എലിമിനേഷനില്‍ അവര്‍ അഞ്ചുപേര്‍; പുറത്തേക്കുള്ള വീഴ്ചയില്‍ പിടിവള്ളി തേടുന്നവര്‍ ആരൊക്കെ?!

By Web TeamFirst Published Mar 1, 2020, 8:08 PM IST
Highlights

ബിഗ് ബോസ് വീട് എപ്പോഴും ശോകമൂകമാകുന്നത് എവിക്ഷന്‍ എപ്പിസോഡുകളിലാണ്. ഇത്തവണ ശനിയാഴ്ച മോഹന്‍ലാല്‍ എത്തിയപ്പോള്‍ അവസാന നിമിഷം വരെ പ്രതീക്ഷിച്ചതും എവിക്ഷൻ ഉണ്ടാകുമോ എന്നതായിരുന്നു. 

ബിഗ് ബോസ് വീട് എപ്പോഴും ശോകമൂകമാകുന്നത് എവിക്ഷന്‍ എപ്പിസോഡുകളിലാണ്. ഇത്തവണ ശനിയാഴ്ച മോഹന്‍ലാല്‍ എത്തിയപ്പോള്‍ അവസാന നിമിഷം വരെ പ്രതീക്ഷിച്ചതും എവിക്ഷൻ ഉണ്ടാകുമോ എന്നതായിരുന്നു. എന്നാല്‍ ശനിയാഴ്ച ഫുക്രു രക്ഷപ്പെട്ടു എന്നറിയിച്ച് എല്ലാം ഇന്നത്തേക്ക് മാറ്റിവച്ച് മോഹന്‍ലാല്‍ പോയി. ഈ എപ്പിസോഡിന് മുമ്പ് ഇത്തവണ എവിക്ഷന്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചവരും ഉണ്ടായിരുന്നു. പുറത്തേക്ക് പോയ മൂന്നുപേര്‍ കൂടി എത്തിയത് എവിക്ഷന്‍ ഉണ്ടാകുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്. ഒരാളോ രണ്ടുപേരോ എന്നതില്‍ മാത്രമാണ് സംശയമുള്ളത്.

കളി 57ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ ഇനിയുള്ള ആഴ്ചകളിലെല്ലാം തന്നെ എവിക്ഷന്‍ ഉണ്ടാകുമെന്ന് വേണം കരുതാന്‍. പ്രക്ഷകരുടെ തീരുമാനത്തിന്‍റെ ഭാഗമായി ആരൊക്കെ പുറത്തേക്ക് പോകുമെന്നതാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആറ് പേരുണ്ടായിരുന്ന എവിക്ഷന്‍ ലിസ്റ്റില്‍ സേഫായതോടെ പുതിയ ക്യാപ്റ്റനാകാനും ഫുക്രുവിന് കഴിയും. അതേസമയം ബാക്കിയുള്ളവര്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ആര്യ, രജിത്, വീണ, സൂരജ്, ജസ്‍ല എന്നിവരാണ് ആ അഞ്ചുപേര്‍. മുന്‍ എലിമിനേഷനില്‍ ഒരു വട്ടമൊഴികെ എല്ലാ സമയത്തും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടും, ഒരിക്കല്‍ പോലും രജിത്തിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ല.  

ആര്യയാകട്ടെ കഴിഞ്ഞതവണ ആദ്യമായി നോമിനേറ്റ് ചെയ്തപ്പോള്‍ തന്നെ ധൈര്യപൂര്‍വ്വം പ്രേക്ഷകരുടെ വോട്ട് തേടി. കയ്യിലുണ്ടായിരുന്ന എലിമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിക്കാതെ വോട്ടിങ് നേരിട്ട് പുറത്തുപോവാതെ നില്‍ക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്തു. ആ ധൈര്യം തന്നെയാണ് ഇത്തവണയും ആര്യയ്ക്ക് കൂട്ടിനുള്ളത്. വീണയാകട്ടെ വന്നതുമുതല്‍ എലിമിനേഷനിലുണ്ടായിട്ടും പുറത്തേക്കുള്ള വഴിതെളിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിട്ടില്ലെന്ന ധൈര്യത്തിലുമാണ്. 

അടുത്തത് സൂരജാണ്, തന്‍റേതായ ഒരിടം കണ്ടെത്താനോ സജീവമായി കളിക്കാനോ ഒന്നും സൂരജിന് കഴിഞ്ഞിട്ടില്ല. ആരും നോമിനേറ്റ് ചെയ്യപ്പെടാതിരുന്ന സൂരജ് അപ്രതീക്ഷിതമായാണ് എലിമിനേഷനിലേക്ക് എത്തിയതും. ഒരു ഗെയിമിന് അവസാനം ജസ്‍ലയും സൂരജും പരസ്പരം, ഇഷ്ടമുള്ളവര്‍ ഇവിടെ നില്‍ക്കാനും മറ്റേയാള്‍ നേരിട്ട് നോമിനേഷനിലേക്ക് പോകാനും ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു. ജസ്‍ല വീട്ടില്‍ നില്‍ക്കാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ സൂരജ് ഒടുവില്‍ താന്‍ പോകാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള സൂരജിന്‍റെ പ്രകടനങ്ങളും മോശമായിരുന്നു.

നോമിനേഷനിലൂടെയാണ് ജസ്‍ല എലിമിനേഷനിലേക്കെത്തിയത്. ജസ്‍ല തുടക്കത്തില്‍ കാണിച്ച ആവേശമൊന്നും പിന്നീടുള്ള കളികളില്‍ കണ്ടില്ല. നിലപാടുകളുടെ പേരില്‍ ബിഗ്  ബോസ് വീട്ടിലെത്തിയ ജസ്‍ല രജിത്തിനോട് ആശയസംവാദത്തിന് പകരം അധിക്ഷേപവും, അവഹേളനവും മാത്രമായി സംസാരം മാറി. കാര്യങ്ങള്‍ പറഞ്ഞ് മറ്റുള്ളവരെയെങ്കിലും ബോധിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചതുമില്ല.  ഫുക്രുവില്‍ ചുറ്റിപ്പറ്റിയായിരുന്നു ഗെയിമില്‍ പോലും ജസ്‍ല പങ്കെടുത്തതെന്ന് വേണം പറയാന്‍.  എങ്കിലും കഴിഞ്ഞ എലിമിനേഷനില്‍ നിന്ന് രക്ഷപ്പെട്ടതിന്‍റെ ചെറിയൊരു ആത്മവിശ്വാസം ജസ്‍ലയ്ക്കുണ്ട്. വീട്ടില്‍ നിലനില്‍ക്കാനുള്ള സാധ്യതയില്‍ അത്, സൂരജിനേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നു എന്ന് മാത്രമേ പറയാനും സാധിക്കുകയുള്ളൂ. ആരൊക്കെ അകത്തെന്നും പുറത്തെന്നും കാത്തിരുന്നു തന്നെ കാണാം.

click me!