
കാറുകൾക്ക് പേരുകേട്ട ചെക്ക് വാഹന ബ്രാൻഡാണ് സ്കോഡ. എന്നാൽ കമ്പനി ഇപ്പോഴിതാ അവരുടെ മഹത്തായ ചരിത്രം പുതുക്കിയിരിക്കുന്നു. സ്ലാവിയ ബി ഇലക്ട്രിക് കഫേ റേസർ കൺസെപ്റ്റ് ബൈക്ക് പുറത്തിറക്കിയാണ് കമ്പനി ഫാൻസിനെയും വാഹനലോകത്തെയും അമ്പരപ്പിച്ചത്. ഇത് അതുല്യമായി തോന്നിപ്പിക്കുക മാത്രമല്ല, സ്കോഡയുടെ 125 വർഷം പഴക്കമുള്ള ചരിത്രത്തെ ജീവസുറ്റതാക്കി മാറ്റുകയും ചെയ്യുന്നു.
എന്നാൽ കാർ നിർമ്മാണത്തിന് മുമ്പ് മോട്ടോർസൈക്കിൾ നിർമ്മിച്ച ചരിത്രവും സ്‍കോഡയ്ക്ക് ഉണ്ട്. സ്കോഡയുടെ ചരിത്രം പരിശോധിച്ചാൽ, ആ കമ്പനി ഒരിക്കൽ പെട്രോളിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളുകൾ നിർമ്മിച്ചിരുന്നുവെന്ന് അറിയുന്നത് അതിശയകരമാണ് . ചെക്ക് കാർ നിർമ്മാതാക്കളുടെ മോട്ടോർസ്പോർട്ട് പാരമ്പര്യം ലോറിൻ ആൻഡ് ക്ലെമെന്റ് സ്ലാവിയ ബി മോട്ടോർബൈക്കും വർക്ക്സ് റൈഡറുമായ നാർസിസ് പോഡ്സെഡ്നിസെക്കിലൂടെയാണ് ആരംഭിച്ചത് എന്നതാണ് ശ്രദ്ധേയം. ആദ്യകാലത്ത് ലോറിൻ & ക്ലെമെന്റ് സ്ലാവിയ ബി എന്ന പേരിൽ 240 സിസി പെട്രോൾ ബൈക്ക് പുറത്തിറക്കി. റേസിംഗ് പ്രകടനത്തിനും വിശ്വസനീയമായ എഞ്ചിനും യൂറോപ്പിൽ ഇത് പ്രശസ്തമായിരുന്നു. പിന്നീട് ഈ ബ്രാൻഡ് സ്കോഡയുമായി ലയിക്കുകയും കമ്പനി കാർ നിർമ്മാണത്തിലേക്ക് തിരിയുകയും ചെയ്തു.
1899-ൽ കമ്പനി ലോറിൻ & ക്ലെമെന്റ് സ്ലാവിയ ബി നിർമ്മിക്കാൻ തുടങ്ങി. ടൈപ്പ് ബിയിൽ എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ എഞ്ചിൻ ഉണ്ടായിരുന്നു. അത് 240 സിസി ഡിസ്‌പ്ലേസ്‌മെന്റിൽ നിന്ന് 1.75 എച്ച്പി പവർ ഔട്ട്‌പുട്ട് ഉത്പാദിപ്പിച്ചു. മണിക്കൂറിൽ 40 കിലോമീറ്ററായിരുന്നു പരമാവധി വേഗത. 1901-ൽ മ്ലാഡ ബോലെസ്ലാവ് ആസ്ഥാനമായുള്ള കമ്പനി ഒരു അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്ത ആദ്യത്തെ മോട്ടോർബൈക്കായിരുന്നു ഇത്. പാരീസിൽ നിന്ന് ബെർലിനിലേക്കുള്ള ദീർഘദൂര ഓട്ടം അക്കാലത്തെ ഏറ്റവും കഠിനമായ വെല്ലുവിളിയായി കണക്കാക്കപ്പെട്ടു. ഫാക്ടറി റൈഡർ നാർസിസ് പോഡ്‌സെഡ്നിചെക് തന്റെ ആദ്യ ശ്രമത്തിൽ തന്നെ ചരിത്രം സൃഷ്‍ടിച്ചു. ഫിനിഷിംഗ് ലൈനിലെത്തിയ തന്റെ ക്ലാസിലെ ഏക പങ്കാളിയായിരുന്നു അദ്ദേഹം. പക്ഷേ ഒരിക്കലും വിജയിയായി പ്രഖ്യാപിക്കപ്പെട്ടില്ല. 1899 മുതൽ 1904 വരെ ആകെ 540 യൂണിറ്റുകളാണ് നിർമ്മിച്ചത്.
പുതിയ സ്ലാവിയ ബി അതേ ചരിത്ര ബൈക്കിനുള്ള ഒരു ഇലക്ട്രിക് സ്‍മരണാഞ്ജലിയാണ്. എന്നാൽ വൈദ്യുതോർജ്ജത്തിന്‍റെയും ആധുനിക രൂപകൽപ്പനയുടെയും ഒരു മാറ്റത്തോടെയാണ് ഈ ബൈക്ക് എത്തുക. ഈ ബൈക്കിന്‍റെ സീറ്റ്, ഹാൻഡിൽ ഗ്രിപ്പുകൾ, ഫുട്‌റെസ്റ്റ്, ടൂൾ ബാഗ് - എല്ലാം ഒരു റെട്രോ ഫീലിനായി യഥാർത്ഥ ബ്രൗൺ ലെതറിൽ പൂർത്തിയാക്കിയിരിക്കുന്നു. ഫ്ലോട്ടിംഗ് സീറ്റും ലോഗോയും ലഭിക്കുന്നു. യുഎസ്‍ഡി ഫ്രണ്ട് ഫോർക്കുകൾ, സ്ലിക്ക് ടയറുകൾ, ദീർഘചതുരാകൃതിയിലുള്ള സ്‌പോക്കുകൾ, ഷാർപ്പായിട്ടുള്ള എൽഇഡി ഹെഡ്‌ലൈറ്റ് & ഡിആർഎല്ലുകൾ, മുന്നിൽ 'സ്കോഡ' ലോഗോ തുടങ്ങിയവയും സ്ലാവിയ ബി ഇലക്ട്രിക് കഫേ റേസറിൽ ലഭിക്കുന്നു.
നിലവിൽ ഈ ബൈക്ക് പ്രൊഡക്ഷൻ രൂപത്തിൽ പുറത്തിറക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് ഡിസൈനർ റൊമെയ്ൻ ബുക്കൈൽ രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക കൺസെപ്റ്റ് മോഡലാണിത്.