
ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ടാറ്റയുടെ കാറുകൾ വളരെ ജനപ്രിയമാണ്. കഴിഞ്ഞ മാസം, അതായത് 2025 ജൂലൈയിൽ, കമ്പനിയുടെ ജനപ്രിയ എസ്‌യുവികളായ ടാറ്റ പഞ്ച്, നെക്‌സോൺ എന്നിവയ്ക്ക് 10,000ത്തിൽ അധികം ഉപഭോക്താക്കളെ ലഭിച്ചു എന്നത് ഈ ജനപ്രിയതയുടെ തെളിവാണ്. എങ്കിലും അതേ കാലയളവിൽ, കമ്പനിയുടെ ജനപ്രിയ സെഡാനായ ടാറ്റ ടിഗോർ നിരാശപ്പെടുത്തി. കഴിഞ്ഞ മാസം ടാറ്റ ടിഗോർ വാങ്ങിയത് 968 പേർ മാത്രമാണ്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 1495 എണ്ണം വിറ്റ സ്ഥാനത്താണ് ഈ ഇടിവ്. ഇതനുസരിച്ച് ടിഗോർ വിൽപ്പനയിൽ 35 ശതമാനം വാർഷിക ഇടിവ് സംഭവിച്ചു. കഴിഞ്ഞ മാസം ടാറ്റയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള മോഡലായിരുന്നു ടിഗോർ.
ടാറ്റ ടിഗോറിൽ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, റിയർ പാർക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു. സുരക്ഷയ്ക്കായി, ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസർ, ഉയർന്ന കരുത്തുള്ള ബോഡി ഘടന എന്നിവ ഇതിലുണ്ട്. ഒതുക്കമുള്ള ഡിസൈൻ ഉണ്ടായിരുന്നിട്ടും, ബൂട്ട് സ്പേസ് 419 ലിറ്ററാണ്, ഇത് ഈ സെഗ്‌മെന്റിൽ മികച്ചതായി കണക്കാക്കപ്പെടുന്നു.
ടിഗോറിന്‍റെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ ഈ കാറിന് 1.2 ലിറ്റർ, 3-സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ പരമാവധി 86 bhp പവറും 113 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി (ഓട്ടോമാറ്റിക്) ഗിയർബോക്സ് ഓപ്ഷനുകളിൽ ഈ കാർ ലഭ്യമാണ്. മൈലേജിന്റെ കാര്യത്തിൽ കൂടുതൽ ലാഭകരമായ സിഎൻജി പതിപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നു. ടാറ്റ ടിഗോറിന്റെ എക്സ്-ഷോറൂം വില ഏകദേശം 6 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് ടോപ്പ് വേരിയന്റിൽ 8.50 ലക്ഷം രൂപ വരെ ഉയരുന്നു.
ടിഗോറിന്റെ മോശം പ്രകടനത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടാകാമെന്ന് വാഹനമേഖലയിലെ വിദഗ്ധർ വിശ്വസിക്കുന്നു. പല ഉപഭോക്താക്കളും ഇപ്പോൾ എസ്‌യുവികളിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനാൽ സെഡാനുകളുടെ ആവശ്യം കുറയുന്നു. ഇതിനുപുറമെ, ടിഗോറിന്റെ രൂപകൽപ്പനയ്ക്കും സവിശേഷതകൾക്കും വളരെക്കാലമായി വലിയ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല.അതിനാൽ വിപണിയിൽ അത് അൽപ്പം പഴയതായി കാണുന്നതും വിൽപ്പന കുറയ്ക്കാൻ ഇടയാക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.