Latest Videos

കാര്‍ ഥാര്‍ ആകുന്നത് ഇങ്ങനെ; വീഡിയോ വൈറല്‍!

By Web TeamFirst Published Nov 7, 2018, 12:05 PM IST
Highlights

മാരുതി 800ന്‍റെയും മഹീന്ദ്ര ഥാറിന്‍റെയും ജനപ്രിയതയുടെ തെളിവാകുകയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്ന ഒരു വീഡിയോ. മാരുതി 800നെ മഹീന്ദ്ര ഥാര്‍ ആക്കി മാറ്റുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ താരം. 

ഇന്ത്യയില്‍ വാഹന വിപ്ലവത്തിന് തുടക്കം കുറിച്ച കാര്‍ മോഡലായിരുന്നു മാരുതി സുസുകിയുടെ മാരുതി 800. മൂന്നു പതിറ്റാണ്ടോളം നിരത്തുകള്‍ കീഴടക്കിയ ഈ കാര്‍ 2014ല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നുണ്ട്. 2010ലാണ് രാജ്യത്തെ ആഭ്യന്തരവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എന്ന ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിക്കുന്നത്. മഹീന്ദ്രയുടെ ക്ലാസിക്ക് മോ‍ഡലുകളെ അനുസ്മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. മാരുതി 800ന്‍റെയും മഹീന്ദ്ര ഥാറിന്‍റെയും ജനപ്രിയതയുടെ തെളിവാകുകയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രചരിക്കുന്ന ഒരു വീഡിയോ. മാരുതി 800നെ മഹീന്ദ്ര ഥാര്‍ ആക്കി മാറ്റുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ താരം. 

മധ്യപ്രദേശിലെ ബര്‍വാനിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ മാരുതി 800നെ ഥാര്‍ ആക്കി മാറ്റുന്നതിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. ബര്‍വാനിയിലെ കദ്രി ഓട്ടോ ഗാരേജാണ് ഈ രൂപമാറ്റത്തിനു പിന്നില്‍. 

മാരുതിയുടെ റൂഫ് ഒഴിവാക്കിയതാണ് 800നെ ഥാര്‍ ആക്കുന്നതിലെ പ്രധാന മാറ്റം. ഒപ്പം മുന്നിലെ ബമ്പര്‍ മാറ്റി ഓഫ് റോഡ് ബമ്പറും ജീപ്പിന്‍റെ ഇന്‍ഡിക്കേറ്ററും നല്‍കി. സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിനായി വീതിയുള്ള ടയറും വലിയ സൈഡ് മിററും നല്‍കി. ഒപ്പം ബോണറ്റിന് മുകളില്‍ വലിയ ഒരു തകിട് ഘടിപ്പിച്ച് സുസുക്കിയുടെ ബാഡ്ജും എല്‍ഇഡി ലൈറ്റുകളും കൂടി നല്‍കിയതോടെ ഥാറിലേക്കുള്ള മാറ്റം ഏറെക്കുറേ പൂര്‍ണമായി.

രൂപം മാറിയെങ്കിലും സാങ്കേതികമായി മാറ്റമൊന്നും വരുത്തിയിട്ടില്ല. മാരുതി 800ന്‍റ തന്നെ 37 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 796 സിസി മൂന്ന് സിലണ്ടര്‍ എന്‍ജിനാണ് ഈ ഥാറിന്‍റെയും ഹൃദയം. നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രസിദ്ധമാണ് കദ്രി ഓട്ടോ ഗാരേജ് എന്ന സാധാരണ വര്‍ക്ക് ഷോപ്പ്. ഏകദേശം 92,000 രൂപയാണ് മാരുതി 800നെ ഥാര്‍ ആക്കാനായി ചെലവായത്.  

click me!