
റീസൈക്കിൾ വിത്ത് റെസ്‌പെക്റ്റ് എന്ന പേരിൽ രണ്ട് പുതിയ രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആർവിഎസ്എഫ്) ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്. ഉത്തർപ്രദേശിലെ ലഖ്‌നൗവിലും ഛത്തീസ്ഗഡിലെ റായിപൂരിലും ഉള്ള ഈ കേന്ദ്രങ്ങൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി ഉദ്ഘാടനം ചെയ്തു. ഈ കേന്ദ്രങ്ങളിൽ പാസഞ്ചർ വാഹനങ്ങൾ മുതൽ വാണിജ്യ വാഹനങ്ങൾ വരെയുള്ള എല്ലാ ബ്രാൻഡുകളുടെയും വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാൻ കഴിയും.
ദേശീയ വാഹന സ്ക്രാപ്പേജ് നയത്തിന് കീഴിലുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ആധുനിക സ്ക്രാപ്പ് സെന്ററുകളെന്ന് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്‍തുകൊണ്ട് നിതിൻ ഗഡ്കരി പറഞ്ഞു. കാർ സ്ക്രാപ്പ് ചെയ്തുകൊണ്ട് പുതിയ കാർ വാങ്ങുമ്പോൾ ആളുകൾക്ക് പ്രോത്സാഹന ഓഫറുകൾ ലഭിക്കും. ഇതിനുശേഷം, ആളുകൾക്ക് അവരുടെ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്ക് പകരം പുതിയതും കൂടുതൽ ഇന്ധനക്ഷമതയുള്ളതുമായ വാഹനങ്ങൾ വാങ്ങാൻ കഴിയും. പഴയ വാഹനങ്ങൾ സുരക്ഷിതമായ രീതിയിൽ പൊളിച്ചുമാറ്റാൻ ഈ സൗകര്യങ്ങൾ സഹായിക്കും. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ടാറ്റ മോട്ടോഴ്‌സിന്റെ സമർപ്പണത്തിനും രാജ്യത്തുടനീളം ഇത്തരം സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും അവരെ അഭിനന്ദിക്കുന്നുവെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഇത്തരം സംരംഭങ്ങൾ രാജ്യത്ത് ശക്തവും ഫലപ്രദവുമായ ഒരു വാഹന സ്‌ക്രാപ്പിംഗ് സംവിധാനം സൃഷ്ടിക്കും എന്നും അതുവഴി ആളുകൾക്ക് അവരുടെ പഴയ വാഹനങ്ങൾ എളുപ്പത്തിൽ സ്‌ക്രാപ്പ് ചെയ്യാൻ കഴിയും എന്നും അദ്ദേഹം വ്യക്തമാക്കി.
സുസ്ഥിരത എന്നത് ടാറ്റ മോട്ടോഴ്‌സിന് വെറുമൊരു വാഗ്ദാനമല്ല, മറിച്ച് മൊബിലിറ്റിയുടെ ഭാവിയെക്കുറിച്ചുള്ള ചിന്തയുടെ ഒരു പ്രധാന ഭാഗമാണ് എന്ന് ടാറ്റ മോട്ടോഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ പങ്കാളിയായ റായ്പൂർ ഗ്രീൻ എനർജിയാണ് റായ്പൂർ കേന്ദ്രം നടത്തുന്നത്. പ്രതിവർഷം ഏകദേശം 25,000 വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാൻ ഈ സ്‍ക്രാപ്പിംഗ് കേന്ദ്രത്തിന് ശേഷിയുണ്ടാകും. ലഖ്‌നൗ കേന്ദ്രം മോട്ടോ സ്‌ക്രാപ്പ്‌ലാൻഡ് ആണ് നടത്തുന്നത്. അവിടെ പ്രതിവർഷം 15,000 വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാൻ കഴിയും.
ഈ പുതിയ സ്‍ക്രാപ്പിംഗ് സെന്‍ററുകൾ കൂടി തുറന്നതോടെ ടാറ്റാ മോട്ടോഴ്‍സിന്‍റെ വാഹന സ്ക്രാപ്പിംഗ് കേന്ദ്രങ്ങളുടെ എണ്ണം 10 ആയി ഉയന്നു. നിലവിൽ ടാറ്റ മോട്ടോഴ്‌സിന് ജയ്പൂർ, ഭുവനേശ്വർ, സൂററ്റ്, ചണ്ഡീഗഡ്, ഡൽഹി എൻസിആർ, പൂനെ, ഗുവാഹത്തി, റായ്പൂർ, ലഖ്‌നൗ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്‍ക്രാപ്പിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രങ്ങളും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തിരിക്കുന്നു.
വാണിജ്യ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക കേന്ദ്രങ്ങൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. വാഹനങ്ങളുടെ ടയറുകൾ, ബാറ്ററികൾ, ഇന്ധനം, എണ്ണകൾ, ഓയിലുകൾ, ഗ്യാസുകൾ തുടങ്ങിയവ ഉൾപ്പെടെ വിവിധ വാഹന ഘടകങ്ങൾ സുരക്ഷിതമായി വേർതിരിച്ചെടുത്ത് നീക്കം ചെയ്യുന്നതിനായി ഇവിടങ്ങളിൽ പ്രത്യേക സ്റ്റേഷനുകൾ ഉണ്ട്.