
ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് ആര്യ. വേറിട്ട അവതരണ ശൈലികൊണ്ടും താരജാഡകളില്ലാത്ത സംസാരം കൊണ്ടും വലിയൊരു സ്ഥാനം തന്നെയാണ് താരം ആരാധകരുടെ മനസില്‍ നേടിയെടുത്തത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന്റെ വെള്ളിവെളിച്ചത്തിലേക്കും ആര്യ എത്തിയിരിക്കുന്നു.
ബഡായി ബംഗ്ലാവാണ് ആര്യയുടെ കരിയര്‍ മാറി മറ്റിമറിച്ചതെന്ന് നിസംശയം പറയാനാകും. ആ വേദിയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ബേസില്‍ ജോസഫ് കുഞ്ഞിരാമായണം എന്ന ചിത്രത്തിലേക്ക് ആര്യയെ ക്ഷണിച്ചത്. ചെറുതെങ്കിലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരു വേഷമായിരുന്നു അത്. അടുത്ത സുഹൃത്ത് രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വന്‍ അടക്കം പതിനഞ്ചോളം ചിത്രങ്ങളില്‍ ആര്യ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകഴിഞ്ഞു.
ഏഷ്യാനെറ്റില്‍ സംരക്ഷണം ചെയ്യുന്ന സ്റ്റാര്‍ട്ട് മ്യൂസിക്, ആരാദ്യം പാടും മ്യൂസിക്കല്‍ ഗെയിം ഷോയിലെ അവതാരകയുമാണ് ആര്യ ഇപ്പോള്‍. വെള്ളി, ശനി ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നും ആര്യയുടെ സാന്നിധ്യമാണ്.
സമൂഹമാധ്യമങ്ങളിലും ആര്യ സജീവമാണ്. സിംഗിള്‍ പേരന്റായ താരം മകള്‍ റോയയുമൊത്തുള്ള നിമിഷങ്ങളാണ് ഏറ്റവും കൂടുതലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെക്കാറുള്ളത്. തനിക്ക് അഭിനയം മാത്രമല്ല ഫാഷന്‍ ഡിസൈനിങ്ങും വഴങ്ങുമെന്ന് തെളിയിച്ച താരം 2018-ല്‍ വഴുതക്കാട് ഒരു ബുട്ടീക്കും തുടങ്ങിയിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ ടൂവില്‍ പതിനേഴ് മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ആര്യ. ബിഗ് ബോസ് ഹൗസില്‍ ആര്യ എത്രദിവസം ഉണ്ടാവുമെന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ