സൈബര്‍ ആക്രമണം; ഫുക്രുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം!

By Web TeamFirst Published Feb 15, 2020, 5:42 PM IST
Highlights

ബിഗ് ബോസ് ഹൗസില്‍ നിലവിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായ ഫുക്രുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണ് നിലവില്‍ അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫുക്രുവിനും രജിത് കുമാറിനുമിടയില്‍ ഒരു സംഘര്‍ഷം ഉടലെടുത്തിരുന്നു.
 

മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് രണ്ടാം സീസണ്‍ നാല്‍പത് ദിനങ്ങള്‍ പിന്നിടുമ്പോള്‍ പ്രധാന മത്സരാര്‍ഥികള്‍ക്കെല്ലാം ഫാന്‍ ഗ്രൂപ്പുകളുണ്ട്. ആരാധകസംഘങ്ങള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലുള്ള പോര് ചിലപ്പോഴെങ്കിലും അതിര് കടക്കാറുമുണ്ട്. ഓരോ ദിവസത്തെയും എപ്പിസോഡിനെ ആശ്രയിച്ച് ഓരോ മത്സരാര്‍ഥിയോടുമുള്ള ആരാധകരുടെ സമീപനത്തില്‍ സംഭവിക്കുന്ന വ്യത്യാസം ഇത്തരം ഗ്രൂപ്പുകളിലാണ് ആദ്യം ദൃശ്യമാവുക. തങ്ങളുടെ പ്രിയ മത്സരാര്‍ഥിയ്‌ക്കെതിരേ നിലപാടെടുക്കുകയോ സംസാരിക്കുകയോ ചെയ്യുന്ന എതിര്‍ മത്സരാര്‍ഥികള്‍ക്കെതിരേ സൈബര്‍ ക്യാംപെയ്‌നുകളും ആരാധകസംഘങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ നടന്ന ഒരു സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഒരു പ്രമുഖ മത്സരാര്‍ഥിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുകയാണ്!

ബിഗ് ബോസ് ഹൗസില്‍ നിലവിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായ ഫുക്രുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആണ് നിലവില്‍ അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വാതില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫുക്രുവിനും രജിത് കുമാറിനുമിടയില്‍ ഒരു സംഘര്‍ഷം ഉടലെടുത്തിരുന്നു. കയ്യാങ്കളിയോളമെത്തിയ ഒരു സംഘര്‍ഷമായിരുന്നു അത്. ഇതേത്തുടര്‍ന്ന് ബിഗ് ബോസ് ഇരുവരെയും കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിച്ച് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫുക്രുവിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ തോതില്‍ ആക്രമണം നടക്കാനും ആ ദിവസത്തെ എപ്പിസോഡ് കാരണമായി. 

ഇതേത്തുടര്‍ന്നാണ് ഒട്ടനവധി ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ഫുക്രുവിന്റെ വെരിഫൈഡ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുന്നത്. മാസ് റിപ്പോര്‍ട്ടിംഗ് നടന്നതിനെത്തുടര്‍ന്ന് അക്കൗണ്ട് പൂട്ടിയതാണോ അതോ ഉപയോക്താവ് തന്നെ തല്‍ക്കാലത്തേക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തതാണോ എന്നത് വ്യക്തമല്ല. ഫുക്രുവിന്റെ ഒഫിഷ്യല്‍ ടിക് ടോക്ക് അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന ഇന്‍സ്റ്റഗ്രാം ലിങ്ക് ആണിത്. നിലവില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 'യൂസര്‍ നോട്ട് ഫൗണ്ട്' എന്നാണ് കാണിക്കുന്നത്. 

click me!