പ്രളയ ജലത്തില്‍ രക്ഷകരായി മഹീന്ദ്ര ഥാര്‍ ഗ്രൂപ്പ്

By Web TeamFirst Published Aug 21, 2018, 3:18 PM IST
Highlights

പ്രളയഭൂമിയില്‍ നിന്നും ആയിരങ്ങളെ കൈപിടിച്ചുയര്‍ത്തി ഓഫ്‍ റോഡ് വാഹന പ്രേമികളുടെ കൂട്ടായ്‍മ

കാഴ്‍ചയില്‍ സിനിമകളിലെ വില്ലന്മാരെ ഓര്‍മ്മിപ്പിക്കുന്ന ചില മനുഷ്യരുണ്ട്. അഹങ്കാരികളെന്നും ധിക്കാരികളെന്നുമൊക്കെ ഒറ്റ നോട്ടത്തില്‍ നമ്മള്‍ വിധിയെഴുതുന്നവര്‍. എന്നാല്‍ ഒരുപക്ഷേ നമ്മള്‍ പുറമേ കാണുന്നതുപോലെ ആയിരിക്കില്ല അവരുടെ മനസ്. സ്‍നേഹിക്കാനും സഹായിക്കാനും മാത്രം അറിയുന്ന ഹൃദയത്തിന്‍റെ ഉടമകളാവും ഒരുപക്ഷേ അവര്‍. 

പറഞ്ഞു വരുന്നത് അത്തരം മനുഷ്യരോടെന്ന പോലെ നമ്മളില്‍ ഭൂരിഭാഗവും അകല്‍ച്ച കാണിക്കുന്ന ചില വാഹനങ്ങളെക്കുറിച്ചാണ്.  വലിയ ടയറുകളും ഉയർന്ന സ്നോർക്കലും ഹെവി ഡ്യൂട്ടി വിഞ്ചുമൊക്കെക്കാരണം പൊതുബോധത്തിന്‍റെ പുച്ഛവും പരിഹാസവും വെറുപ്പുമൊക്കെ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ഈ ഓഫ്റോ‍ഡ് ജീപ്പുകളോട് നാട്ടുകാര്‍ക്കും  മോട്ടോർവാഹന ഉദ്യോഗസ്ഥര്‍ക്കുമൊക്കെ മേല്‍പ്പറഞ്ഞ മനുഷ്യരോടുള്ള അതേ മനോഭാവമായിരുന്നു ഇക്കാലമത്രയും. അനാവശ്യമായി പണം മുടക്കി അടിച്ചുപൊളിക്കുന്നവർ എന്ന ചീത്തപ്പേരുള്‍ക്ക് ഉടമകളായിരുന്നു മിക്ക ഓഫ്റോ‍ഡ് ജീപ്പുടമകളും. എന്നാൽ ഈ ചീത്തപേരുകളെല്ലാം കഴുകി കളഞ്ഞിരിക്കുന്നു കേരളത്തെ ഞെട്ടിച്ച പ്രളയം. ആളെക്കൊല്ലികൾ എന്ന ചീത്തപ്പേരു മാറ്റിയ ടിപ്പറുകള്‍ക്കും ടോറസുകള്‍ക്കുമൊക്കെയൊപ്പം ഈ ഓഫ്റോ‍ഡ് വാഹനങ്ങളും ആയിരങ്ങളെയാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്.

സോഷ്യല്‍ മീഡിയകളിലൂടെ കൈമാറിയ സന്ദേശങ്ങള്‍ പങ്കവച്ചാണ് സംസ്ഥാനത്തെ ഓഫ് റോഡ് പ്രേമികള്‍ പ്രളയഭൂമിയില്‍ കൈകോര്‍ത്തത്. രാജ്യത്തെ ആഭ്യന്തരവാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഐക്കണിക്ക് മോഡല്‍ ഥാറിന്‍റെ പേരിലുള്ള ഥാര്‍ ക്ലബ്ബിന്‍റെ നേതൃത്വത്തിലായിരുന്നു മുഖ്യരക്ഷാപ്രവര്‍ത്തനങ്ങള്‍. കോഴിക്കോട്ടെ കേരള അഡ്വഞ്ചറസ് സ്പോര്‍ട്സ് ക്ലബ്ബ്, ഫ്ലൈ വീല്‍ ആന്‍ഡ് ഹെയില്‍ ഫിറ്റ്നെസ് ക്ലബ്ബ്, കെടിഎം ജീപ്പേഴ്‍സ് കോട്ടയും, ട്രിവാന്‍ഡ്രം ജീപ്പേഴ്‍സ്, ക്വയിലോണ്‍ ഓഫ് റോഡേഴ്‍സ് തുടങ്ങിയവരൊക്കെ ഈ ദൗത്യത്തില്‍ കൈകോര്‍ത്തു.

ആയിരങ്ങളുടെ ജീവനാണ് ഈ ഓഫ് റോഡ് ജീപ്പുകളും ഡ്രൈവര്‍മാരും ചേര്‍ന്ന് പ്രളയ ജലത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയത്. ആലുവ ദേശം പ്രദേശത്തു നിന്ന് ക്ലബ്ബ് അംഗമായ കെ സുരേഷ് ഒരു പിഞ്ചുകുഞ്ഞിന്‍റെ ജീവനാണ് രക്ഷിച്ചത്. വീടുകളില്‍ കുടുങ്ങിക്കിടന്നവര്‍ക്ക് ഭക്ഷണവും ശുദ്ധജലവും മരുന്നുമൊക്കെ എത്തിക്കാനും രക്ഷാപ്രവര്‍ത്തകരെയും സന്നദ്ധസേവകരെയുമൊക്കെ  എത്തിക്കാനുമൊക്കെ ഗ്രൂപ്പ് അംഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഈ വാഹനങ്ങള്‍ ഏറെ സഹായകമായി. 

റോഡുകളിൽ ഒരാൾ പൊക്കത്തിൽ വെള്ളം. കുത്തൊഴുക്ക്. ഒറ്റപ്പെട്ട പ്രദേശങ്ങൾ നിരവധി. മറ്റെല്ലാ വാഹനങ്ങളും പരാജയപ്പെട്ട അവസ്ഥ. സമാനതകൾ ഇല്ലാത്ത വെള്ളപ്പൊക്കത്തിൽ ജനം പകച്ചു നിന്ന മണിക്കൂറുകള്‍. വെള്ളം കയറിയ പൊട്ടിപൊളിഞ്ഞ റോഡുകളിലൂടെ അനായാസേന സഞ്ചരിക്കാനുള്ള ജീപ്പുകളുടെ കഴിവാണ് ഇവിടെ തുണയായത്. 

ഫോര്‍ വീൽ ഡ്രൈവുള്ള വാഹനങ്ങളായതുകൊണ്ട് റോഡില്ലാത്ത സ്ഥലങ്ങളിലൂടെയും എളുപ്പം സഞ്ചരിക്കാൻ കഴിഞ്ഞു. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമൊക്കെ പരിഹസിച്ചിരുന്ന വലിയ ടയറുകളും ഉയർന്ന എയർ ഇൻടേക്കുകളുമൊക്കെയാണ് പ്രളയത്തില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതെന്ന് പറയുമ്പോള്‍ ഈ വാഹന പ്രേമികളുടെ ശബ്ദത്തില്‍ അഭിമാനം.  

ലക്ഷങ്ങൾ വിലയുണ്ട് ഈ ഓഫ് റോഡ് വാഹനങ്ങള്‍ക്ക്. എന്നാല്‍ നിരന്തരം വെള്ളത്തിലൂടെ ഓടി കേടുപാടുകൾ സംഭവിച്ചിട്ടും അതൊന്നും വകവയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രം മുഴുകുകയായിരുന്നു ഇവര്‍. ഈ വാഹനങ്ങളെ കാണുമ്പോള്‍ ചിലരെങ്കിലും ഇനി സ്‍നേഹത്തോടെയൊന്നു നോക്കിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ഈ വാഹനപ്രേമികള്‍. വദനത്തേക്കാള്‍ വിശ്വസ്തം ഹൃദയമാണെന്ന പഴ‍ഞ്ചൊല്ല് ഈ വാഹനങ്ങള്‍ കാരണം ജീവിതത്തിലേക്ക് കയറി വന്നവരെങ്കിലും ഇനി ഒരിക്കലും മറക്കാനിടയില്ല.


 

click me!