'രജിത്തേട്ടന്റെ ഒരു കുഴപ്പം എന്താണെന്ന് അറിയാമോ'? മോഹന്‍ലാലിനോട് മഞ്ജു പത്രോസ്

By Web TeamFirst Published Feb 23, 2020, 1:09 AM IST
Highlights

'എന്റെയൊരു പ്രശ്‌നം എന്താണെന്നറിയാമോ ലാലേട്ടാ, അവിടെ ചെന്നുകഴിഞ്ഞപ്പോള്‍ അവിടെയുള്ളവരെ എന്റെ കുഞ്ഞ്, എന്റെ മോള്, എന്റെ ചേട്ടന്‍ എന്നൊക്കെ മനസ്സില്‍ അങ്ങ് പ്രതിഷ്ഠിച്ചു. ഗെയിമിന്റെ സമത്ത് ഇവരെ മറ്റൊരാളായി കാണാന്‍ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല..'

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍നിന്ന് പുറത്താക്കപ്പെടുന്ന മത്സരാര്‍ഥികള്‍ മോഹന്‍ലാലില്‍ നിന്ന് പ്രഖ്യാപനം ഉണ്ടാവുന്ന സമയത്ത് പല തരത്തിലാണ് പ്രതികരിച്ചിട്ടുള്ളത്. പോകുന്നതിന്റെ സങ്കടവും നിരാശയുമൊക്കെയാണ് പലരും പങ്കുവച്ചിട്ടുള്ളത്. എന്നാല്‍ അതില്‍നിന്നൊക്കെ വ്യത്യസ്തയായിരുന്നു ഇന്ന് എലിമിനേഷന്‍ ലഭിച്ച മഞ്ജു പത്രോസ്. പുറത്ത് വേദിയിലെത്തി മോഹന്‍ലാലിനോട് സംസാരിക്കവെ മഞ്ജു ഇക്കാര്യം പലതവണ പറഞ്ഞു. പോകുന്നതില്‍ തനിക്ക് സങ്കടമില്ലെന്നും 49 ദിവസംകൊണ്ട് മറ്റ് മത്സരാര്‍ഥികളുമായി സൃഷ്ടിച്ച ബന്ധത്തെക്കുറിച്ചുമൊക്കെ മഞ്ജു വാചാലയായി.

 

ഇത്രയും മനുഷ്യരെ കണ്ടിട്ട് എനിക്ക് സങ്കടം വരുന്നുവെന്നായിരുന്നു വേദിയിലെത്തിയ മഞ്ജുവിന്റെ ആദ്യ പ്രതികരണം. 'ഭയങ്കര പാടാ കേട്ടോ അതിന്റുള്ളില്. നമ്മള് വിചാരിക്കുന്നപോലെയൊന്നും അല്ല' എന്നും മഞ്ജു പറഞ്ഞു. പ്രേക്ഷകരോട് എന്താണ് പറയാനുള്ളതെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് അത് അറിയില്ലെന്നായിരുന്നു മറുപടി. 49 ദിവസം അവിടെ കഴിയാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നോ എന്ന് പിന്നാലെ മോഹന്‍ലാലിന്റെ ചോദ്യം. അതിനുള്ള മഞ്ജുവിന്റെ മറുപടി ഇങ്ങനെ- 'ഇല്ല. രണ്ടാഴ്ചയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. എന്റെയൊരു പ്രശ്‌നം എന്താണെന്നറിയാമോ ലാലേട്ടാ, അവിടെ ചെന്നുകഴിഞ്ഞപ്പോള്‍ അവിടെയുള്ളവരെ എന്റെ കുഞ്ഞ്, എന്റെ മോള്, എന്റെ ചേട്ടന്‍ എന്നൊക്കെ മനസ്സില്‍ അങ്ങ് പ്രതിഷ്ഠിച്ചു. ഗെയിമിന്റെ സമത്ത് ഇവരെ മറ്റൊരാളായി കാണാന്‍ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല', മഞ്ജു പറഞ്ഞു.

പുറത്ത് പോയാല്‍ സങ്കടം വരില്ലേയെന്നും അകത്തുള്ളവരെ മിസ് ചെയ്യില്ലേയെന്നുമുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് 'ഇല്ല, അവര്‍ ഓരോരുത്തരായി പുറത്തേക്ക് വരില്ലേ, ഞാന്‍ വെയ്റ്റ് ചെയ്‌തോളാമെന്ന് മറുപടി. പിന്നീട് രജിത്തുമായി ഹൗസിലുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചും മോഹന്‍ലാലുമായി മഞ്ജു സംസാരിച്ചു. രജിത്തിനെക്കുറിച്ച് മഞ്ജു പങ്കുവച്ച നിരീക്ഷണം ഇങ്ങനെ- 'രജിത്തേട്ടന്റെ ഒരു കുഴപ്പം എന്താണെന്നറിയാമോ, വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളൊക്കെ വരുമല്ലോ.. അപ്പോള്‍ പുറത്തുനിന്ന് വരുന്നവര് ഗെയിം ഒക്കെ കണ്ടിട്ട് വന്നിട്ട്, രജിത്തേട്ടന്‍ ഭയങ്കര സംഭവമാണെന്ന് മനസിലാക്കി, അദ്ദേഹത്തിനടുത്ത് പോയിട്ട് നിങ്ങള് ഭയങ്കര സൂപ്പറാണെന്ന് പറയും. പിന്നെ രജിത്തേട്ടന് വേറെ ആരെയും വേണ്ട. ഈ വന്നവരെ അങ്ങ് സ്വന്തമായിട്ട് എടുക്കും. ബാക്കിയുള്ളവരൊക്കെ പിന്നെ ശത്രുക്കളാണ്. എന്റെ മുന്നില്‍വച്ചാണ് സുജോയുടെ മുഖം ഉപ്പുമാങ്ങ പോലെയാണെന്ന് പറഞ്ഞത്', മഞ്ജു മോഹന്‍ലാലിനോട് പറഞ്ഞു.

 

എന്നാല്‍ അത് ഒരു തമാശയ്ക്ക് പറഞ്ഞതാവുമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കുന്നവര്‍ക്കും തോന്നണ്ടേ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. 'അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് വിഷമം വരും. എന്റെ അനിയനായിട്ടൊക്കെ കാണുന്ന ആളല്ലേ സുജോ' എന്നും മഞ്ജുവിന്റെ പ്രതികരണം. കുറേക്കാലമായിട്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളൊന്നും നടക്കാത്തതിനാല്‍ വേറെ രക്ഷയില്ലാതെ രജിത് അവിടെയുള്ളവരെ ഇപ്പോള്‍ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നും മഞ്ജു പ്രതികരിച്ചു. പിന്നീട് മോഹന്‍ലാലിനൊപ്പം ലൈവ് സ്‌ക്രീനിലൂടെ ഹൗസിലുള്ളവരെ കണ്ടപ്പോള്‍ യാത്ര പറയുംമുന്‍പ് രജിത്തിനോടാണ് മഞ്ജു അവസാനിമായി സംസാരിച്ചത്. 'രജിത്തേട്ടാ, ഞാന്‍ വീണ്ടും പറയുകയാണ്, രജിത്തേട്ടന്‍ എല്ലാവരെയും സ്‌നേഹിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചും ഒരുപാട് സ്‌നേഹം കിട്ടും. ആരെയും മാറ്റിനിര്‍ത്തരുത്, പ്ലീസ്', മഞ്ജു പറഞ്ഞുനിര്‍ത്തി.

click me!