സൂരജിന് പിന്നാലെ ഒരാള്‍കൂടി പുറത്ത്! പ്രഖ്യാപിച്ച് മോഹന്‍ലാല്‍

By Web TeamFirst Published Mar 1, 2020, 10:26 PM IST
Highlights

സൂരജിന് ശേഷം ലിസ്റ്റില്‍ അവശേഷിച്ച നാല് പേരോടും എണീറ്റുനില്‍ക്കാന്‍ പറയുകയായിരുന്നു മോഹന്‍ലാല്‍. ഇതില്‍ 'എലിമിനേഷന്‍ ഫ്രീ കാര്‍ഡ്' ഇപ്പോള്‍ ഉപയോഗിച്ചാല്‍ മതിയായിരുന്നെന്ന് തോന്നുന്നുണ്ടോ എന്ന് മോഹന്‍ലാല്‍ ജസ്ലയോട് ചോദിച്ചു.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഒന്‍പതാം ആഴ്ച ആരംഭിക്കുമ്പോള്‍ രണ്ട് എലിമിനേഷനുകള്‍ തുടര്‍ച്ചയായി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ആര്യ, വീണ, ഫുക്രു, ജസ്ല, സൂരജ്, രജിത് എന്നിവരായിരുന്നു ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍. അതില്‍ ഫുക്രു ഈ വാരം സുരക്ഷിതനാണെന്ന് ശനിയാഴ്ച എപ്പിസോഡില്‍ത്തന്നെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ലിസ്റ്റില്‍ ബാക്കിയുണ്ടായിരുന്ന അഞ്ച് പേരില്‍ ആര്‍ ജെ സൂരജ് പുറത്താവുന്നതായി മോഹന്‍ലാല്‍ ആദ്യം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഈയാഴ്ചത്തെ എലിമിനേഷന്‍ ഒരാളില്‍ അവസാനിക്കുന്നതായിരുന്നില്ല.

സൂരജിന് ശേഷം ലിസ്റ്റില്‍ അവശേഷിച്ച നാല് പേരോടും എണീറ്റുനില്‍ക്കാന്‍ പറയുകയായിരുന്നു മോഹന്‍ലാല്‍. ഇതില്‍ 'എലിമിനേഷന്‍ ഫ്രീ കാര്‍ഡ്' ഇപ്പോള്‍ ഉപയോഗിച്ചാല്‍ മതിയായിരുന്നെന്ന് തോന്നുന്നുണ്ടോ എന്ന് മോഹന്‍ലാല്‍ ജസ്ലയോട് ചോദിച്ചു. കാര്‍ഡ് ജസ്ല നേരത്തേ ഉപയോഗിച്ചിരുന്നു. എന്നാല്‍ അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു ജസ്ലയുടെ മറുപടി. പിന്നാലെ ഈ വാരത്തിലെ രണ്ടാമത്തെ എലിമിനേഷനും മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. സൂരജിന് പിന്നാലെ ജസ്ലയെ തന്നെയാണ് മോഹന്‍ലാല്‍ പുറത്തേക്ക് വിളിച്ചത്.

 

ആരോടെങ്കിലും എന്തെങ്കിലും പറയാനായി ബാക്കി വച്ചിട്ടുണ്ടെങ്കില്‍ പറയാമെന്ന് മോഹന്‍ലാല്‍ ജസ്ലയോട് പറഞ്ഞു. എന്നാല്‍ പറയാനുള്ളതൊക്കെ അതാത് സമയത്ത് പറഞ്ഞിട്ടുണ്ടെന്നും അങ്ങനെ ഒന്നും അവശേഷിക്കുന്നില്ലെന്നുമായിരുന്നു ജസ്ലയുടെ മറുപടി. അതേസമയം പ്രേക്ഷകരോട് പറയാനുണ്ടെന്നും ജസ്ല അറിയിച്ചു. 'ബിഗ് ബോസ് ഹൗസിലെ ഇത്രയും ദിവസങ്ങളില്‍ ഞാന്‍ ഞാന്‍ മാത്രമായിരുന്നു. മറ്റാരുമാവാന്‍ ശ്രമിച്ചിട്ടില്ല. ഇവിടെ എത്തിയപ്പോള്‍ രണ്ടാഴ്ചയാണ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോള്‍ അഞ്ചാഴ്ചയായി. എന്റെ ഇമോഷനൊക്കെ സ്വാഭാവികമായി കാണിച്ചിട്ടുണ്ട്. 24 മണിക്കൂറും ഹൗസിനുള്ളില്‍ അങ്ങനെയാണ് ജീവിച്ചിരുന്നത്. അതില്‍നിന്ന് എന്തൊക്കെയാണ് ഒരു മണിക്കൂറില്‍ പുറത്ത് പോയിരുന്നതെന്ന് അറിയില്ല', ജസ്ല പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തരോടും വ്യക്തിപരമായി യാത്ര ചോദിച്ച് ജസ്ല പുറത്തേക്കിറങ്ങുകയായിരുന്നു. 

click me!