ഗാനമേള പ്രേമികള്‍ നെഞ്ചേറ്റിയ സോമദാസ് ഇനി ബിഗ് ബോസില്‍

By Web TeamFirst Published Jan 5, 2020, 9:27 PM IST
Highlights

ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ  സോമദാസ്.


ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് സോമദാസ്. തന്റെ ശബ്ദമാധുര്യം കൊണ്ടും വേഗമുള്ള പാട്ടുകളിലൂടെയും ആരാധക ഹൃദയങ്ങളില്‍ ചെറുതല്ലാത്ത സ്ഥാനം നേടിയെടുക്കാന്‍ സോമദാസിനായി. ഗാനമേള പ്രേമികള്‍ എന്നും ഹര്‍ഷാരവത്തോടെ എതിരേല്‍ക്കുന്ന സോമദാസാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഒരു മത്സരാര്‍ഥി.

കഴിഞ്ഞ 23 വര്‍ഷമായി സംഗീത വേദികളില്‍ ഉജ്ജ്വല സാന്നിധ്യമായ സോമദാസ് 2008, 2009 കാലഘട്ടത്തിലാണ് സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. മലയാളത്തിന്റെ എക്കാലത്തെയും അനശ്വര നടന്‍ കലാഭവന്‍ മണിയുമായുള്ള പരിചയം കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ഈ ഗായകന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറി. മൂന്ന് വര്‍ഷം പാട്ടിന്റെ ലോകത്ത് നിന്നും ഇടവേളയെടുത്ത സോമദാസ് വിദേശ വാസത്തിന് ശേഷം നാട്ടിലെത്തി പഴയ ഊര്‍ജ്ജസ്വലതയോടെ ഗാനമേള വേദികളില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെക്കുകയായിരുന്നു.

എസ് എന്‍ കോളെജില്‍ ഫസ്റ്റ് ഇയറിന് പഠിക്കുമ്പോഴാണ് സോമദാസ് സംഗീതത്തിലേക്ക് കടന്നുവരുന്നത്. തമിഴില്‍  രജനീകാന്തിന്റെ ബാഷ എന്ന സിനിമയിലെ 'നാന്‍ ആട്ടോക്കാരന്‍...' എന്ന് തുടങ്ങുന്ന പാട്ടുപാടി സഹപാഠികളെ കയ്യിലെടുക്കാന്‍ അന്ന് സോമദാസിനായി. പിന്നീട് ഇങ്ങോട്ട് തട്ടുപൊളിപ്പന്‍ പാട്ടുകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയും അദ്ദേഹം ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.

കലാഭവന്‍ മണിയിലൂടെയും സംഗീത സംവിധായകന്‍ ശരത്തിലൂടെയും മികച്ച പാട്ടുകള്‍ പാടാന്‍ സോമദാസിനായിട്ടുണ്ട്.

നിരവധി സ്റ്റേജ് ഷോകളിലൂടെയും മറ്റും പാട്ടിന്റെ ലോകത്ത് വിസ്‍മയം തീര്‍ക്കുന്ന സോമദാസ് ഇന്നുമുതല്‍ ബിഗ് ബോസ് ഹൗസിലെ ശ്രദ്ധേയ സാന്നിധ്യമാണ്. സംഗീതത്തിന്റേതായ നിരവധി മുഹൂര്‍ത്തങ്ങളാവും പ്രേക്ഷകരെ കാത്തിരിക്കുന്നത്.

click me!