന്നതെന്നും എന്നാൽ വർഷങ്ങൾക്കു ശേഷം ജൂനിയർ ക്ലാർക്ക് ജോയിന്റ് ആർടിഒയുടെ കസേരയില്‍ എത്തുമ്പോള്‍ തങ്ങള്‍ അവരെ സാറേ എന്നു വിളിക്കേണ്ട ഗതികേടിലാണെന്നുമൊക്കെയാണ് എംവിഐമാര്‍ പറയുന്നത്. എന്തൊരു ബാലിശമായ ആരോപണങ്ങളാണ് ഇതൊക്കെ? ആ കസേരയോടുള്ള ബഹുമാനമല്ലേ സാറേ എന്നവിളിയില്‍..?" തലസ്ഥാനത്തെ ആര്‍ടി ഓഫീസില്‍ ജോലിചെയ്യുന്ന ഒരു വനിതാ ക്ലറിക്കല്‍ സ്റ്റാഫ് ചോദിക്കുന്നു.

അതേസമയം ഗസറ്റഡ് ഓഫീസേഴ്‍സ് അസോസിയേഷനും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സംഘടനയും ഇന്ന് നടത്തുന്ന പണിമുടക്കിനെതിരെ കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ രംഗത്തെത്തി.  മിനിസ്റ്റീരിയല്‍ വിഭാഗത്തിന് കിട്ടുന്ന 28 ജോയിന്റ് ആർ ടി ഓ തസ്‍തിക കൂടി സാങ്കേതിക വിഭാഗത്തിന് വേണം എന്നാണ്  സമര കാരണമായി വെറുതെ പറയുന്നതാണെന്ന് ക്ലറിക്കല്‍ ജീവനക്കാരുടെ സംഘടന ആരോപിച്ചു. ഈ കാരണമാണ് പുറമേ പറയുന്നതെങ്കിലും  പുതിയ മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വരുമ്പോൾ നഷ്ടപ്പെടുന്ന ചെക്ക് പോസ്റ്റുകളും ഡ്രൈവിംഗ് ടെസ്റ്റ് ഉൾപ്പെടെ ഉള്ള ടെസ്റ്റുകളും ആണ് അവരെ ആശങ്കാകുലരാക്കുന്നതെന്നും സംഘടന ആരോപിച്ചു. 

1988ലെ മോട്ടോർ വാഹന നിയമം വന്ന കാലത്ത് ജോയിന്റ് ആർടിഓമാർക്ക് എഎംവിഐയുടെ മിനിമം യോഗ്യത നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് എഎംവിഐ അസോസിയേഷൻ കേസിന് പോയിരുന്നു. ആ കേസിൽ സംസ്ഥാന സർക്കാരിന് ജോയിന്റ് ആർ ടി ഓ തസ്‍തികയ്ക്ക് യോഗ്യത നിശ്ചയിക്കാൻ അധികാരമില്ല എന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ എഎംവിഐ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പ്രാഥമിക വാദം കേട്ട കോടതി ഇവരുടെ ഹർജി ഫയലിൽ സ്വീകരിക്കാതെ തള്ളുകയാണ് ഉണ്ടായതെന്നും ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസ്‍താവനയില്‍ പറഞ്ഞു. 

നിയമ വിധേയമായി പരാതിക്ക് ഇടനല്‍കാതെ വകുപ്പിലെ പ്രൊമോഷനുകളും സ്ഥലം മാറ്റങ്ങളും നടത്തിയതാണ് ഇപ്പോള്‍ ഇവർ സർക്കാരിനും ട്രാൻസ്പോർട് കമ്മീഷണർക്കും എതിരെ തിരിയാൻ കാരണം.  നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കോടതി വിധികളും അംഗീകരിക്കാതെ ഈ മഹാമാരി കാലത്ത് നടത്തുന്ന ഈ സമരം തികച്ചും അപലപനീയം ആണെന്നും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍ ആരോപിച്ചു.