ട്രെയിന്‍ പാളം തെറ്റി; എഞ്ചിന്‍ മണ്ണില്‍ പൂഴ്‍ന്നു!

By Web TeamFirst Published May 20, 2020, 10:13 AM IST
Highlights

കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ജയ്‍പൂരിലേക്ക് പോകകയായിരുന്ന ട്രെയിന്‍ മംഗളൂരുവില്‍ പാളം തെറ്റി. 

കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി ജയ്‍പൂരിലേക്ക് പോകകയായിരുന്ന ട്രെയിന്‍ മംഗളൂരുവില്‍ പാളം തെറ്റി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ മംഗളൂരു ജംങ്ഷന്‍ സ്റ്റേഷന് സമീപം പടീലില്‍ ആയിരുന്നു അപകടം. 

തിരൂരില്‍ നിന്ന് 1452 അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോകുകയായിരുന്ന ശ്രമിക് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. തിങ്കളാഴ്ച്ച രാത്രി ഒമ്പതിനാണ് 1452 തൊഴിലാളികളുമായി ട്രെയിന്‍ തിരൂരില്‍ നിന്ന് യാത്ര തുടങ്ങിയത്. ട്രെയിനിന്‍റെ ഒരു എഞ്ചിന്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് പുറത്തേക്ക് തെന്നി മാറി മണ്ണില്‍ പൂണ്ട നിലയിലാണ്. രണ്ടാമത്തെ എഞ്ചിന്റെ 2 ജോഡി ചക്രങ്ങളും മണ്ണില്‍ പൂണ്ടു പോയി. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുള്ള മെക്കാനിക്കല്‍ വിഭാഗം അപകടത്തില്‍ പെട്ട എഞ്ചിന്‍ ബോഗികളില്‍ നിന്ന് വേര്‍പെടുത്തി.

തുടര്‍ന്ന് പുതിയ എഞ്ചിനുമായി ട്രെയിന്‍ യാത്ര പുനരാരംഭിച്ചു. മണ്ണില്‍ പൂണ്ട എഞ്ചിനുകള്‍ തിരിച്ചെടുക്കാന്‍ ക്രെയിന്‍ എത്തിച്ചുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.  കഴിഞ്ഞ ഓഗസ്റ്റില്‍ മണ്ണിടിച്ചില്‍ ഉണ്ടായ കുലശേഖര തുരങ്കത്തിന് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. ദുരിതബാധിത സ്ഥലത്ത് ട്രാക്ക് പുനസ്ഥാപിക്കുന്നതിനുള്ള അവസാന പ്രവൃത്തിയിലാണ് സതേണ്‍ റെയില്‍വേ.

click me!