വണ്ടിക്ക് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് പൃഥ്വിരാജ്, കാരണം കേട്ടാല്‍ കയ്യടിക്കും!

By Web TeamFirst Published Aug 16, 2019, 5:02 PM IST
Highlights

പുതുതായി വാങ്ങിയ മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനുള്ള ലേലത്തില്‍ നിന്നും പിന്മാറി പൃഥ്വിരാജ്

കൊച്ചി: പുതുതായി വാങ്ങിയ മൂന്ന് കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനുള്ള ലേലത്തില്‍ നിന്നും പിന്മാറി നടനും സംവിധായകനുമായ പൃഥ്വിരാജ്. പ്രളയ ദുരിതാശ്വാസത്തിന് പണം നല്‍കുന്നതിനാണ് ലേലത്തില്‍ നിന്നുള്ള പിന്മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളം ആര്‍ടിഒ ഓഫീസിലാണ്  KL 07 CS 7777 എന്ന നമ്പറാനായുള്ള ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.  എന്നാല്‍, നമ്പര്‍ റിസര്‍വേഷന്‍ റദ്ദാക്കുകയാണെന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം ആര്‍ടിഒ അധികൃതരെ അറയിക്കുകയായിരുന്നു. ഈ തുക തുക പ്രളയദുരിതാശ്വാസത്തിന് നല്‍കുന്നതിനാണ് പിന്‍മാറ്റമെന്ന് താരം പറഞ്ഞതായും ആര്‍ടിഒ അധികൃതര്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനി ഹുറാകാന്‍ പൃഥ്വിരാജ്  സ്വന്തമാക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഏകദേശം മൂന്നരക്കോടി രൂപയോളം മുടക്കി വാങ്ങിയ വാഹനത്തിന് ഏഴ് ലക്ഷം രൂപയോളം മുടക്കി കെഎൽ–7–സിഎൻ–1 എന്ന നമ്പര്‍ സ്വന്തമാക്കിയതും 43.16 ലക്ഷം രൂപ നികുതി ഇനത്തിൽ നൽകിയതുമൊക്കെ അന്ന് ചര്‍ച്ചയായിരുന്നു. 

ദുരതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുമ്പും സജീവമാണ് താരം. കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ഒമ്പതു ലക്ഷം രൂപയുടെ അവശ്യവസ്‍തുക്കള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് നല്‍കിയിരുന്നു.

ഇപ്പോള്‍ കൊച്ചിയിലെ സന്നദ്ധ സംഘടനയായ അന്‍പോട് കൊച്ചിക്കു വേണ്ടി ഒരു ലോഡ് നിറയെ അവശ്യസാധനങ്ങള്‍ എത്തിക്കുകയാണ് പൃഥ്വിരാജ്. അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയായ ഇന്ദ്രജിത്താണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

അന്‍പോട് കൊച്ചി അയയ്ക്കുന്ന, അവശ്യസാധനങ്ങളുടെ 26-ാമത്തെ ലോഡാണ് ഇതെന്നും വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചാത്തിലേക്കാണ് വാഹനം പോവുകയെന്നും ഇന്ദ്രജിത്ത് അറിയിച്ചു. പൃഥ്വിരാജിന് നന്ദിയും അറിയിച്ചിട്ടുണ്ട് സഹോദരന്‍ കൂടിയായ ഇന്ദ്രജിത്ത്.
 

click me!